KERALALATEST

അമ്പലത്തില്‍ വച്ച് വീണയുടെ സാരിക്ക് തീപിടിച്ചു, തന്റെ ഷാള്‍ നല്‍കി ചേര്‍ത്തുപിടിച്ച് പ്രിയങ്ക ഗാന്ധി

തിരുവനന്തപുരം: ആറ്റുകാല്‍ ക്ഷേത്രത്തില്‍ നാരങ്ങാവിളക്ക് കത്തിക്കുന്നതിനിടെ സാരിയില്‍ തീപിടിച്ച വീണ എസ്. നായര്‍ക്ക് പ്രിയങ്ക ഗാന്ധിയുടെ കരുതല്‍. പ്രവര്‍ത്തകര്‍ സമ്മാനിച്ച ഷാള്‍ വീണയെ പുതപ്പിച്ച പ്രിയങ്ക തുടര്‍ന്നുള്ള യാത്രയില്‍ ഒപ്പംകൂട്ടി.
ആറ്റുകാല്‍ ക്ഷേത്രനട അടയക്കുന്നതിന് തൊട്ടുമുമ്പാണ് പ്രിയങ്ക ഗാന്ധിയും വീണ എസ്. നായര്‍ ഉള്‍പ്പടെയുള്ള പ്രവര്‍ത്തകരും എത്തിയത്. തിക്കിലും തിരക്കിലുംപെട്ട് എല്ലാവരും വലഞ്ഞു. നാരങ്ങാവിളക്ക് കത്തിക്കുന്നതിനിടെയാണ് വീണയുടെ സാരിയില്‍ തീപിടിച്ചത്.
ഉടന്‍തന്നെ ഒപ്പമുണ്ടായിരുന്നവര്‍ തീ അണച്ചു. ഉടന്‍തന്നെ പ്രിയങ്ക തനിക്ക് കിട്ടിയ ഷാള്‍ വീണയ്ക്കു നല്‍കി. അപ്രതീക്ഷിത അപകടത്തില്‍ പകച്ച സ്ഥാനാര്‍ഥിയെ വാഹനത്തിലേക്ക് ക്ഷണിച്ചു. പൂന്തുറയിലെ സമ്മേളനത്തിന് ശേഷം താമസസ്ഥലത്ത് എത്തുന്നതുവരെ പ്രിയങ്ക വീണയെ ഒപ്പം കൂട്ടി. പ്രിയങ്കയുടെ തിരുവനന്തപുരത്തെ പര്യടനം ആസൂത്രണമില്ലായ്മമൂലം സമയക്രമം പാലിക്കാനായിരുന്നില്ല. തീരദേശമേഖലയിലെ റോഡ് ഷോ പോലും നിശ്ചയിച്ചരീതിയില്‍ പൂര്‍ത്തിയാക്കാനായില്ല. ഇതിനിടെയുള്ള തിരക്കിലാണ് വീണയ്ക്ക് അപകടം സംഭവിച്ചത്.

