കുട്ടികളുടെ നിഷ്കളങ്കത പലപ്പോഴും മുതിര്‍ന്നവരുടെ ലോകത്തെ അമ്പരപ്പിച്ചേക്കാം. അവര്‍ വലുതെന്ന് കരുതുന്ന പല കാര്യങ്ങളും കുട്ടികള്‍ക്ക് കളിയോ തമാശയോ ഒക്കെയായി തോന്നാന്‍ വേണ്ടിയുള്ളതേ ഉണ്ടാവൂ. അത്തരത്തില്‍ ഒരു കുഞ്ഞിന്റെ നിഷ്ക്കളങ്കതയ്ക്കു മുന്നില്‍ പുരോഹിതന് പോലും ചിരിയടക്കാന്‍ ബുദ്ധിമുട്ടുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്.
മുന്‍ ബാസ്കറ്റ്ബാള്‍ കളിക്കാരന് റെക്സ് ചാപ്മാന് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയാണ് ഇന്റര്‍നെറ്റില്‍ സംസാര വിഷയമായത്. പള്ളിയില്‍ പുരോഹിതന് മുന്നില്‍ പ്രാര്‍ത്ഥനയില്‍ പങ്കു കൊള്ളുകയാണ് ഒരു കൊച്ചുപെണ്‍കുട്ടിയും അവളുടെ അമ്മയും. പ്രാര്ത്ഥനയ്ക്കിടയില് കുട്ടിയെ അനുഗ്രഹിക്കാന്‍ വേണ്ടി പുരോഹിതന് കയ്യുയര്‍ത്തുന്നു. എന്നാല്‍ കാര്യം എന്തെന്ന് മനസ്സിലാക്കും മുന്‍പ് കുട്ടി തന്റെ കൈകൊണ്ടു ഒരു ഹൈഫൈവ് അടിച്ച് പൊട്ടിച്ചിരിയുടെ രംഗം തീര്‍ക്കുകയാണ്.
പിന്നെയും പ്രാര്‍ത്ഥന തുടര്‍ന്ന പുരോഹിതന് ചിരി അടക്കാന്‍ നന്നേ ബുദ്ധിമുട്ടി. മറുകൈകൊണ്ടു ചിരി മറച്ചു പിടിക്കാന്‍ അദ്ദേഹം ശ്രമിക്കുന്നുമുണ്ട്. കുട്ടിയുടെ നിനച്ചിരിക്കാത്ത ഹൈഫൈവില് അമ്പരന്ന കുട്ടിയുടെ അമ്മ ഉടന്‍ തന്നെ ഇടപെട്ടു. പിന്നില്‍ നിന്ന് കൊണ്ട് കുട്ടിയുടെ കൈ പിടിച്ചു കൊണ്ടാണ് പിന്നീടുള്ള നേരം അവര്‍ അവിടെ തുടര്‍ന്നത്. എന്നിരുന്നാലും നടന്നതെന്തെന്ന് മനസ്സിലായിട്ടില്ലെന്നു കുട്ടിയുടെ നില്പ്പില് തന്നെ പ്രകടമാണ്.
ഈ വീഡിയോ ഷെയര്‍ ചെയ്തവരെല്ലാം രസകരമായ കമന്റുകള്‍ ക്യാപ്ഷന്‍ നല്‍കിയിട്ടുണ്ട്. 18 സെക്കന്റ് നീളമുള്ള വീഡിയോ ടിക്ടോക്കിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. 1.8 ദശലക്ഷം വ്യൂസും കടന്ന വീഡിയോ പതിനായിരക്കണക്കിന് ലൈക്സും നേടിക്കഴിഞ്ഞു.