ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് എം.പി. സ്ഥാനം രാജിവെച്ച് റായ്ബറേലിയില്‍ തുടരും. പകരം പ്രിയങ്കാ ഗാന്ധി വയനാട്ടില്‍ മത്സരിക്കും. തിങ്കളാഴ്ച വൈകീട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുര്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന പാര്‍ട്ടി നേതൃയോഗമാണ് തീരുമാനമെടുത്തത്.
വയനാട്ടില്‍ 3,64,422 വോട്ടിന്റെ ഭൂരിപക്ഷത്തിലും റായ്ബറേലിയില്‍ 3,90,030 വോട്ടിന്റെ ഭൂരിപക്ഷത്തിലുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിജയം. ഇതിനിടെ രാഹുല്‍ ഗാന്ധി മണ്ഡലം ഒഴിയുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ സൂചന നല്‍കിയിരുന്നു. ഇരു മണ്ഡലങ്ങളിലേയും ജനങ്ങള്‍ക്ക് സന്തോഷം തരുന്ന തീരുമാനമെടുക്കുമെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
വയനാട് രാഹുല്‍ ഒഴിഞ്ഞാല്‍ അവിടെ പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കണമെന്ന് നേരത്തെ ആവശ്യമുയര്‍ന്നിരുന്നു. കെ.മുരളീധരനടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പേരും ഉയര്‍ന്ന് കേട്ടിരുന്നു.ഇതിനിടെയാണ് പ്രഖ്യാപനമുണ്ടായത്.
2019 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അവതരിപ്പിച്ച ഏറ്റവും വലിയ സര്‍പ്രൈസ് ആയിരുന്നു രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വം. അന്ന് അമ്പരന്നത് കേരളം മാത്രമല്ല, രാജ്യമൊന്നാകെയായിരുന്നു. വയനാട്ടില്‍നിന്നൊരു പ്രധാനമന്ത്രി എന്ന പ്രചാരണം രാഹുലിന്റെ വരവോടെ കോണ്‍ഗ്രസ് ഏറ്റെടുത്തു. വെറും താരമണ്ഡലത്തിനപ്പുറം കോണ്‍ഗ്രസിന് വയനാട് എപ്ലസ് താരമണ്ഡലം തന്നെയായി മാറുകയും ചെയ്തു.
വയനാട്ടിലേക്കുള്ള രാഹുലിന്റെ വരവ് ഒളിച്ചോട്ടമാണെന്നും ബി.ജെ.പിയെ പേടിച്ചാണെന്നുമടക്കം അന്നുമുതല്‍ ഇടതുപക്ഷവും ബി.ജെ.പിയുമടക്കമുള്ളവര്‍ ആരോപണങ്ങളുന്നയിച്ചിട്ടും മോദിയും ബി.ജെ.പിയും മാത്രമായിരുന്നു രാഹുലിന്റെ പ്രധാന പ്രചാരണ ആയുധം. വയനാട്ടിലേക്കുള്ള രാഹുലിന്റെ വരവിനെ ട്രോളുകളായും കളിയാക്കലുകളായും സാമൂഹിക മാധ്യമങ്ങള്‍ ആഘോഷിച്ചപ്പോഴും അതിനെ മൈന്‍ഡ് ചെയ്യാതെ വിടുകയായിരുന്നു ഒന്നാം വരവില്‍ രാഹുല്‍.
പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ബി.ജെ.പിയേയും അതിരൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് മണ്ഡലത്തിന്റെ മുക്കിലും മൂലയിലുമെത്തിയ രാഹുല്‍ ഗാന്ധിക്ക് അര്‍ഹമായ പരിഗണന തന്നെ 2019-ല്‍ വയനാട്ടുകാര്‍ നല്‍കി. 4,31,770 എന്ന സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷം. എന്നാല്‍ അഞ്ചുവര്‍ഷത്തിനിപ്പുറം രണ്ടാം തവണയും രാഹുല്‍ തന്നെ വയനാട്ടില്‍ സ്ഥാനാര്‍ഥിയായി എത്തിയപ്പോഴും ഒളിച്ചോട്ടക്കാരനെന്ന വിളി വീണ്ടും കേട്ടു. പക്ഷെ റായ്ബറേലിക്കൊപ്പം വയനാട്ടിലും മൂന്ന് ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുകയും അമേഠി കോണ്‍ഗ്രസ് തിരിച്ചുപിടിക്കുകയും ചെയ്തതോടെ ഒളിച്ചോട്ടക്കാരനെന്ന് വിളിച്ചവര്‍ക്ക് മുഖമടച്ച് മറുപടി നല്‍കി രാഹുലും കോണ്‍ഗ്രസും.