അപകടത്തെപ്പറ്റി വീണ നായര്‍ സമൂഹമാധ്യമത്തിലിട്ട കുറിപ്പിന്റെ പൂര്‍ണരൂപം

പ്രിയങ്ക: കൂടെ പിറക്കാതെ പോയ സഹോദരിയുടെ കരുതല്‍
എത്ര വൈകിയാണെങ്കിലും ഇത് നിങ്ങളോട് പങ്കുവയ്ക്കാതെ ഉറങ്ങില്ല എന്ന വാശിയോടെയാണ് ഞാന്‍ ഈ കുറിപ്പ് എഴുതിയത്. ആറ്റുകാല്‍ ദേവി ക്ഷേത്ര നടയില്‍ സ്ഥാനാര്‍ഥിയായ എനിക്ക് പ്രിയങ്കജിക്കൊപ്പം പ്രാര്‍ത്ഥിക്കാന്‍ ഇന്ന് അവസരം ലഭിച്ചു. നേരത്തെ തീരുമാനിച്ചത് പ്രകാരം കെ മുരളീധരന്‍സാറിനൊപ്പം ഞാന്‍ ആറ്റുകാല്‍ നടയില്‍ കാത്തു നില്‍ക്കുകയായിരുന്നു. പ്രീയങ്കജി എത്തിയത് മാത്രമേ അറിഞ്ഞുള്ളു. അസഹനീയമായ ഉന്തും തള്ളും. സ്ഥാനാര്‍ഥിയാണ് എന്ന് പറഞ്ഞപ്പോള്‍ കൂടെയുള്ളവര്‍ പ്രിയങ്കജിയുടെ അടുത്തേക്ക് പോകാന്‍ അനുവദിച്ചു. നാരങ്ങാ വിളക്കില്‍ പ്രിയങ്ക തിരി കൊളുത്താന്‍ നില്‍ക്കുമ്പോള്‍ പുറകിലെ ഉന്തിലും തള്ളിലും എന്റെ സാരിയില്‍ തീപിടിച്ചത് ഞാന്‍ അറിഞ്ഞില്ല . കോട്ടണ്‍ സാരിയില്‍ തീ ആളിപടരുമ്പോള്‍ പരിഭ്രാന്തി പടര്‍ന്നു.
പിന്നില്‍ നിന്ന് എസ്പിജി ഉദ്യോഗസ്ഥരോ മറ്റോ ആണ് തീ കെടുത്തിയത്. നല്ല ഭാഗം തീ കത്തിയ എന്റെ സാരി ആകെ അലങ്കോലമായി. ഉടനെത്തന്നെ പ്രിയങ്കജി തന്നെ കൈയിലുണ്ടായിരുന്ന പാര്‍ട്ടിപ്രവര്‍ത്തകര്‍ നല്‍കിയ ഷാള്‍ എന്റെ മേല്‍ പുതപ്പിച്ചു. പിന്നെ എന്റെ കൈ മുറുകെ പിടിച്ചു കൊണ്ട് ഒരു കൊച്ചു കുട്ടിയെ കൊണ്ടുനടക്കുന്ന വാത്സല്യത്തോടെ പ്രാര്‍ത്ഥിക്കാന്‍ കൊണ്ടുപോയി.
പ്രാര്‍ത്ഥന കഴിഞ്ഞു തിരിച്ചു പോകാന്‍ ഒരുങ്ങുമ്പോള്‍ ഒരു അത്യാവശ്യ വിഷയം പ്രിയങ്കജിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ഉണ്ടായിരുന്നു എന്ന് ഞാന്‍ പറഞ്ഞതും കാറില്‍ കയറാന്‍ പറഞ്ഞു. വഴിമധ്യേ കാര്യം ശ്രദ്ധയില്‍പ്പെടുത്തി. വഴിയോരത്തു കാത്ത് നില്‍ക്കുന്ന പതിനായിരങ്ങളോട് സണ്‍റൂഫില്‍ നിന്നും കൈ വീശുമ്പോള്‍ എന്നോടും കൂടെ എഴുന്നേറ്റു നില്‍ക്കാന്‍ പറഞ്ഞു. അല്പം മടിച്ചുകൊണ്ടു ഞാന്‍ സാരിയുടെ കാര്യം വീണ്ടും ഓര്‍മിപ്പിച്ചു. പ്രിയങ്കജി ധരിച്ചിരുന്ന മഞ്ഞ ചുരിദാറിന്റെ ഷാള്‍ എനിക്ക് നേരെ നീട്ടികൊണ്ടു ഇത് പുതച്ചാല്‍ മതി എന്ന് പറഞ്ഞു.
കുറച്ചു മണിക്കൂര്‍ പിറക്കാതെ പോയ ഒരു സഹോദരിയുടെ സ്‌നേഹവും സാന്ത്വനവും ഞാന്‍ അറിഞ്ഞു, അനുഭവിച്ചു. ഇന്ത്യക്കു വേണ്ടി ജീവന്‍ ബലികഴിച്ച രാജീവിന്റെ മകള്‍ , ഇന്ദിരയുടെ കൊച്ചുമകള്‍…. എന്നെ പോലെ സാധാരണക്കാരിയായ ഒരു കുട്ടിക്ക് നല്‍കിയ പരിഗണന ..സ്‌നേഹം, കരുതല്‍.. എനിക്ക് വാക്കുകളില്ല. കഴിഞ്ഞു പോയ മണിക്കൂറുകള്‍ സ്വപ്നമല്ല എന്ന് ഞാന്‍ എന്നെ ഇപ്പോഴും ബോധ്യപ്പെടുത്തുകയാണ്. ഈ പ്രസ്ഥാനം തകരില്ല .. ഈ പ്രസ്ഥാനം തളരില്ല . ഇത് ഇന്ദിരയുടെ പ്രസ്ഥാനമാണ്.. ഇത് പ്രിയങ്കയുടെയും രാഹുലിന്റെയും ലക്ഷ കണക്കിന് സാധാരണക്കാരുടെയും പ്രസ്ഥാനമാണ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker