ENTERTAINMENTMALAYALAM

‘എമ്പുരാന്‍ തുടങ്ങാന്‍ കാത്തിരിക്കുകയാണ്, ഒരു ആരാധകനായും ഒരു സംവിധായകനായും’

നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരന്‍ മോഹന്‍ലാലിനെ നായകനാക്കി രണ്ടാമത് സംവിധാനം ചെയ്യുന്ന ചിത്രമാണ് എമ്പുരാന്‍. ഇരുവരും ഒന്നിച്ച ആദ്യ ചിത്രമായ ലൂസിഫറിന്റെ വമ്പന്‍ വിജയത്തിന് ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗമായാണ് എമ്പുരാന്‍ അണിയറയില്‍ ഒരുങ്ങുന്നത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ തകൃതിയായി മുന്നേറുന്നതിന്റെ ഓരോ ഘട്ടവും പൃഥ്വിരാജും തിരക്കഥാകൃത്ത് മുരളി ഗോപിയും ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. ചിത്രത്തിന് ആകെ മൂന്ന് ഭാഗങ്ങളാണ് ഉണ്ടാകുകയെന്നും ഇതൊരു സീരീസ് ആയി ഒരുക്കാനാണ് വിഭാവനം ചെയ്യുന്നതെന്നും അടക്കള്ള വിവിധ തരത്തിലുള്ള സൂചനകള്‍ ചിത്രത്തിന്റെ തിരക്കഥാകൃത്തായ മുരളി ഗോപി നേരത്തേ തന്നെ ഓരോഘട്ടങ്ങളിലായി തുറന്ന് പറഞ്ഞിട്ടുമുണ്ട്.
കഴിഞ്ഞ വര്‍ഷത്തെ ബ്ലോക്ക് ബസ്റ്റര്‍ ചിത്രമായിരുന്ന ലൂസിഫറിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയിലാണുള്ളത്. ചിത്രത്തിന്റെ തിരക്കഥയുടെ ഓരോ ഘട്ടങ്ങളും ദിവസേന വികസിച്ചു കൊണ്ടിരിക്കുകയാണ്. ചിത്രത്തെ കുറിച്ചുള്ള പുതിയ വിവരം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജും മുരളി ഗോപിയും ഇപ്പോള്‍. ഇരുന്നൂറു കോടി നേടിയ മലയാളത്തിലെ ആദ്യ ചിത്രം എന്ന ഖ്യാതി തന്റെ ആദ്യ സംവിധാന സംരംഭ ചിത്രത്തിലൂടെ തന്നെ സ്വന്തമാക്കിയ പൃഥ്വിരാജ് എമ്പുരാന്‍ എന്ന ചിത്രം തനിക്ക് തുടങ്ങാന്‍ നല്‍കുന്ന ആവേശത്തെക്കുറിച്ചും ആകാംക്ഷയെ കുറിച്ചും വാചാലനായിരിക്കുകയാണ്.
മുരളി ഗോപിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് പൃഥ്വിരാജ് ഇപ്പോള്‍ എമ്പുരാന്റെ പുതിയ വിശേഷം പങ്കിട്ടിരിക്കുന്നത്. എമ്പുരാന്റെ ആദ്യ പടി പേപ്പറില്‍ കണ്ടപ്പോള്‍ മുതല്‍ താന്‍ ഒരു ആരാധകനെന്ന നിലയിലും സംവിധായകനെന്ന നിലയിലും വളരെ ആവേശത്തിലാണെന്ന് കുറിച്ചുകൊണ്ടാണ് പൃഥ്വി പുതിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്. എമ്പുരാന്റെ മുഴുനീള ബ്രീഫ് നല്‍കിയെന്നും തന്റെ പ്രിയപ്പെട്ട സംവിധായക സഹോദരനാണ് ഒപ്പമുള്ളതെന്നും കുറിച്ചു കൊണ്ട് മുരളി ഗോപിയും ചിത്രം പങ്കുവെച്ചിട്ടുണ്ട്.

Related Articles

Back to top button