BREAKING NEWSKERALALATEST

സെക്രട്ടേറിയറ്റിന് മുന്നിലെ പി.എസ്.സി ഉദ്യോഗാര്‍ഥികളുടെ സമരപന്തലില്‍ രാഹുല്‍ ഗാന്ധി; പരാതികള്‍ പങ്കുവച്ച് സമരക്കാര്‍

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളെ സന്ദര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അപ്രതീക്ഷിതമായി സമരപ്പന്തലിലെത്തിയ രാഹുല്‍ അര മണിക്കൂറിലേറെ ഉദ്യോഗാര്‍ത്ഥികള്‍ക്കൊപ്പം ചെലവഴിച്ചു. സിവില്‍ പൊലീസ് ഓഫീസേഴ്‌സ് റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ സമര പന്തലിലാണ് രാഹുല്‍ ആദ്യം എത്തിയത്.
എല്ലാ റാങ്ക് ലിസ്റ്റുകളിലെ സമരക്കാരുമായും രാഹുല്‍ സംസാരിച്ചു. എല്ലാ സമരപന്തലും സന്ദര്‍ശിച്ച ശേഷമാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ നിരാഹാരമിരിക്കുന്ന പന്തലില്‍ രാഹുല്‍ എത്തിയത്. അതിനു ശേഷം രാഹുല്‍ സെക്രട്ടേറിയറ്റ് നടയില്‍ നിന്നും മടങ്ങി. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എം.എല്‍.എമാരായ ഷാഫി പറമ്പില്‍, കെ.എസ് ശബരീനാഥന്‍, മുതല്‍ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്ത് തുടങ്ങിയവര്‍ രാഹുലിനൊപ്പമുണ്ടായിരുന്നു.
ഉദ്യോഗാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ രാഹുല്‍ ഗാന്ധിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ മാധ്യമങ്ങളോട് പറഞ്ഞു. സമരത്തിന്
രാഹുല്‍ഗാന്ധിയുടെ പൂര്‍ണ പിന്തുണയുണ്ട്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ പി എസ് സി യുടെ വിശ്വാസ്യത കാക്കുന്ന തീരുമാനങ്ങള്‍ ഉണ്ടാകുമെന്നും ഷാഫി പറഞ്ഞു.
രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യ കേരള യാത്രയുടെ സമാപന ചടങ്ങില്‍ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെ രാഹുല്‍ കടന്നാക്രമിച്ചിരുന്നു. സി.പി.എം കൊടി പിടിച്ചാല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇരുന്നും സ്വര്‍ണം കടത്താമെന്നു രാഹുല്‍ ഗാന്ധി പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉള്ളവര്‍ക്കെതിരായ കേസുകള്‍ എന്തുകൊണ്ടാണ് ഇഴഞ്ഞ് ഇഴഞ്ഞ് പോകുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും രാഹുല്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യ കേരള യാത്രയുടെ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.
മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെയുള്ള ഇഡിയുടെയും കസ്റ്റംസിന്റെയും സ്വര്‍ണക്കടത്തു കേസ് അന്വേഷണം ഇഴയുന്നതെന്താണെന്നു മനസിലാകുന്നില്ല. എന്തുകൊണ്ടാണ് കേന്ദ്ര ഏജന്‍സികള്‍ ഇടതുപക്ഷ സര്‍ക്കാരിനെ ആക്രമിക്കാത്തത്. ഇക്കാര്യത്തില്‍ തനിക്ക് ആശയകുഴപ്പമുണ്ടെന്നും രാഹുല്‍ പറഞ്ഞു. എല്ലാം ശരിയാക്കുമെന്നു പറഞ്ഞത് ജനങ്ങള്‍ക്കു വേണ്ടിയാണോ പാര്‍ട്ടിക്കുവേണ്ടിയാണോയെന്നു എല്‍ഡി.എഫ് വ്യക്തമാക്കണം. ഇടതു പാര്‍ട്ടിയിലാണെങ്കില്‍ മാത്രം ജോലി ലഭിക്കുകയും പാര്‍ട്ടി കൊടിപിടിച്ചാല്‍ സ്വര്‍ണക്കടത്ത് അനുവദിക്കുകയും ചെയ്യുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.
എന്തുകൊണ്ടാണ് ഇവിടുത്തെ അഭ്യസ്ഥവിദ്യര്‍ക്ക് ജോലികിട്ടാത്തത്. നിങ്ങള്‍ ഇടതുപക്ഷത്താണെങ്കില്‍ ജോലി ലഭിക്കുന്ന അവസ്ഥയാണ് കേരളത്തില്‍. സാധാരണക്കാരായ ചെറുപ്പക്കാര്‍ക്കു ജോലി വേണമെങ്കില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രതിഷേധിക്കേണ്ടി വരും. നിരാഹാരം കിടന്നാലും മുഖ്യമന്ത്രി ചര്‍ച്ച നടത്തില്ല. രാഹുല്‍ പറഞ്ഞു.

Related Articles

Back to top button