BREAKING NEWSKERALA

നയതന്ത്ര ബാഗേജ്: രേഖകള്‍ ഹാജരാക്കാന്‍ പ്രോട്ടോകോള്‍ ഓഫീസര്‍ക്ക് കസ്റ്റംസ്, എന്‍ഐഎ സമന്‍സ്

തിരുവനന്തപുരം: യു.എ.ഇ.യില്‍നിന്നെത്തിയ നയതന്ത്ര പാഴ്‌സലുകള്‍ സംബന്ധിച്ച് ലഭ്യമായ രേഖകള്‍ ഹാജരാക്കാന്‍ സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസര്‍ക്ക് കസ്റ്റംസിന്റെയും എന്‍.െഎ.എ.യുടെയും സമന്‍സ്. രണ്ടുവര്‍ഷത്തിനിടെ കോണ്‍സുലേറ്റില്‍ എത്തിയ നയതന്ത്ര പാഴ്‌സലുകളെക്കുറിച്ച് വ്യക്തത തേടിയാണിത്. 20നകം വിശദീകരണവും രേഖകളും നല്‍കണം. സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന അസിസ്റ്റന്റ് കമ്മിഷണര്‍ എന്‍.എസ്. ദേവാണ് കസ്റ്റംസിനായി സമന്‍സയച്ചത്.എന്‍.െഎ.എ. ഉദ്യോഗസ്ഥന്‍ സെക്രട്ടേറിയറ്റിലെത്തി പ്രോട്ടോകോള്‍ ഓഫീസര്‍ക്ക് ഇക്കാര്യം ആവശ്യപ്പെട്ട് കത്ത് നല്‍കി.
സ്വര്‍ണക്കടത്ത് കേസിലെ തെളിവായി ഉപയോഗിക്കാനാണ് രേഖകള്‍. രേഖകള്‍ കേസില്‍ ആവശ്യമാണെന്ന് സമന്‍സില്‍ വ്യക്തമാക്കിയിട്ടുണ്ട്. ആവശ്യപ്പെട്ട രേഖകള്‍ നല്‍കാതിരിക്കുന്നത് ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം കുറ്റകരമാണെന്നും തെറ്റായവിവരങ്ങള്‍ നല്‍കുന്നത് ശിക്ഷാര്‍ഹമാണെന്നും കസ്റ്റംസ് വ്യക്തമാക്കിയിട്ടുണ്ട്.
നല്‍കേണ്ടത് ഈ രേഖകള്‍. നയതന്ത്ര ചാനല്‍വഴി സാധനങ്ങള്‍ എത്തിക്കുമ്പോള്‍ ക്ലിയറന്‍സ് നല്‍കുന്ന പ്രോട്ടോകോള്‍ മാന്വലിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്. 2019′-20, 2020′-21 വര്‍ഷങ്ങളില്‍ തിരുവനന്തപുരത്തെ യു.എ.ഇ. കോണ്‍സുലേറ്റിനു നല്‍കിയ എക്‌സംപ്ഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്. ഇതിന് അപേക്ഷ നല്‍കിയ ആളുടെയും സര്‍ട്ടിഫിക്കറ്റില്‍ ഒപ്പിട്ടയാളുടെയും പേരും ഉദ്യോഗപ്പേരും. യു.എ.ഇ. കോണ്‍സുലേറ്റിലെ നയതന്ത്ര ഉദ്യോഗസ്ഥരുടെ ഒപ്പിന്റെ മാതൃക.
20 ലക്ഷത്തിനുമേല്‍ വിലവരുന്ന സാധനങ്ങളുള്ള പാഴ്‌സലുകള്‍ നികുതിയില്ലാതെ വിട്ടുനല്‍കാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിപത്രം ഹാജരാക്കണം. 20 ലക്ഷത്തില്‍ താഴെയുള്ളതിന് സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസറില്‍നിന്നാണ് രേഖകള്‍ ഹാജരാക്കേണ്ടത്. എന്നാല്‍, സോഫ്റ്റ്‌വേറില്‍ അത്തരമൊരു നിബന്ധന ഉള്‍ക്കൊള്ളിക്കാതിരുന്നതിനാല്‍ കസ്റ്റംസ് അധികൃതര്‍ ഇക്കാര്യം കര്‍ശനമാക്കിയതുമില്ല. ഒന്നോ രണ്ടോ തവണയല്ലാതെ ഇത്തരം രേഖകളൊന്നും കോണ്‍സുലേറ്റ് ഹാജരാക്കിയിട്ടില്ലെന്നാണ് വിവരം.
ദുബായ് കോണ്‍സുലേറ്റ് വഴി എത്തിയ മതഗ്രന്ഥങ്ങള്‍ സര്‍ക്കാര്‍സ്ഥാപനമായ സിആപ്റ്റിന്റെ വാഹനം ഉപയോഗിച്ച് എടപ്പാളിലേക്കുകൊണ്ടുപോയെന്ന് മന്ത്രി കെ.ടി. ജലീല്‍ പറഞ്ഞിരുന്നു. ഇതില്‍ പ്രോട്ടോകോള്‍ ലംഘനം നടന്നുവെന്നതും പാഴ്‌സലുകള്‍ സംബന്ധിച്ച് ദുരൂഹതകളുണ്ടെന്നതും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തുവന്നതോടെ കസ്റ്റംസും ഇക്കാര്യം പരിശോധിക്കുന്നുണ്ട്. നയതന്ത്രപാഴ്‌സല്‍വഴി മതഗ്രന്ഥങ്ങള്‍ കൊണ്ടുവരാനോ അതിന് നികുതിയിളവ് നല്‍കാനുള്ള സാക്ഷ്യപത്രം നല്‍കാനോ പ്രോട്ടോകോള്‍ വിഭാഗത്തിനുകഴിയില്ല. എന്നിട്ടും ഇതിന് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
കസ്റ്റംസ് ക്ലിയറന്‍സിനുവേണ്ടി പ്രതികള്‍ വ്യാജരേഖകള്‍ നല്‍കിയിട്ടുണ്ടോയെന്ന സംശയവുമുണ്ട്. ഒപ്പുകള്‍ പരിശോധിക്കുന്നതോടെ ഇത് വ്യക്തമാവും. സ്വര്‍ണക്കടത്ത് അന്വേഷിക്കുന്ന എന്‍.െഎ.എ.യും ഇക്കാര്യങ്ങള്‍ വിശദമായി പരിശോധിക്കുന്നുണ്ട്.
ചില രേഖകള്‍ ഹാജരാക്കാന്‍ കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണറില്‍നിന്ന് സമന്‍സ് ലഭിച്ചിട്ടുണ്ടെന്ന് സ്റ്റേറ്റ് പ്രോട്ടോകോള്‍ ഓഫീസര്‍ ബി. സുനില്‍കുമാര്‍ സ്ഥിരീകരിച്ചു. എന്‍.െഎ.എ.യും രേഖകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതല്‍ കാര്യങ്ങള്‍ അദ്ദേഹം വ്യക്തമാക്കിയില്ല.

Related Articles

Back to top button