തിരുവനന്തപുരം: തന്റെ പേര് പത്രസമ്മേളനത്തില്‍ അനവസരത്തില്‍ സൂചിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് പി.ടി തോമസ് എം.എല്‍.എയ്ക്ക് എതിരെ നിയമനടപടിയുമായി സൈബര്‍ വിദഗ്ധന്‍ വിനോദ് ഭട്ടതിരിപ്പാട്. വാര്ത്താക്കുറിപ്പാലാണ് പി.ടി തോമസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വിനോദ് ഭട്ടതിരിപ്പാട് അറിയിച്ചത്.
പി.ടി തോമസ് എം.എല്‍.എ തന്റെ പേര് പത്രസമ്മേളനത്തില്‍ അനവസരത്തില്‍ സൂചിപ്പിച്ചതായി അറിഞ്ഞു. കേരള പൊലീസിന്റെ Chief Technology Officer (IT Advisor-Honorary) ആയി സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചത് സംബന്ധിച്ചാണ് എം.എല്‍.എയുടെ പരാമര്‍ശം. പി.എസ്.സിയെ അറിയിക്കാതെയുള്ള നിയമനമാണെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തല്‍. എന്നാല്‍, ഇത് തികച്ചും ഒരു സൗജന്യസേവനമാണെന്ന് വിനോദ് ഭട്ടതിരിപ്പാട് വ്യക്തമാക്കി.
തന്റെ നിയമനം ശമ്പളം, അലവന്‍സ്, ഓഫീസ്, സ്റ്റാഫ്, വണ്ടി എന്നവയടക്കം ഒന്നുമില്ലാത്ത ഒരു നിയമനമാണെന്ന് അദ്ദേഹം അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നെന്നും വിനോദ് ഭട്ടതിരിപ്പാട് പറഞ്ഞു. ഇതുവരെ താന്‍ പണമൊന്നും കൈപ്പറ്റിയിട്ടുമില്ലെന്നും ഇതെല്ലാം ആര്‍ക്കും പരിശോധിക്കാവുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
2018ല്‍ അമേരിക്കയിലെ ടെക്സാസ് സര്‍വ്വകലാശാലയില്‍ കേരള പൊലീസിന്റെ അന്വേഷണ മികവിനെക്കുറിച്ച് താന്‍ ഒരു ഗവേഷണ പ്രബന്ധം അവതരിപ്പിച്ചതിന്റെ തൊട്ടുപിന്നാലെ ആയിരുന്നു നിയമനം ലഭിച്ചത്. ഈ ഗവേഷണ പ്രബന്ധത്തിന്റെ കോപ്പികള്‍ ലോകത്താകമാനമുള്ള പൊലീസ് ഓഫീസര്‍മാര്‍ ഇന്നും ഡൗണ്‍ലോഡ് ചെയ്ത് വായിക്കുന്നു. കേരള പൊലീസിന് അത് ഒരുപാട് പ്രസിദ്ധി നേടികൊടുത്തെന്നും അദ്ദേഹം പറഞ്ഞു.
സ്വര്‍ണക്കള്ളക്കടത്ത് അടക്കം വിവാദ കേസുകള്‍ അന്വേഷിക്കുന്ന കേന്ദ്ര ഏജന്‍സികളുടെ രഹസ്യം ചോര്‍ത്താന്‍ താന്‍ ശ്രമിച്ചതായി എം.എല്‍.എയ്ക്ക് സംശയം ഉള്ളതായി അറിഞ്ഞു. അത് അദ്ദേഹത്തിന്റെ സംശയം മാത്രമാണെന്നും സൈബര്‍ ഫൊറന്‍സിക്ക്സില്‍ ഡോക്റ്ററേറ്റുള്ള തന്നെ നിരവധി കേസുകളില്‍ സൈബര്‍ തെളിവുകള്‍ എടുക്കാന്‍ സാങ്കേതിക വിദഗ്ധനായി കസ്റ്റംസും കോടതികളും കഴിഞ്ഞ ഒരു പതിറ്റാണ്ടായി വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മാത്രമല്ല, ജയിലും പൊലീസുമായി ബന്ധപ്പെട്ട ആധുനിക സാങ്കേതികവിദ്യകള്‍ നിര്‍ദ്ദേശിക്കാനുള്ള ജസ്റ്റിസ് രാമചന്ദ്രന് നായര്‍ കമ്മീഷനിലും സാങ്കേതികവിദഗ്ധനായി തന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട തെളിവെടുക്കാനും സാങ്കേതിക വിദഗ്ധനായി ഒരിക്കല്‍ കസ്റ്റംസ് തന്നെ എറണാകുളത്തേക്ക് വിളിപ്പിച്ചിരുന്നു. യാത്രയും താമസസൗകര്യവും അടക്കം എല്ലാം കസ്റ്റംസ് തന്നെയാണ് ചെയ്തത്. താന്‍ ഒപ്പിട്ട റിപ്പോര്‍ട്ട് കസ്റ്റംസിന്റെ കയ്യിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സൈബര്‍ തെളിവുമായി ബന്ധപ്പെട്ട് സോളാര്‍ കമ്മീഷനും തന്നെ സാങ്കേതിക വിദഗ്ധനായി വിളിപ്പിക്കുകയും തന്റെ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇതെല്ലാമാണ് പി.ടി തോമസ് എം.എല്‍.എ ദുര്‍വ്യാഖ്യാനം ചെയ്ത് തന്നെ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട് നിയമവിദഗ്ധരുമായി ആലോചിച്ച് അദ്ദേഹത്തിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുവാന്‍ ആലോചിക്കുകയാണെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.