
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: കോവിഡ് പ്രതിസന്ധിയില്‍ ഇന്ത്യയില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് ആശ്വാസമേകി ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കുള്ള ആദ്യ ചാര്‍ട്ടര്‍ വിമാനം ദോഹയിലെത്തി. ഒരു കോര്‍പറേറ്റ് സ്ഥാപനത്തിന് വേണ്ടി അവരുടെ നൂറോളം ജീവനക്കാരെ ദോഹയിലെത്തിക്കുന്നതിനായി മുംബൈയില്‍ നിന്നുള്ള വിമാനം ഇന്ന് ഉച്ചക്കാണ് ദോഹ അന്താരാഷ്ട്ര വിമാനതാവളത്തിലെത്തി ചേര്‍ന്നത്. മാജിക് ടൂര്‍സാണ് സ്പൈസ് ജെറ്റുമായി സഹകരിച്ച് വിമാനം ചാര്‍ട്ടര്‍ ചെയ്തത്.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിമാന സര്‍വീസ് നിലച്ച ശേഷം ഇന്ത്യയില്‍ നിന്നും യാത്രക്കാരെ കൊണ്ടുവരുന്നതിനുള്ള ആദ്യ ചാര്‍ട്ടര്‍ വിമാനമാണിതെന്ന് മാജിക് ടൂര്‍സ് ജനറല്‍ മാനേജര്‍ അജി കുര്യാക്കോസ് വ്യക്തമാക്കി.
ഖത്തറിലെ ആഭ്യന്തര മന്ത്രാലയം, ഫോറിന് മിനിസ്ട്രി, ആരോഗ്യ മന്ത്രാലയം, ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോരിറ്റി, ഇന്ത്യന്‍ എംബസി എന്നിവയുടെ പ്രത്യേക അനുമതിയും സഹകരണവും നേടിയാണ് വിമാനം ചാര്‍ട്ടര്‍ ചെയ്ത് ദോഹയിലെത്തിച്ചത്. ഇന്ത്യയിലേയും ഖത്തറിലേയും ബന്ധപ്പെട്ട വകുപ്പുകളുമായി നിരന്തരമായ ആശയവിനിമയങ്ങളിലൂടെയാണ് കുറഞ്ഞ സമയത്തിനുള്ളില്‍ വിമാനം ചാര്‍ട്ടര്‍ ചെയ്തത്.
മറ്റു ഏതാനും കമ്പനികളുടെ ഇന്ത്യയില്‍ കുടുങ്ങിയ ജീവനക്കാരേയും വിദ്യാര്‍ഥികളേയും ഖത്തറിലെത്തിക്കുന്നതിനുള്ള അപേക്ഷയില്‍ അടുത്ത വിമാനം ചാര്‍ട്ടര്‍ ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി അജി കുര്യാക്കോസ് പറഞ്ഞു. മുഴുവന്‍ യാത്രക്കാരും ഇന്ത്യയില്‍ നിന്നും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോടെയാണ് വന്നത്. സുരക്ഷ കണക്കിലെടുത്ത് പൊതുജനാരോഗ്യ മന്ത്രാലവുമായി ബന്ധപ്പെട്ട് എല്ലാവരേയും ഒരാഴ്ചത്തെ ക്വാറന്റൈന് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട് .
ജൂലൈ 22 ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ ആരോഗ്യ പ്രവര്‍ത്തകരേയും കുടുംബങ്ങളേയും വന്ദേ ഭാരത് മിഷന്റെ ദോഹയിലേക്ക് വരുന്ന വിമാനത്തില്‍ എത്തിച്ചിരുന്നു. ഹമദ് മെഡിക്കല്‍ കോര്പറേഷന് വേണ്ടി ഫെഡറേഷന് ഓഫ് ഇന്ത്യന്‍ നഴ്സസ് ഇന്‍ ഖത്തര്‍ ഇന്ത്യന്‍ എംബസിയുമായി സഹകരിച്ചാണ് ഈ സേവനം ശരിപ്പെടുത്തിയത്.
ഇതോടെ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന ഇന്ത്യയില്‍ കുടുങ്ങിയ ഖത്തര്‍ റസിഡന്‍സ് പെര്‍മിറ്റുളള ജീവനക്കാര്‍ക്കും കുടുംബങ്ങള്‍ക്കും ദോഹയിലേക്ക് വരാനാകുമോ എന്ന ആശങ്കയാണ് ഇല്ലാതായത്. ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള മുംബൈയില്‍ നിന്നും ചാര്‍ട്ടര്‍ വിമാനം ദോഹയിലെത്തിയത് ഏറെ പ്രതീക്ഷ നല്കുന്ന കാര്യമാണ്.
കോവിഡ് റിസ്ക് കുറഞ്ഞ 40 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്ലാത്തത് കാരണം ആഗസ്ത് ഒന്നു മുതല്‍ വിദേശികള്‍ ദോഹയിലെത്തുമ്പോള്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് അനുവാദമുണ്ടാകുമോ എന്ന തരത്തില്‍ വ്യാപകമായ ആശങ്കയാണ് സമൂഹത്തില്‍ നിലനിന്നിരുന്നത്. ഈ ആശങ്കകള്‍ അസ്ഥാനത്താണെന്ന് ബോധ്യപ്പെടുത്തിയാണ് ഇന്നുച്ഛക്ക് 12.45 ന് സ്പൈസ് ജെറ്റിന്റെ എസ്.ജി. 9609 വിമാനം ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ലാന്റ് ചെയ്തത്