LATESTNATIONAL

ആക്രമണത്തില്‍ നിന്ന് കുടുംബത്തെ രക്ഷിക്കാന്‍ യുവാവ് പുലിയെ കഴുത്ത് ഞെരിച്ചുകൊന്നു

ബെംഗളൂരു: ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം ബൈക്കില്‍ പോകുന്നതിനിടെ ആക്രമിച്ച പുലിയെ യുവാവ് കീഴ്‌പ്പെടുത്തി. ഏറ്റുമുട്ടലിനൊടുവില്‍ പുലി ചത്തു. ഹാസന്‍ അര്‍സിക്കെരെ ബെന്ദെക്കെരെ ഗ്രാമത്തില്‍ രാജഗോപാല്‍ നായിക് ഭാര്യ ചന്ദ്രമ്മയ്ക്കും മകള്‍ കിരണിനുമൊപ്പം ബൈക്കില്‍ പോകുന്നതിനിടെയാണ് കുറ്റിക്കാട്ടില്‍നിന്ന് പുലിയുടെ ആക്രമണമുണ്ടായത്. പുലി കിരണിന്റെ കാലില്‍ കടിച്ച ശേഷം ചന്ദ്രമ്മയെ ആക്രമിക്കാന്‍ ശ്രമിച്ചു. ഈ സമയം രാജഗോപാല്‍ പുലിയുടെ കഴുത്തില്‍ പിടിമുറുക്കി. ഇതോടെ പുലി ഇയാളെയും ആക്രമിച്ചു. എന്നാല്‍, ദീര്‍ഘനേരം കഴുത്തില്‍ പിടിമുറുക്കിയതിനെത്തുടര്‍ന്ന് പുലി ചാവുകയായിരുന്നു.
ബഹളം കേട്ടെത്തിയ പ്രദേശവാസികള്‍ പരിക്കേറ്റ രാജഗോപാലിനെയും കുടുംബത്തെയും ആശുപത്രിയിലേക്ക് കൊണ്ടുപോയി. വനംവകുപ്പ് അധികൃതരെത്തി പുലിയുടെ ജഡം പോസ്റ്റ്‌മോര്‍ട്ടത്തിന് കൊണ്ടുപോയി. അതിനിടെ നാട്ടുകാരും ചേര്‍ന്നാണ് പുലിയെ കൊന്നതെന്ന് ആരോപണമുയര്‍ന്നതിനാല്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷമേ യഥാര്‍ഥ മരണകാരണം അറിയാനാവൂവെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. പുലിയുടെ ആക്രമണത്തില്‍നിന്ന് കുടുംബത്തെ രക്ഷിച്ച രാജഗോപാല്‍ നായികിന് കെ.പി.സി.സി. പ്രസിഡന്റ് ഡി.കെ. ശിവകുമാര്‍ 25,000 രൂപ പാരിതോഷികം നല്‍കി.
ഏറ്റുമുട്ടലിനിടെ പരിക്കേറ്റ് ചോരയില്‍ കുളിച്ചിരിക്കുന്ന രാജഗോപാല്‍ നായികിന്റെയും പുലി ചത്തുകിടക്കുന്നതിന്റെയും വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. രാജഗോപാലിന്റെ തലയ്ക്കും മുഖത്തുമാണ് പരിക്കേറ്റത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker