GULFNRI

ലോകത്തെ ഏറ്റവും സുരക്ഷിത രാജ്യമായി ഖത്തര്‍ മുന്നേറ്റം തുടരുന്നു

ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ലോകത്തെ ഏറ്റവും സുരക്ഷിത രാജ്യമായി ഖത്തര്‍ മുന്നേറ്റം തുടരുന്നു. നമ്പിയോ ക്രൈം ഇന്‍ഡസ്‌കിന്റ 2020 അര്‍ദ്ധ വാര്‍ഷിക റിപ്പോര്‍ട്ടനുസരിച്ചാണ് സുരക്ഷ രംഗത്ത് ഖത്തര്‍ മുന്നേറ്റം തുടരുന്നത്.
133 രാജ്യങ്ങളിലെ കുറ്റകൃത്യങ്ങളുടെ തോത്, കൊലപാതകങ്ങള്‍, ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി രാജ്യ സുരക്ഷയുടെ വിവിധ തലങ്ങളിലുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങളനുസരിച്ച് തയ്യാറാക്കിയ ലിസ്റ്റില്‍ കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ ഏറ്റവും ഒടുവിലും സുരക്ഷയുടെ കാര്യത്തിലും ഏറ്റവും മുന്നിലുമാണ് ഖത്തറിന്റെ സ്ഥാനം .
കുറ്റകൃത്യങ്ങളുടെ വിലയിരുത്തലില്‍ 100 ല്‍ 11. 9 പോയന്റുകളാണ് ഖത്തറിനുള്ളത്. 133 രാജ്യങ്ങളുടെ പട്ടികയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. എന്നാല്‍ സുരക്ഷയില്‍ 88.1 ശതമാനം പോയയന്റുകളോടെ പട്ടികയില്‍ ഖത്തര്‍ ഒന്നാം സ്ഥാനത്താണ്.
സുരക്ഷ രംഗത്തെ ശക്തമായ മുന്‍കരുതലുകളും നീതിന്യായ രംഗത്തെ കാര്യക്ഷമമായ നിര്‍വഹണവും ധാര്‍മിക രംഗത്തെ ഉദ്ബുദ്ധതയുമൊക്കെ ഖത്തറിനെ ഏറ്റവും സുരക്ഷിതമായ ലോകരാജ്യമായി ഉയര്‍ത്താന്‍ സഹായിച്ച ഘടകങ്ങളാണ്.
2015 മുതല്‍ 19 വരെ അറബ് ലോകത്തെ ഏറ്റവും സുരക്ഷിതമായ രാജ്യം എന്ന സ്ഥാനം ഖത്തറിനായിരുന്നു. 2017, 2019 വര്‍ഷങ്ങളില്‍ ലോകത്തെ ഏറ്റവും സുരക്ഷിത രാജ്യമെന്ന പദവിയും ഖത്തര്‍ സ്വന്തമാക്കിയിരുന്നു. ഖത്തറിലെ മികച്ച സുരക്ഷ നടപടികളും കാര്യക്ഷമമായ ഭരണ വ്യവസ്ഥയും ലോകാടിസ്ഥാനത്തില്‍ തന്നെ അഅംഗീകരിക്കപ്പെടുന്നുവെന്നാണ് ഈ റിപ്പോര്‍ട്ടുകള്‍ അടയാളപ്പെടുത്തുന്നത്.
ലോകാടിസ്ഥാനത്തില്‍ അംഗീകാരമുള്ള ഏറ്റവും പ്രധാനപ്പെട്ട റിപ്പോര്‍ട്ടുകളിലൊന്നാണ് നമ്പിയോ ഡാറ്ര ബേസ് തയ്യാറാക്കുന്ന റിപ്പോര്‍ട്ട്. 2009 മുതല്‍ ലോക രാജ്യങ്ങളിലെ കുറ്റകൃത്യങ്ങള്‍ വിദഗ്ധ വിശകലന വിധേയമാക്കി നമ്പിയോ രാജ്യങ്ങളുടെ പട്ടിക പ്രസിദ്ധീകരിക്കുന്നുണ്ട്.
തീവ്രവാദവും ഭീകരവാദവുമൊക്കെ ആരോപിച്ച് അയല്‍ രാജ്യങ്ങള്‍ ഖത്തറിനെതിരെ ഉപരോധം തുടരുന്ന സാഹചര്യത്തില്‍, ഖത്തറിന്റെ നിലപാടുകളും നടപടികളും അംഗീകരിക്കുന്ന ഈ റിപ്പോര്‍ട്ടിന് വമ്പിച്ച പ്രാധാന്യമുണ്ട്.

Related Articles

Back to top button