കൊച്ചി: പ്രൈസ് വാട്ടര്‍ഹൗസ് കൂപേഴ്സ് (പിഡബ്ല്യുസി)കണ്‍സള്‍ട്ടന്‍സി കമ്പനിയെ വിലക്കിയ സംസ്ഥാനസര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. പിഡബ്ല്യുസി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച് പ്രാഥമികവാദം കേട്ട ജസ്റ്റിസ് പി വി ആസ്തയുടെ ബെഞ്ചാണ് ഒരാഴ്ചത്തേക്ക് ഇടക്കാല സ്റ്റേ അനുവദിച്ചത്.
പിഡബ്ല്യുസിയ്ക്ക് രണ്ട് വര്‍ഷത്തെ വിലക്കാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. തങ്ങളുടെ ഭാഗം കേള്‍ക്കാതെയായിരുന്നു സര്‍ക്കാരിന്റെ നടപടിയെന്ന് ചൂണ്ടിക്കാട്ടി പിഡബ്ല്യുസി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് വിലക്കിന് കോടതി സ്റ്റേ അനുവദിച്ചത്. കൂടാതെ വിലക്കിന് വ്യക്തമായ കാരണം സര്‍ക്കാര്‍ വെളിപ്പെടുത്തിയിട്ടില്ല എന്ന കാര്യവും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
സ്വപ്ന സുരേഷിന്റെ പേര് പരാമര്‍ശിക്കാതെ നിയമനങ്ങളിലെ സുതാര്യതക്കുറവും യോഗ്യതയില്ലാത്തവരുടെ നിയമനവും ചൂണ്ടിക്കാട്ടിയായിരുന്നു പിഡബ്ല്യുസിക്കെതിരെ സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത്. കെ ഫോണ്‍ പദ്ധതിയില്‍ നിന്ന് ഇവരെ ഒഴിവാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
പിഡബ്ല്യുസിയെ കരിമ്പട്ടികയില്‍ പെടുത്താനായിരുന്നു ആദ്യം സര്‍ക്കാരിന്റെ നീക്കം. എന്നാല്‍ ഭാവിയില്‍ ഉണ്ടായേക്കാവുന്ന സാഹചര്യം പരിഗണിച്ചാണ് രണ്ട് വര്‍ഷത്തേക്കുള്ള വിലക്കിലേക്ക് സര്‍ക്കാര്‍ നീങ്ങിയത്. ഒരാഴ്ചയ്ക്ക് ശേഷം വീണ്ടും ഹര്‍ജി പരിഗണിക്കുമ്പോള്‍ വിലക്കേര്‍പ്പെടുത്തിയ കാര്യത്തില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കേണ്ടി വരും.