കൊച്ചി: ഇടപ്പള്ളി അഞ്ചുമനയില്‍ ആദായ നികുതി റെയ്ഡുമായി ബന്ധപ്പെട്ട് ഉയര്‍ന്നു കേള്‍ക്കുന്ന എംഎല്‍എ താന്‍ തന്നെയെന്ന് പി ടി തോമസ്. സ്ഥലത്തു നിന്നും താന്‍ ഓടി രക്ഷപ്പെട്ടു എന്നത് വ്യാജ പ്രചാരണമാണെന്നും പി.ടി.തോമസ് പറഞ്ഞു.
തന്റെ മുന്‍ ഡ്രൈവറുടെ ഭൂമി സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിയ്ക്കുന്നതിനായാണ് സ്ഥലത്തെത്തിയത്. ഇടപാടുകള്‍ തീര്‍ത്ത ശേഷം തിരിച്ചു കാറിലെത്തും വഴി ചിലര്‍ അവിടേയ്ക്ക് പോകുന്നതു കണ്ടു. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരാണെന്ന് പിന്നീടാണ് അറിഞ്ഞതെന്നും തൃക്കാക്കര എംഎല്‍എ പി ടി തോമസ് പ്രതികരിച്ചു.
കൊച്ചി ഇടപ്പള്ളിയില്‍ ആദായനികുതി വകുപ്പ് റെയ്ഡിന് എത്തിയപ്പോള്‍ മുതിര്‍ന്ന കോണ്‍ഗ്രസ് എം.എല്‍.എ സ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ടതായി ആയിരുന്നു പ്രചാരണം. ഇടതു എം.എല്‍.എമാരടക്കം സൂചനകള്‍ തല്കി ഫേസ്ബുക്കില്‍ പോസ്റ്റുമിട്ടു.
വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം ഇടപ്പള്ളി അഞ്ചുമന ദേവി ക്ഷേത്രത്തിനടുത്ത് വെച്ചാണ് ഭൂമി വില്‍പ്പനയ്ക്കായി അനധികൃതമായി കൈമാറാന്‍ ശ്രമിച്ച 88 ലക്ഷം രൂപയുടെ കള്ളപ്പണംപിടിച്ചെടുത്തത്. എം.എല്‍.എയ്ക്കൊപ്പം സ്ഥലത്തുണ്ടായിരുന്ന റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരന് രാമകൃഷ്ണനെയും സഹായിയെയും കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്തത് കള്ളപ്പണമാണെന്ന് ആദായനികുതി വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു. കേസില്‍ എം.എല്‍.എയെയും ചോദ്യം ചെയ്തേക്കും.