ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായ 19കാരിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ സൂപ്പര്‍ സ്റ്റാറുകള്‍. യാത്രക്കിടെ വാഹനം കടത്തി വിടാനാകില്ലെന്ന പോലീസിന്റെ കര്‍ശന നിര്‍ദേശത്തെ അവഗണിച്ച് കാറില്‍ നിന്നും ഇറങ്ങി രാഹുലും പ്രിയങ്കയും നടക്കുകയായിരുന്നു. മലയാളികളെ സംബന്ധിച്ച് ഈ രംഗം ഏറെ സുപരിചിതമാണ്.
മോഹന്‍ലാല്‍ മഞ്ജു വാര്യര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ എന്ന ചിത്രത്തിലുണ്ടായിരുന്നു ഇതുപോലെ ഒരു രംഗം. ഇപ്പോഴിതാ, ഇരു രംഗങ്ങളും കോര്‍ത്തിണക്കി ആരാധകന് പങ്കുവച്ച ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
പികെ രാംദാസ് എന്ന നേതാവിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനായി മോഹന്‍ലാലിന്റെ കഥാപാത്രമായ സ്റ്റീഫന്‍ നെടുമ്പള്ളി എത്തുമ്പോള്‍ പോലീസ് തടയുന്നുണ്ട്. തുടര്‍ന്ന് നൂറു കണക്കിന് പ്രവര്‍ത്തകര്‍ക്കൊപ്പം സ്റ്റീഫന്‍ നടന്നു വരുന്നതാണ് രംഗം. ഓണ്‍സ്ക്രീനില്‍ പോലീസിനെ സ്തംബ്ധരാക്കി സ്റ്റീഫന്‍ നടന്നുനീങ്ങിയ പോലെയായിരുന്നു രാഹുലിന്റെയും പ്രിയങ്കയുടെയും യാത്ര. റീല്‍ ആന്‍ഡ് റിയല്‍ എന്ന് തിരിച്ചാണ് ഇരു രംഗങ്ങളുടെയും താരതമ്യ വീഡിയോ ചെയ്തിരിക്കുന്നത്.