BREAKINGNATIONAL

കുടിവെള്ള പൈപ്പ് ശരിയാക്കിയില്ല; ബിഡിഒ ഓഫീസിന് മുന്നില്‍ കുളിച്ച് കൊണ്ട് യുവാവിന്റെ പ്രതിഷേധം

അസാധാരണവും വിചിത്രവുമായ വാര്‍ത്തകളാണ് ഓരോ ദിവസവും ഇന്റര്‍നെറ്റില്‍ വൈറല്‍ ആകുന്നത്. അടുത്തിടെ സമാനമായ ഒരു സംഭവം ഏറെ പേരുടെ ശ്രദ്ധ നേടി. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂര്‍ ജില്ലയിലെ സംഗ്രാംപൂര്‍ ബ്ലോക്കില്‍ നിന്നുള്ള ഒരു യുവാവിന്റെ വേറിട്ട ഒരു പ്രതിഷേധം ഏറെ പേരുടെ ശ്രദ്ധനേടി. സമൂഹ മാധ്യമങ്ങളില്‍ അടക്കം വലിയ ചര്‍ച്ചയ്ക്കാണ് യുവാവിന്റെ പ്രതിഷേധം വഴി തെളിച്ചത്. സംഗ്രാംപൂര്‍ ബ്ലോക്കിലെ താമസക്കാരനായ സത്യം കുമാര്‍ എന്ന യുവാവാണ് തനിക്കുണ്ടായ അവഗണനക്കെതിരെ ഇത്തരത്തില്‍ ഒരു പ്രതിഷേധം നടത്തിയത്.
തന്റെ വീട്ടിലെ പൈപ്പ് മാറ്റിവയ്ക്കണമെന്ന് ഒരു വര്‍ഷമായി ഇയാള്‍ ആവശ്യപ്പെടുന്നതാണ്. എന്നാല്‍ അധികൃതരുടെ ഭാഗത്ത് നിന്നും ഒരു നടപടിയും ഉണ്ടാകാതെ വന്നതിനെത്തുടര്‍ന്ന് സത്യം കുമാര്‍ ബിഡിഒ ഓഫീസിന് മുന്നില്‍ ഇരുന്ന് പരസ്യമായി കുളിച്ച് കൊണ്ട് പ്രതിഷേധിക്കുകയായിരുന്നു. അധികൃതര്‍ പുതിയ പൈപ്പ് സ്ഥാപിക്കാത്തത് കൊണ്ട് തന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടാണ് നേരിടുന്നതെന്നും തനിക്ക് മുന്‍പില്‍ ഇതല്ലാതെ മറ്റൊരു വഴിയില്ലെന്നും സത്യം കുമാര്‍ പറയുന്നു. ഒരു ബക്കറ്റും ഒരു കപ്പും തോര്‍ത്തും മറ്റ് വസ്ത്രങ്ങളുമായി ബിഡിഒ ഓഫീസിന് മുമ്പില്‍ എത്തിയ സത്യം കുമാര്‍, ഓഫീസിന് മുന്നിലെ പൈപ്പിന് ചുവട്ടില്‍ ഇരുന്ന് കുളിക്കുകയായിരുന്നു. കുളിച്ചതിന് ശേഷം തന്റെ വസ്ത്രങ്ങളും ഇയാള്‍ അവിടെ ഇരുന്ന് തന്നെ അലക്കി
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 50 തവണ താന്‍ ഈ പ്രശ്‌നവുമായി ബിഡിഒ ഓഫീസ് കയറി ഇറങ്ങിയെങ്കിലും ‘ഇപ്പൊ ശരിയാക്കിത്തരാം’ എന്ന വാഗ്ദാനം അല്ലാതെ മറ്റൊന്നും ഉണ്ടായില്ലെന്നും സത്യം കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. കൂടാതെ താന്‍ പരാതിപ്പെട്ടപ്പോഴൊക്കെ വില്ലേജ് സെക്രട്ടറി തന്നെ മോശം വാക്കുകള്‍ വിളിച്ച് ആക്ഷേപിച്ചെന്നും ഇദ്ദേഹം പറയുന്നു. ഇനി മുതല്‍ എല്ലാ ദിവസവും വീട്ടില്‍ നിന്ന് ഒരു ബക്കറ്റ് കൊണ്ടുവന്ന് തന്റെ പ്രശ്‌നം പരിഹരിക്കുന്നത് വരെ ഓഫീസിന് മുന്നില്‍ ഇതുപോലെ കുളിക്കുമെന്നും സത്യം കുമാര്‍ കൂട്ടിച്ചേര്‍ത്തു. സംഭവം വിവാദമായതോടെ അന്വേഷണത്തിന് ശേഷം ടാപ്പ് ഉടന്‍ പുനര്‍നിര്‍മ്മിക്കുമെന്ന് സംഗ്രാംപൂര്‍ ബിഡിഒ മാധ്യമങ്ങളോട് പറഞ്ഞു.

Related Articles

Back to top button