BREAKINGKERALA

യുവതി മൊഴി മാറ്റിയിട്ടും പൊലീസ് മുന്നോട്ട്; പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ 5 പ്രതികള്‍, കുറ്റപത്രം നല്‍കി

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു. 498എ, 324, 307, 212, 494 ഐപിസി തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കേസില്‍ അഞ്ചു പ്രതികളാണുള്ളത്. കേസ് റദ്ദാക്കാന്‍ പ്രതിഭാഗം നല്‍കിയ ഹര്‍ജി അടുത്തമാസം എട്ടിന് പരിഗണിക്കാനിരിക്കെയാണ് കുറ്റപത്രം നല്‍കിയത്. കേസില്‍ ഇരയായ പെണ്‍കുട്ടി മൊഴിമാറ്റിയത് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. തുടര്‍ന്ന് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിയായ രാഹുല്‍ ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു.
കേസെടുത്തതിന് പിന്നാലെ രാഹുല്‍ ജര്‍മനിയിലേക്ക് കടന്നിരുന്നു. തന്റെ വീട്ടുകാരുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് ഭര്‍ത്താവിനെതിരെ പരാതി നല്‍കിയതെന്ന് യുവതി പിന്നീട് പറഞ്ഞിരുന്നു. വീട്ടുകാര്‍ക്കൊപ്പം പോകാന്‍ താല്‍പര്യമില്ലെന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയപ്പോള്‍ അറിയിച്ച യുവതി ദില്ലിയിലേക്ക് തിരിച്ചു പോയി. പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് ഒത്തുതീര്‍പ്പായെന്നാണ് പ്രതി ഹൈക്കോടതിയില്‍ അറിയിച്ചത്. എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതി രാഹുലിന്റെ ഹര്‍ജിയില്‍ സര്‍ക്കാരിനും പന്തീരാങ്കാവ് എസ്എച്ച്ഒയ്ക്കും പരാതിക്കാരിക്കും കോടതി നോട്ടീസ് അയച്ചിരുന്നു. ഇതിനിടയിലാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കുന്നത്.

Related Articles

Back to top button