തിരുവനന്തപുരം: പുതിയ സാഹചര്യത്തില്‍ മാറ്റങ്ങളിലൂടെ ചരിത്രത്തിന്റെ ഭാഗമാവുകയാണ് പൃഥ്വിരാജും സംഘവും. ഇന്ത്യയിലെ ആദ്യ വിര്‍ച്വല്‍ പ്രൊഡക്ഷന്‍ സിനിമ അനൗണ്‍സ് ചെയ്തിരിക്കുകയാണ് താരമിപ്പോള്‍. വെര്‍ച്വല്‍ പ്രൊഡക്ഷന്‍ വഴി പൂര്‍ണ്ണമായും ചിത്രീകരിക്കുന്ന ഇന്ത്യയിലെ ആദ്യ ചിത്രമാണിതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. എന്നാല്‍ ചിത്രത്തിന്റെ പേരോ മറ്റു വിവരങ്ങളോ ഇപ്പോള്‍ പുറത്തുവിട്ടിട്ടില്ല. നവാഗതനായ ഗോകുല്‍രാജ് ഭാസ്കര്‍ ആണ് സംവിധാനവും തിരക്കഥയും. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തുമെന്ന് പൃഥ്വി പറയുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മാറുന്ന കാലം, പുതിയ വെല്ലുവിളികള്‍, നൂതന രീതികള്‍! പറയാന്‍ ഒരു ഇതിഹാസ കഥയും! കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുക,’എന്നാണ് പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചത്.’ആടുജീവിത’മാണ് പൃഥ്വിരാജ് ഒടുവില്‍ അഭിനയിച്ച ചിത്രം. ഏഴുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘കടുവ’യിലെ മാസ് കഥാപാത്രമാവാനുള്ള തയ്യാറെടുപ്പിലാണ് പൃഥ്വിരാജ് ഇപ്പോള്‍. ജിനു എബ്രഹാം ആണ് തിരക്കഥ ഒരുക്കുന്നത്.മാസ്റ്റേഴ്സ്, ലണ്ടന്‍ബ്രിഡ്ജ്, ആദം ജോണ്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജിനു എബ്രഹാമും പൃഥ്വിരാജും വീണ്ടുമൊന്നിക്കുന്ന സിനിമ എന്ന പ്രത്യേകതയും ‘കടുവ’യ്ക്ക് ഉണ്ട്.