BREAKINGKERALA

സൗദിയിലെ ജയിലില്‍ കഴിയുന്ന മലയാളി അബ്ദുല്‍ റഹീമിന്റെ മോചനം ഉടന്‍; അടുത്ത കോടതി സിറ്റിംഗില്‍ മോചന ഉത്തരവ്

റിയാദ്: സൗദി അറേബ്യയിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടോമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനം ഉടന്‍. അടുത്ത കോടതി സിറ്റിംഗില്‍ മോചന ഉത്തരവ് ഇറങ്ങുമെന്ന് റഹീമിന്റ് അഭിഭാഷകന്‍ അറിയിച്ചു. പത്ത് ദിവസത്തിനകം റഹീമിന് വീട്ടിലെത്താനാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
സ്‌പോണ്‍സറുടെ ചലനശേഷി നഷ്ടപ്പെട്ട മകനെ കൊലപ്പെടുത്തിയ കേസില്‍ 18 വര്‍ഷമായി അബ്ദുല്‍ റഹീം ജയിലില്‍ കഴിയുകയാണ്. റഹീമിന്റെ മോചനത്തിനായി സമാഹരിച്ച ദയധനമായ ഒന്നര കോടി സൗദി റിയാല്‍ കെട്ടിവെച്ചതോടെ അബ്ദുല്‍ റഹീമിന്റെ വധശിക്ഷ റിയാദ് ക്രിമിനല്‍ കോടതി റദ്ദ് ചെയ്തിരുന്നു. റഹീമിന്റെ മോചനത്തിനായി സമാഹരിച്ച 47 കോടിയിലേറെ ഇന്ത്യന്‍ രൂപയില്‍ നിന്നാണ് ദയധനമായ ഒന്നര കോടി സൗദി റിയാല്‍ നാട്ടിലെ ട്രസ്റ്റ് വിദേശകാര്യ മന്ത്രാലയത്തിന് നല്‍കിയത്.
2006 ല്‍ റിയാദില്‍ ഡ്രൈവര്‍ ജോലിക്കെത്തിയ അബ്ദുല്‍ റഹീമിന്റെ സ്‌പോണ്‍സര്‍ ഫായിസ് അബ്ദുല്ല അബ്ദുറഹ്‌മാന്‍ അല്‍ശഹ്രിയുടെ മകനായ 15 കാരന്‍ അനസ് അല്‍ശഹ്രിയാണ് കൊല്ലപ്പെട്ടത്. ചലനശേഷിയില്ലാത്ത അനസിനെ ശുശ്രൂഷിക്കലായിരുന്നു അബ്ദുറഹീമിന്റെ പ്രധാന ജോലി. കഴുത്തില്‍ ഘടിപ്പിച്ച പ്രത്യേക ഉപകരണത്തിലൂടെയാണ് അനസിന് ഭക്ഷണവും വെള്ളവുമെല്ലാം നല്‍കിയിരുന്നത്. അനസുമായി വാഹനത്തില്‍ പോകുന്നതിനിടെ അബദ്ധത്തില്‍ കഴുത്തിലെ ഉപകരണത്തില്‍ അബ്ദുല്‍റഹീമിന്റെ കൈ തട്ടിയതോടെ കുട്ടി മരിക്കുകയായിരുന്നു.

Related Articles

Back to top button