BREAKING NEWSWORLD

ഖത്തറിനെതിരായ ഉപരോധം പിന്‍വലിച്ചു

റിയാദ്: ഖത്തറിനെതിരേ സൗദി അടക്കം നാല് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിച്ചു. ഐക്യവും കെട്ടുറപ്പും ശക്തമാക്കി അല്‍ ഉല കരാറില്‍ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ അംഗരാജ്യങ്ങള്‍ ഒപ്പുവെച്ചു. ഇതോടെ മൂന്നര വര്‍ഷം നീണ്ട പ്രതിസന്ധിക്കാണ് വിരമാമായിരിക്കുന്നത്. ഖത്തറിന് മേല്‍ ഏര്‍പ്പെടുത്തിയിരുന്ന എല്ലാ ഉപരോധങ്ങളും അവസാനിപ്പിക്കുന്നുവെന്ന് സൗദി അറേബ്യയിലെ അല്‍ ഉലയില്‍ നടന്ന ഗള്‍ഫ് ഉച്ചകോടിയില്‍ സൗദി വിദേശകാര്യ മന്ത്രി പ്രഖ്യാപിച്ചു.
നേരത്തെ സൗദി അറേബ്യ ഖത്തറിന് മേല്‍ ഏര്‍പ്പെടുത്തിയിരുന്ന അതിര്‍ത്തികളിലെ ഉപരോധം നീക്കിയിരുന്നു. മൂന്നര വര്‍ഷത്തെ ഭിന്നതകള്‍ പരിഹരിച്ചുകൊണ്ടാണ് ഖത്തറിലേക്കുള്ള കര, വ്യോമ, സമുദ്ര പാതകള്‍ തുറക്കാന്‍ സൗദി അറേബ്യ തീരുമാനിച്ചത്. ഇന്നലെ കുവൈത്ത് വിദേശകാര്യമന്ത്രി അഹമ്മദ് നാസര്‍ അല്‍ മുഹമ്മദ് അല്‍ സബാഹ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ചര്‍ച്ചകള്‍ക്കായി റിയാദിലെത്തിയ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിയെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ആലിംഗനത്തോടെയാണ് സ്വീകരിച്ചത്. തര്‍ക്കം തീര്‍ക്കാന്‍ മധ്യസ്ഥ ഇടപെടലുകള്‍ നടത്തിയ അമേരിക്കയ്ക്കും കുവൈത്തിനും സൗദി കിരീടാവകാശി നന്ദി പറഞ്ഞു.
2017 ജൂണ്‍ 5നാണ് തീവ്രവാദബന്ധം ആരോപിച്ച് ഖത്തറിനെതിരെ സൗദി, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചത്.

Related Articles

Back to top button