BREAKING NEWSKERALALATEST

അരിതയുടെ വീട്ടില്‍ സര്‍പ്രൈസ് വിസിറ്റ് നടത്തി പ്രിയങ്ക, വീട് പൂട്ടിയിട്ടതിനാല്‍ അച്ഛനും അമ്മയും വരുന്നത് വരെ പുറത്തു കാത്തിരുന്നു

കായംകുളം: യു.ഡി.എഫ്. സ്ഥാനാര്‍ഥി അരിതയുടെ അച്ഛനും അമ്മയും പ്രിയങ്കാ ഗാന്ധിയുടെ റോഡ് ഷോ കാണാന്‍ കൃഷ്ണപുരത്ത് ദേശീയപാതയോരത്ത് കാത്തുനില്‍ക്കുകയായിരുന്നു. ഈ സമയം അരിതയുടെ വിളിവന്നു, അച്ഛനെയും അമ്മയെയും കാണാന്‍ പ്രിയങ്കാ ഗാന്ധി വീട്ടിലെത്തിയെന്ന്. വീട് പൂട്ടിയിരിക്കുകയാണ്. പ്രിയങ്കാ ഗാന്ധി സിറ്റൗട്ടില്‍ ഇരുവര്‍ക്കുമായി പത്ത് മിനിറ്റോളം കാത്തുനിന്നു. കൂടെ സുരക്ഷാ ഉദ്യോഗസ്ഥരും ജനക്കൂട്ടവും.
ചെറുപ്പം മുതലേ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അരിതയുടെ അച്ഛന്‍ തുളസീധരന് ഇതില്‍പ്പരം സന്തോഷം ഇല്ല. പ്രവര്‍ത്തകരില്‍ ആവേശം വിതറിയാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ചേപ്പാട്ടുനിന്ന് കൃഷ്ണപുരത്തേക്ക് എ.ഐ.സി.സി. ജനറല്‍സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ റോഡ് ഷോ കടന്നു വന്നത്. കായംകുളം കമലാലയം ജങ്ഷനില്‍ വന്നപ്പോള്‍ റോഡ് ഷോയില്‍ ഒരു ട്വിസ്റ്റ്. പിന്നെയെല്ലാം ഒരു സിനിമാക്കഥപോലെ. റോഡ് ഷോ തുടങ്ങിയപ്പോള്‍ത്തന്നെ അരിതയുടെ കുടുംബത്തെക്കുറിച്ച് പ്രിയങ്ക ചോദിച്ചിരുന്നു. കമലാലയം ജങ്ഷനില്‍ എത്തിയപ്പോള്‍ ഇവിടെ അടുത്താണ് വീടെന്ന് അരിത പറഞ്ഞു. പറഞ്ഞു തീരുംമുമ്പ് ദേശീയപാതയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ സഞ്ചരിച്ച് പുതുപ്പള്ളിയിലെ അരിതയുടെ വീടിന് മുന്നിലെത്തി പ്രിയങ്കയുടെ വാഹനം. എന്നാല്‍ അരിതയുടെ അമ്മയും അച്ഛനും വീട് പൂട്ടി കൃഷ്ണപുരത്ത് റോഡ് ഷോയ്ക്ക് കാത്തുനില്‍ക്കുകയായിരുന്നു.
അരിതയുടെ വിളി വന്ന ഉടനെ മറ്റൊരു വാഹനത്തില്‍ അച്ഛനും കുടുംബാംഗങ്ങളും എത്തി. വീട് തുറന്നു എല്ലാവരും അകത്തുകയറി. പ്രിയങ്ക ഹാളില്‍ അല്പനേരം ഇരുന്നു. പിന്നെ കുടുംബത്തോടൊപ്പം സെല്‍ഫി. ആളുകളെ നിയന്ത്രിക്കാന്‍ സുരക്ഷാസേന പ്രയാസപ്പെട്ടു. വീടിന് പുറത്തേക്ക് എത്തിയ പ്രിയങ്ക മോട്ടോര്‍സൈക്കിള്‍ ഉണ്ടോ എന്ന് അരിതയോട് ചോദിച്ചു. നമുക്ക് രണ്ടും അതില്‍ യാത്രചെയ്ത് റോഡ്‌ഷോയൊടൊപ്പം ചേരാമെന്നു പറഞ്ഞപ്പോള്‍ ഞെട്ടിയത് സുരക്ഷാസേനയാണ്. തുടര്‍ന്ന് നേതാക്കള്‍ ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു.

Related Articles

Back to top button