BREAKING NEWSKERALANATIONALNEWS

രാമക്ഷേത്ര ഭൂമി പൂജ: പ്രിയങ്കയുടെ പിന്തുണ മതസൗഹാര്‍ദത്തിന്; ലീഗിന് ഹൈക്കമാന്‍ഡ് വിശദീകരണം

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര ഭൂമി പൂജയ്ക്ക് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പിന്തുണ അറിയിച്ചതില്‍ അതൃപ്തിയുമായി മുസ്‌ലിം ലീഗ്. ദേശീയ ഭാരവാഹികളുടെ യോഗം ഇന്ന് പാണക്കാട് ചേരും. ലീഗ് നേതൃത്വവുമായി സംസാരിച്ച എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ ആശങ്കകള്‍ പരിഹരിക്കുമെന്ന് ഉറപ്പ് നല്‍കി.
അയോധ്യയിലെ ഭൂമി പൂജയെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസിനകത്ത് ഭിന്നതകള്‍ പുകയുന്നതിനിടെയാണ് യുപിയുടെ ചുമതലയുള്ള ഐഎസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി നയം വ്യക്തമാക്കിയത്. ഭൂമി പൂജ ദേശീയ െഎക്യത്തിനും സാഹോദര്യത്തിനും സാംസ്‌ക്കാരിക കൂട്ടായ്മയ്ക്കുമുള്ള അവസരമാണെന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തു.
ധൈര്യവും ത്യാഗവും പ്രതിബദ്ധതയുമാണ് ശ്രീരാമന്‍. ഇന്ത്യന്‍ സംസ്‌കാരത്തില്‍ രാമന്റെയും സീതയുടെയും രാമായണത്തിന്റെയും ആഴമേറിയതും മായാത്തതുമായ അടയാളങ്ങളുണ്ടെന്നും പ്രിയങ്ക പറഞ്ഞു. എന്നാല്‍ ഗാന്ധി നെഹ്‌റു കുടുംബത്തില്‍ നിന്ന് നിന്ന് പരസ്യമായ പിന്തുണ എത്തിയതാണ് ലീഗിനെ പ്രകോപിപ്പിച്ചത്. കോണ്‍ഗ്രസിന്റെ മതേതര പാരമ്പര്യം മറന്നാണ് ചില നേതാക്കളുടെ പ്രസ്താവനയെന്ന് ലീഗ് അഭിപ്രായപ്പെടുന്നു. ലീഗിന്റെ ആശങ്കകള്‍ പരിഹരിക്കാന്‍ ഹൈക്കമാന്‍ഡ് ഇടപെടുകയാണ്.
മതസൗഹാര്‍ദം ലക്ഷ്യമിട്ടാണ് പ്രിയങ്കയുടെ പ്രസ്താവനയെന്ന് ഹൈക്കമാന്‍ഡ് വ്യക്തമാക്കി. ലീഗ് നേതൃത്വവുമായി കെ.സി.വേണുഗോപാല്‍ സംസാരിച്ചു. ശ്രീരാമന്റെ ദേശീയഐക്യം എന്ന ആശയം രാമക്ഷേത്ര നിര്‍മാണതോടെ കൈവരിക്കുമെന്നാണ് പ്രിയങ്ക ഉദേശിച്ചതെന്ന് വേണുഗോപാല്‍ ലീഗ് നേതാക്കളെ അറിയിച്ചു. ഹൈക്കമാന്‍ഡ് വിശദീകരണം ദേശീയ ഭാരവാഹികളുടെ യോഗം ചര്‍ച്ച ചെയ്യും.

Related Articles

Back to top button