NATIONALNEWS

റഫാല്‍ പറന്നിറങ്ങി; സൈനിക ചരിത്രത്തിലെ പുതുയുഗമെന്ന് പ്രതിരോധമന്ത്രി

ഇന്ത്യന്‍ സൈന്യത്തിന് കരുത്ത് പകരാന്‍ റഫാല്‍ വിമാനങ്ങള്‍ എത്തി. ഹരിയാനയിലെ അംബാല വ്യോമസേനാ വിമാനത്താവളത്തിലാണ് റഫാല്‍ വിമാനങ്ങള്‍ പറന്നിറങ്ങിയത്. വിമാനങ്ങളെ സമുദ്രാതിര്‍ത്തിയില്‍ നാവികസേന സ്വാഗതം ചെയ്തിരുന്നു. അഞ്ച് വിമാനങ്ങളാണ് രാജ്യത്ത് എത്തിച്ചേര്‍ന്നിരിക്കുന്നത്. തിങ്കളാഴ്ചയാണ് ഫ്രാന്‍സില്‍ നിന്ന് അഞ്ച് വിമാനങ്ങള്‍ പുറപ്പെട്ടത്. പിന്നീട് യുഎഇയില്‍ നിന്ന് ചൊവ്വാഴ്ച യാത്ര പുനരാരംഭിച്ചു.

അംബാല വ്യോമ താവളത്തില്‍ വ്യോമസേനാ മേധാവി ആര്‍. കെ. ബദൗരിയ സ്വീകരിച്ചു. 7000 കിലോമീറ്റര്‍ താണ്ടിയാണ് റഫാല്‍ എത്തിയത്. അമേരിക്കയുടെ എഫ് 16, എഫ് 18, റഷ്യയുടെ മിഗ് 35, സ്വീഡന്റെ ഗ്രിപെന്‍, യൂറോപ്യന്‍ രാജ്യങ്ങളുടെ സംയുക്ത സംരംഭമായ യൂറോഫൈറ്റര്‍ എന്നിവയോട് കിടപിടിക്കുന്ന സാങ്കേതിക പക്വതയാണ് റഫാലിന്റെ മേന്മ.

ഫ്രാന്‍സില്‍ നിന്ന് 7000 കിലോമീറ്ററില്‍ പരം ദൂരം മൂന്ന് ദിവസം കൊണ്ട് പിന്നിട്ടാണ് റാഫേല്‍ വിമാനങ്ങള്‍ ഇന്ത്യന്‍ ആകാശത്ത് പറന്നെത്തിയത്. ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ച ഉടന്‍ തന്നെ രണ്ട് സുഖോയ് യുദ്ധവിമാനങ്ങള്‍ അഞ്ചു റാഫേല്‍ വിമാനങ്ങള്‍ക്ക് അകമ്പടി സേവിച്ചു. സേനാ ചരിത്രത്തില്‍ പുതിയ യുഗത്തിന് തുടക്കം കുറിച്ചതായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. ഇന്ത്യന്‍ വ്യോമസേനയുടെ ശേഷിയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്താന്‍ ഈ വിവിധോദ്ദേശ്യ യുദ്ധവിമാനങ്ങള്‍ വഴി സാധിക്കും. ഇന്ത്യയുടെ ഐക്യം തകര്‍ക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് വ്യോമസേനയുടെ ശേഷി വര്‍ധിപ്പിച്ചത് സഹിക്കാന്‍ സാധിക്കില്ലെന്നും രാജ് നാഥ് സിങ് ഓര്‍മ്മിപ്പിച്ചു. റാഫേല്‍ യുദ്ധവിമാനങ്ങളുടെ കടന്നുവരവിനെ പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്‌കൃതത്തില്‍ സ്വാഗതം ചെയ്തു.

റഫാല്‍ എത്തുന്നതുമായി ബന്ധപ്പെട്ട സുരക്ഷാഭീഷണി കണക്കിലെടുത്ത് അമ്പാലയിലും ചുറ്റുമുള്ള ഗ്രാമപ്രദേശങ്ങളിലും ജില്ലാ മജിസ്ട്രേറ്റ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു.

Related Articles

Back to top button