ന്യൂഡല്‍ഹി: വയനാടുമായി വൈകാരികമായ ബന്ധമാണ് തനിക്കെന്ന് രാഹുല്‍ ഗാന്ധി. പാര്‍ട്ടി വ്യത്യാസമില്ലാതെ വയനാട്ടിലെ ഓരോരുത്തരും തന്നെ സ്നേഹിച്ചു. പ്രിയങ്ക വയനാട്ടില്‍ വിജയിക്കുമെന്നും പ്രിയങ്കയ്ക്കൊപ്പം താനും വയനാടിന്റെ എം.പിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ഗാന്ധി റായ്ബറേലി നിലനിര്‍ത്തുമെന്നും പ്രിയങ്കാ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്നുമുള്ള എ.ഐ.സി.സി. അധ്യക്ഷന്റെ പ്രഖ്യാപനത്തിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാഹുല്‍.
‘വയനാട്ടിലേയും റായ്ബറേലിയിലേയും ജനങ്ങളോട് വൈകാരികമായ ബന്ധമാണ് എനിക്കുള്ളത്. കഴിഞ്ഞ അഞ്ചുവര്‍ഷം വയനാടിന്റെ എം.പി. എന്ന നിലയില്‍ മികച്ച അനുഭവമാണ് എനിക്ക് നല്‍കിയത്. വയനാട്ടിലെ ഓരോരുത്തരും പാര്‍ട്ടി വ്യത്യാസമില്ലാതെ എന്നെ ഏറെ സ്നേഹിച്ചു. അവര്‍ എന്നെ പിന്തുണച്ചു, ദുര്‍ഘടമായ സമയത്ത് പോരാടാനുള്ള ഊര്‍ജം നല്‍കി. ഞാനത് ഒരിക്കലും മറക്കില്ല. വയനാട്ടില്‍ മത്സരിക്കാനായി പ്രിയങ്കയെത്തുകയാണ്. പക്ഷേ ഞാന്‍ ഇടയ്ക്കിടെ വയനാട് സന്ദര്‍ശിക്കും. വയനാട്ടില്‍ പ്രിയങ്ക വിജയിക്കുമെന്ന ആത്മവിശ്വാസം എനിക്കുണ്ട്. വയനാടിന് ഇനി രണ്ട് എം.പിമാര്‍ ഉണ്ടെന്ന് കരുതാം. ഒന്ന് എന്റെ സഹോദരിയും ഒന്ന് ഞാനും.’ -രാഹുല്‍ ഗാന്ധി പറഞ്ഞു.
വയനാട്ടിലേക്ക് എത്തുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന പറഞ്ഞ പ്രിയങ്കാ ഗാന്ധി, വയനാടിനെ രാഹുലിന്റെ അസാന്നിധ്യം അറിയിക്കില്ലെന്ന ഉറപ്പും നല്‍കി.
‘വയനാട്ടിലേക്ക് മത്സരിക്കാനെത്തുന്നതില്‍ ഏറെ സന്തോഷം. രാഹുലിന്റെ അസാന്നിധ്യം വയനാട്ടിലെ ജനങ്ങളെ ഞാന്‍ അറിയിക്കില്ല. നല്ലൊരു ജനപ്രതിനിധിയാകാന്‍ ഞാന്‍ പരമാവധി ശ്രമിക്കും. റായ്ബറേലിയുമായും എനിക്ക് വലിയ ബന്ധമാണുള്ളത്. രാഹുല്‍ പറഞ്ഞതുപോലെ ഞങ്ങള്‍ രണ്ടുപേരും റായ്ബറേലിയിലും വയനാട്ടിലും ഉണ്ടാകും.’ -പ്രിയങ്കാ ഗാന്ധി പറഞ്ഞു.
രാഹുലിന് ഏറെ വിഷമകരമായ തീരുമാനമാണ് ഇതെന്നും പക്ഷേ പാര്‍ട്ടിയുടെ തീരുമാനം അദ്ദേഹം അംഗീകരിക്കുകയായിരുന്നുവെന്നും കോണ്‍ഗ്രസിന്റെ സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു.
‘ഇന്ദിരാഗാന്ധിയും സോണിയാഗാന്ധിയും വിജയിച്ച റായ്ബറേലി കോണ്‍ഗ്രസിന്റെ പരമ്പരാഗത സീറ്റാണ്. വയനാടും റായ്ബറേലിയും പ്രിയപ്പെട്ടതാണെന്ന് രാഹുല്‍ ഗാന്ധി കഴിഞ്ഞദിവസം വയനാട്ടില്‍ പറഞ്ഞതാണ്. ഉത്തര്‍പ്രദേശിലുണ്ടായ വലിയ മാറ്റം നിലനിര്‍ത്തേണ്ടതായുണ്ട്. ഈ തിരഞ്ഞെടുപ്പില്‍ ഇന്ത്യയ്ക്കാകെ മാറ്റമുണ്ടാക്കിയത് യു.പിയാണ്. ആ മാറ്റം രാഷ്ട്രീയമായി ഉള്‍ക്കൊള്ളേണ്ടതായുണ്ട്. അതോടൊപ്പം തന്നെ കേരളവും വയനാടും നല്‍കിയ വൈകാരികമായ അടുപ്പം. ഇത് അദ്ദേഹത്തെ സംബന്ധിച്ച് വളരെ വിഷമകരമായ തീരുമാനമായിരുന്നു. പക്ഷേ കോണ്‍ഗ്രസ് അധ്യക്ഷന്‍ യോഗം വിളിച്ചുചേര്‍ത്ത് ഇക്കാര്യം ചര്‍ച്ച ചെയ്തു. പാര്‍ട്ടിയാണ് തീരുമാനമെടുത്തത്. രാഹുല്‍ ഗാന്ധി ആ തീരുമാനം അംഗീകരിക്കുകയായിരുന്നു.’ -കെ.സി. വേണുഗോപാല്‍ പറഞ്ഞു.
1,128 1 minute read