കൊല്ലം: മുത്തശ്ശന് ജവഹര്‍ലാല്‍ നെഹ്റു ദശകങ്ങള്‍ക്ക് മുന്‍പ് ആവേശം മൂത്ത് ആലപ്പുഴയില്‍ ചുണ്ടന് വള്ളത്തില്‍ ചാടിക്കയറിയെങ്കില്‍ രാഹുല്‍ ഗാന്ധി കയറിയത് മത്സ്യ ബന്ധന ബോട്ടില്‍. കയറുക മാത്രമല്ല, മത്സ്യത്തൊഴിലാളികള്‍ക്ക് ഒപ്പം കടലില്‍ ചാടി വല ഒതുക്കുകയും ചെയ്തു. ആഴക്കടല്‍ മത്സ്യബന്ധന വിഷയത്തില്‍ കൊല്ലത്ത് മത്സ്യത്തൊഴിലാളികളുമായി സംവദിക്കാന്‍ എത്തിയതായിരുന്നു രാഹുല്‍ഗാന്ധി.
രാവിലെ കൂടിക്കാഴ്ചയ്ക്ക് മുന്‍പായിരുന്നു കടല്‍യാത്ര. മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം ചെറു ബോട്ടിലായിരുന്നു കടലിലേക്ക് പോയത്. വല എറിയുന്നതിനും ഒപ്പം കൂടി. മത്സ്യത്തൊഴിലാളികള്‍ വല ഒതുക്കാന്‍ കടലില്‍ ചാടിയപ്പോഴായിരുന്നു അപ്രതീക്ഷിതമായി രാഹുല്‍ഗാന്ധിയും ഒപ്പം ഇറങ്ങിയത്. പിന്നീട് ബോട്ടില്‍ കയറി വലിക്കുകയും ചെയ്തു.
മത്സ്യത്തൊഴിലാളികള്‍ ബോട്ടില്‍ തന്നെ കുറച്ചു മീന്‍ പാകം ചെയ്തു. തൊഴിലാളികള്‍ക്കൊപ്പം കൂടി രാഹുല്‍ഗാന്ധിയും മീന്‍ കഴിച്ചു. ട്രോളറുകള്‍ കൊണ്ടുവന്ന് മത്സ്യബന്ധന മേഖലയെ സര്‍ക്കാര്‍ തകര്‍ക്കുകയാണ് എന്ന് പിന്നീട് സംവാദത്തില്‍ രാഹുല്‍ഗാന്ധി പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രമായി യുഡിഎഫ് പ്രത്യേക പ്രകടനപത്രിക ഇറക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ന്യായ് പദ്ധതിയിലൂടെ പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്കും പണം നല്‍കും. കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസ സഹായം ലഭ്യമാക്കും. ഹാര്‍ബറുകളിലെ മത്സ്യ കച്ചവടത്തിന് സര്‍ക്കാറിന് നല്കുന്ന 5 % കമ്മിഷന് ഒഴിവാക്കും. ഇനിയുള്ള മൂന്നാഴ്ച മത്സ്യത്തൊഴിലാളികളുമായി യു ഡി എഫ് നേതാക്കള്‍ സംസാരിച്ചാകും പ്രകടനപത്രിക തയ്യാറാക്കുക എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
നേരത്തെ മത്സ്യതൊഴിലാളികള്‍ കടലിലേക്ക് ചാടിയത് എന്തിനാണെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. ഇപ്പോള്‍ മീന്‍ കുറവാണെന്നും വലയില്‍ കുടുങ്ങിയ മീന്‍ ചാടി പോകാതിരിക്കാനാണ് അവര്‍ കടലില്‍ ചാടിയതെന്നും ബോട്ടുടമ അദ്ദേഹത്തോട് പറഞ്ഞു. എങ്കില്‍ താനും അവര്‍ക്കൊപ്പം കൂടുന്നുവെന്ന് പറഞ്ഞ് ധരിച്ചിരുന്ന ടീ ഷര്‍ട്ട് മാറ്റി രാഹുല്‍ ഗാന്ധി കടലിലേക്ക് ചാടുകയായിരുന്നു.
കടലില്‍ അദ്ദേഹം നന്നായി നീന്തിയെന്നും ബോട്ടില്‍ കയറിയ ശേഷവും വല വലിക്കാന്‍ അദ്ദേഹം ഒപ്പം കൂടി. ഒരു വേര്‍തിരിവും കാണിക്കാതെ തൊഴിലാളികള്‍ക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിച്ചു. ഞങ്ങളോട് വിശേഷങ്ങള്‍ ചോദിച്ചുവെന്നും ബോട്ടുടമ മാധ്യമങ്ങളോട് പറഞ്ഞു.
പുലര്‍ച്ച നാലുമണിക്ക് തന്നെ അദ്ദേഹം വാടി കടപ്പുറത്ത് എത്തി. ബോട്ടില്‍ വച്ച് ഞങ്ങളോട് കുടുംബത്തെ പറ്റിയും വരുമാനത്തെ പറ്റിയും ഞങ്ങളുടെ മക്കളെ പറ്റിയും അദ്ദേഹം ചോദിച്ചറിഞ്ഞുവെന്നും മത്സ്യത്തൊഴിലാളികള്‍ പറയുന്നു.