BREAKING NEWSKERALALATEST

മുട്ടിലിഴഞ്ഞ് യാചന മുതല്‍ നിരാഹാരം വരെ… ഉദ്യോഗാര്‍ഥികളായ സമരക്കാര്‍ മടങ്ങുമ്പോള്‍

തിരുവനന്തപുരം: സര്‍ക്കാരുമായുള്ള ഉദ്യോഗാര്‍ഥികളുടെ ചര്‍ച്ച വിജയിച്ചതോടെ ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ഥികള്‍ ഒരു മാസത്തിലേറെ കാലമായി നടത്തിവരുന്ന സമരത്തിനാണ് തിരശ്ശീല വീഴുന്നത്.
സമരക്കാരോട് സര്‍ക്കാര്‍ മുഖം തിരിക്കാതെ വന്നപ്പോള്‍ സമരം ശക്തമാവുകയായിരുന്നു. ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിലുള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ ആരംഭിച്ച സമരം പിന്നീട് സിപിഒ റാങ്ക് ലിസ്റ്റിലുള്‍പ്പെട്ടവരും ഏറ്റെടുത്തു. പലവിധത്തിലുള്ള പ്രതിഷേധസമരങ്ങള്‍ക്കാണ് പിന്നീട് സെക്രട്ടേറിയറ്റിന് മുന്നിലെ സമരപന്തല്‍ വേദിയായത്. ജോലി ആവശ്യപ്പെട്ട് ദേശീയ കായിക താരങ്ങളും രംഗത്തെത്തി. മുട്ടിലിഴഞ്ഞും യാചനാസമരം നടത്തിയും ശയനപ്രദക്ഷിണം നടത്തിയും സെക്രട്ടേറിയറ്റിന് മുന്നില്‍ മീന്‍വില്‍പന നടത്തിപ്പോലും സമരക്കാര്‍ പ്രതിഷേധിച്ചു.
യൂത്ത് കോണ്‍ഗ്രസും യുവമോര്‍ച്ചയും കെ.എസ്.യുവും തുടങ്ങി നിരവധി സംഘടനകള്‍ സമരത്തിന് പിന്തുണയര്‍പ്പിച്ച് സമരസ്ഥലത്തെത്തി. യൂത്ത് കോണ്‍ഗ്രസ് നേതാക്കളും യുവമോര്‍ച്ച പ്രതിനിധികളും നിരാഹാരമിരുന്നു. രാഷ്ട്രീയത്തിന്റെ നിറമില്ലെന്ന് അവകാശപ്പെട്ട് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ 48 മണിക്കൂര്‍ ഉപവാസ സമരം നടത്തി. ഒപ്പം ലീഗ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ പിന്തുണയര്‍പ്പിച്ച് സമരസ്ഥലത്തെത്തി. ഉദ്യോഗാര്‍ഥികളും സര്‍ക്കാരും തമ്മിലുള്ള ചര്‍ച്ചയ്ക്ക് മധ്യസ്ഥത വഹിക്കാനും ശ്രമങ്ങളും ഡിവൈഎഫ്‌ഐയുടെ ഭാഗത്ത് നിന്നുണ്ടായി.
ഒടുവില്‍ ഉദ്യോഗസ്ഥതലത്തില്‍ ചര്‍ച്ച നടന്നുവെങ്കിലും തീരുമാനമാവാതെ പിരിഞ്ഞു. സമരം കൂടുതല്‍ ശക്തിപ്പെടുന്ന പശ്ചാത്തലത്തിലാണ് സമരം ഒത്തുതീര്‍പ്പാക്കാന്‍ ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമമന്ത്രി എകെ ബാലനെ ചുമതലപ്പെടുത്തിയത്. ഇത് പ്രകാരമുള്ള ചര്‍ച്ചകളാണ് എല്‍ജിഎസ് ഉദ്യോഗാര്‍ഥികളുമായും സിപിഒ ഉദ്യോഗാര്‍ഥികളുമായും നടന്നത്.
തുടക്കം മുതല്‍ ഇന്ന് വരെ സമരത്തിന് പിന്തുണ നല്‍കിയ എല്ലാ രാഷ്ട്രീയ യുവജന സംഘടനകള്‍ക്കും പ്രതിനിധികള്‍ക്കും പൊതുജനങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും സാമൂഹ്യപ്രവര്‍ത്തകര്‍ക്കും നന്ദി പറഞ്ഞുകൊണ്ടാണ് ഉദ്യോഗാര്‍ഥികളുടെ പ്രതിനിധികള്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

Related Articles

Back to top button