ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കേസില്‍ നടി രാഗിണി ദ്വിവേദിയെ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് (സി.സി.ബി) കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാവിലെ മുതല്‍ രാഗിണിയുടെ യെലഹങ്കയിലെ വീട്ടില്‍ സിസിബി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയിരുന്നു. ഇതിന് ശേഷമാണ് രാഗിണിയെ കസ്റ്റഡിയിലെടുത്തത്. സിസിബി ആസ്ഥാനത്തെത്തിച്ച രാഗിണിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നാണ് സൂചന.
വ്യാഴാഴ്ച അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ രാഗിണിക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട രാഗിണി ഇന്നലെ സിസിബി ആസ്ഥാനത്ത് ഹാജരായിരുന്നില്ല. ഈ സാഹചര്യത്തില്‍ കോടതിയില്‍നിന്ന് സെര്‍ച്ച് വാറണ്ടുമായാണ് വെള്ളിയാഴ്ച രാവിലെതന്നെ രാഗിണിയുടെ യെലഹങ്കയിലെ വീട്ടില്‍ സി.സി.ബി. ഉദ്യോഗസ്ഥര്‍ റെയ്ഡിനെത്തിയിരുന്നത്.
രാഗിണി ദ്വിവേദിയുടെ സുഹൃത്തായ രവിശങ്കര്‍ ഇന്നലെ അറസ്റ്റിലായിരുന്നു. ലഹരിമരുന്ന് കേസില്‍ രവിശങ്കറിന് കൃത്യമായ പങ്കുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഇദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായ രാഗിണിക്കും കേസില്‍ പങ്കുണ്ടെന്ന തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് രാഗിണിയുടെ വീട്ടില്‍ സിസിബി റെയ്ഡ് നടത്തിയതും നടിയെ കസ്റ്റഡിയിലെടുത്തതെന്നുമാണ് സൂചന.
കേസില്‍ നടി സഞ്ജന ഗല്‍റാണിയേയും ബെംഗളൂരു സെന്‍ട്രല്‍ ക്രൈബ്രാഞ്ച് ഉടന്‍ ചോദ്യം ചെയ്തേക്കും. ഇവരുടെ സഹായിയായ രാഹുലും കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. കന്നട സിനിമ മേഖലയില്‍ നടക്കുന്ന പാര്‍ട്ടികളില്‍ മയക്കുമരുന്ന് വിതരണം ചെയ്യുന്നത് രാഹുലാണെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഇതുസംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയാനാണ് സഞ്ജനയേയും സി.സി.ബി ചോദ്യം ചെയ്യുന്നത്.