ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി കോവിഡ് നിരീക്ഷണത്തില്‍. ഇതേ തുടര്‍ന്ന് നേമത്തെ പ്രചാരമണടക്കം റദ്ദാക്കി. നാളെ നേമത്ത് പ്രചാരണത്തിന് എത്താനിരുന്നതാണ് പ്രിയങ്ക.
ഭര്‍ത്താവ് റോബര്‍ട്ട് വദ്രയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് പ്രിയങ്ക സ്വയം നിരീക്ഷണത്തില്‍ പോകുന്നത്. പ്രിയങ്കയ്ക്ക് കോവിഡ് പരിശോധന നടത്തിയെങ്കിലും നെഗറ്റീവാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാലും മൂന്നോ നാലോ ദിവസം നിരീക്ഷണത്തില്‍ തുടരണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് അസമിലേക്ക് പോകാനിരുന്നതാണ് പ്രിയങ്ക. നാളെ തമിഴ്നാട്ടിലേക്കും വൈകീട്ടോടെ തിരുവനന്തപുരത്തേക്കും എത്താനായിരുന്നു പദ്ധതി. തിരുവനന്തപുരത്ത് നേമം, കഴക്കൂട്ടം മണ്ഡലങ്ങളിലാണ് നാളെ പ്രചാരണ പരിപാടികള്‍ നിശ്ചയിച്ചിരുന്നത്. ഇതടക്കമുള്ളവ റദ്ദാക്കിയെന്ന് പ്രിയങ്ക തന്നെ അറിയിച്ചു.
നേരത്തെ കേരളത്തിലെ എത്തിയപ്പോള്‍ നേമത്ത് പ്രചാരണം നടത്താത്തതില്‍ സ്ഥാനാര്‍ഥി കെ.മുരളീധരന് അനിഷ്ടം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്നാണ് നേമത്ത് എത്തുമെന്ന് അറിയിച്ചിരുന്നത്.