BREAKING NEWSKERALA

ക്വാറി ദൂരപരിധി: ഹരിത ട്രിബ്യൂണലിന്റെ 200 മീറ്റര്‍ ഹൈക്കോടതി 50 മീറ്റര്‍ ആക്കി

കൊച്ചി: ക്വാറികള്‍ക്ക് ജനവാസപ്രദേശത്തുനിന്നുള്ള അകലം 50 മീറ്റര്‍ എന്നത് 200 മീറ്ററാക്കിയ ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസ് നല്‍കിയശേഷം അക്കാര്യം ട്രിബ്യൂണല്‍ വീണ്ടും പരിഗണിക്കണമെന്നാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാര്‍ ഉത്തരവിട്ടിട്ടുള്ളത്. ദൂരപരിധി ഉയര്‍ത്തിയത് പ്രതികൂലമായി ബാധിക്കുമെന്നും അതിനാല്‍ തങ്ങളെ കേള്‍ക്കാതെയുള്ള ഉത്തരവ് സ്വാഭാവിക നീതിയുടെ ലംഘനമാണെന്നുമുള്ള ക്വാറി ഉടമകളുടെ വാദം പരിഗണിച്ചാണിത്.
ജൂലായ് 21ലെ ദേശീയ ഹരിത ട്രിബ്യൂണല്‍ പ്രിന്‍സിപ്പല്‍ ബെഞ്ചിന്റെ ഉത്തരവ് ചോദ്യംചെയ്ത് സംസ്ഥാനസര്‍ക്കാരും മുപ്പതിലധികം ക്വാറി ഉടമകളും നല്‍കിയ ഹര്‍ജികളിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
അതേസമയം, 2020 ജൂലായ് 21ന് സാധുവായ ക്വാറി പെര്‍മിറ്റും പാട്ടവും ഉള്ളവര്‍ക്ക് 200 മീറ്റര്‍ ദൂരപരിധിയിലല്ലെങ്കിലും പ്രവര്‍ത്തിക്കാമെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഹരിത ട്രിബ്യൂണലിന്റെ പുതിയ ഉത്തരവ് വരുംവരെ തുടരും. തര്‍ക്കം പരിഗണിക്കവേ ആവശ്യമെങ്കില്‍ ഇടക്കാല ഉത്തരവില്‍ മാറ്റംവരുത്താന്‍ ട്രിബ്യൂണലിന് സ്വാതന്ത്ര്യമുണ്ടാകുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. പാലക്കാട് കൊന്നക്കല്‍ക്കടവിലെ ക്വാറിക്കെതിരേ നാട്ടുകാരുടെ നിവേദനം ഹര്‍ജിയായി പരിഗണിച്ചായിരുന്നു ഹരിത ട്രിബ്യൂണലിന്റെ 2020 ജൂലായ് 21ലെ ഉത്തരവ്. അതിനെതിരായ ഹര്‍ജികള്‍ പരിഗണിച്ച ഹൈക്കോടതി ഓഗസ്റ്റ് ആറിന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പുതിയ അപേക്ഷകളില്‍ 200 മീറ്റര്‍ അകലമില്ലെങ്കില്‍ പ്രവര്‍ത്തനാനുമതി നല്‍കരുതെന്ന് ഇടക്കാല ഉത്തരവിലുണ്ട്. എന്നാല്‍, അത്തരം അപേക്ഷകളിലും സ്‌ഫോടകവസ്തു അനുമതി, തദ്ദേശസ്വയംഭരണ സ്ഥാപന അനുമതി, പരിസ്ഥിതി മലിനീകരണം തുടങ്ങിയ കാര്യങ്ങളിലെ അപേക്ഷകളില്‍ നടപടി തുടരാം.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker