പട്ന : ബിഹാറില്‍ ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയയെും മുഖ്യമന്ത്രി നിതീഷ്കുമാറിനെയും രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി.
ബിഹാറില്‍ പഞ്ചസാര ഫാക്ടറി നിര്‍മിച്ച് ജനങ്ങള്‍ക്കൊപ്പം ചായകുടിക്കുമെന്ന് പറഞ്ഞ നരേന്ദ്ര മോദി തന്റെ വാഗ്ദാനം പാലിച്ചോ എന്നു ചമ്പാരനില്‍ നടന്ന റാലിയില്‍ പങ്കെടുത്ത് കൊണ്ട് രാഹുല്‍ ഗാന്ധി ചോദിച്ചു.
‘ഇവിടെ ഒരു പഞ്ചസാര ഫാക്ടറി സ്ഥാപിക്കുമെന്നും നിങ്ങള്‍ക്കൊപ്പം ചായകുടിക്കുമെന്നുമാണ് കഴിഞ്ഞ തവണ ഇവിടെയെത്തിയപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനം ചെയ്തത്. നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ അത്? അദ്ദേഹം നിങ്ങളോടൊപ്പം ചായ കുടിച്ചിരുന്നോ? ‘ രാഹുല്‍ ഗാന്ധി ചോദിച്ചു.
പഞ്ചാബിലെ ദസറയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിക്കുന്നത് കണ്ട് ആശ്ചര്യപ്പെട്ടു പോയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
‘അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രിയായയതിനാല് ഇത്തരമൊരു കാര്യം സംഭവിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. പക്ഷെ പഞ്ചാബിലെ കര്‍ഷകര്‍ക്ക് അദ്ദേഹത്തോടു തോന്നുന്നതിതാണ്’, രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു
‘നിതീഷ്കുമാര്‍ 2006ല്‍ ബിഹാറിനോട് ചെയ്തതാണ് പ്രധാനമന്ത്രി പഞ്ചാബിനോടും ഈ രാജ്യത്തോടു മുഴുവനായും ചെയ്യുന്നത്’, കര്‍ഷക നിയമത്തെ മുന്‍ നിര്‍ത്തി രാഹുല്‍ സംസാരിച്ചു.
‘ബിഹാറിലെ തൊഴിലില്ലായ്മയെ കുറിച്ച് പറയുമ്പോഴും പ്രധാനമന്ത്രിയെ രാഹുല്‍ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. ഈ അടുത്തകാലത്തൊന്നും പ്രധാനമന്ത്രി തൊഴിലിനെ കുറിച്ച് സംസാരിക്കാറില്ല. കാരണം ബിഹാറിലെ ജനങ്ങള്‍ ഇനിയും അദ്ദേഹത്തിന്റെ കള്ളങ്ങള്‍ വിശ്വസിക്കില്ല. പതിറ്റാണ്ടുകളോളം കോണ്‍ഗ്രസ്സ് കേന്ദ്രത്തിലുണ്ടായിരുന്നു. ഞങ്ങള്‍ക്കറിയാം എങ്ങനെ ഭരിക്കണമെന്ന്. പക്ഷെ ചില പരിമിതകളും ഞങ്ങള്‍ക്കുണ്ട്. ഞങ്ങളെന്തായാലും പല്ലിളിച്ചു കാട്ടി കള്ളം പറയില്ല’.
‘ബിഹാറിലെ ജനം എന്തുകൊണ്ടാണ് മറ്റ് സംസ്ഥാനങ്ങളില്‍ തൊഴില്‍ തേടി പോകുന്നത്. നമ്മുടെ സഹോദരങ്ങള്‍ക്ക് എന്തെങ്കിലും കുറവുകളുണ്ടോ. ഇല്ല. നിങ്ങളുടെ മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കുമാണ് കുറവുകളുള്ളത്’.
നോട്ട് നിരോധനവും ലോക്കഡൗണും അവസാന നിമിഷമാണ് പ്രധാനമന്ത്രി പ്രഖ്യാപിക്കുന്നത്. പാവപ്പെട്ടവരും മധ്യവര്‍ഗ്ഗവും അതുമൂലം ദുരിതമനുഭവിച്ചു. പക്ഷെ വ്യവസായികള്‍ സ്വസ്ഥരായിരുന്നുവെന്നും രാഹുല്‍ വിമര്‍ശിച്ചു.