വയനാട്ടില്‍ ഇനി ആരെന്ന ഒറ്റ ചോദ്യമാണ് പിന്നീട് ഉയര്‍ന്ന് കേട്ടത്. ഒടുവില്‍ ആ പ്രഖ്യാപനവും വന്നിരിക്കുന്നു. വയനാട്ടിലേക്ക് മത്സരിക്കാന്‍ പ്രിയങ്കയെ തന്നെ ചുമതലപ്പെടുത്തിയിരിക്കുന്നു കോണ്‍ഗ്രസ് നേതൃത്വം. അങ്ങനെ ഗാന്ധി കുടുംബത്തില്‍ നിന്ന് മറ്റൊരാള്‍ കൂടി തിരഞ്ഞെടുപ്പ് ഗോദയിലേക്കെത്തുകയും ചെയ്യുന്നു. പല പേരുകള്‍ ഉയര്‍ന്ന് കേട്ടിരുന്നു വയനാട്ടിലേക്ക്. അതില്‍ തൃശ്ശൂരില്‍നിന്ന് മത്സരിച്ച് തോറ്റ കെ. മുരളീധരന്റെ പേരുവരെയുണ്ടായിരുന്നു. ഇതിനിടെയാണ് പ്രിയങ്കയെ പ്രഖ്യാപിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ തീരുമാനം പറഞ്ഞത്.
മലപ്പുറം ജില്ലയിലെ മൂന്ന് നിയമസഭാ മണ്ഡലവും കോഴിക്കോട് ജില്ലയിലെ ഒരു മണ്ഡലവും വയനാട് ജില്ലയിലെ മൂന്ന് മണ്ഡലവും ഉള്‍പ്പെടുന്ന വയനാട് ലോക്സഭാ മണ്ഡലം രൂപീകൃത കാലം മുതല്‍ കോണ്‍ഗ്രസിന്റെ കുത്തക സീറ്റാണ്. ന്യൂനപക്ഷ വോട്ടുകള്‍ നിര്‍ണായകമാവുന്ന മണ്ഡലത്തില്‍ ആദ്യം പ്രാദേശിക നേതാക്കളെ പരിഗണിക്കാമെന്ന ചര്‍ച്ച ഉയര്‍ന്നുവന്നിരുന്നുവെങ്കിലും ഇത് പാര്‍ട്ടിക്കുള്ളില്‍ അസ്വാരസ്യത്തിന് ഇടയാക്കാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് പ്രിയങ്കയിലേക്ക് തന്നെ കാര്യങ്ങള്‍ എത്തിയത്. രാഹുല്‍ അല്ലെങ്കില്‍ പ്രിയങ്ക വേണമെന്ന മുസ്ലീം ലീഗ് അടക്കമുള്ളവരുടെ താല്‍പര്യവും പരിഗണക്കപ്പെടുകയായിരുന്നു.
രാഹുല്‍ വയനാട്ടുകാരെ വഞ്ചിച്ചുവെന്ന പ്രതിപക്ഷ ആരോപണത്തിനും പ്രിയങ്കയിലൂടെ മറുപടി കൊടുക്കാനായി എന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ച് നേട്ടമായി. 2004-ല്‍ റായ്ബറേലിയില്‍ മത്സരിച്ച സോണിയാഗാന്ധിയുടെ കാമ്പയിന്‍ മാനേജറായിട്ടായിരുന്നു പ്രിയങ്കയുടെ തുടക്കം. സഹോദരന്‍ രാഹുല്‍ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രാചരണങ്ങളിലും സജീവമായിരുന്നു. 2017-ല്‍ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധി സംസ്ഥാനത്തെ മൊത്തം രാഷ്ട്രീയ പ്രചാരണങ്ങളില്‍ ഏര്‍പ്പെട്ട സമയത്ത് അമേഠിയും റായ്ബറേലിയും അടക്കമുള്ള പത്തോളം മണ്ഡലങ്ങളുടെ പൂര്‍ണ ചുമതലയായിരുന്നു പ്രിയങ്കാ ഗാന്ധിക്ക്. 2019 ഓടെ സജീവ രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയും എ.ഐ.സി.സി ജനറല്‍
സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഉത്തര്‍പ്രദേശിന്റെ ചുമതലക്കാരിയായിട്ടായിരുന്നു പാര്‍ട്ടി നിയോഗിച്ചത്.
വയനാടിനെ സംബന്ധിച്ചും പ്രിയങ്ക പുതുമുഖമല്ലെന്നതാണ് പ്രത്യേകത. 2019-ല്‍ രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കാനെത്തിയപ്പോള്‍ തിരഞ്ഞെടുപ്പ് കാമ്പയിനുകളില്‍ സജീവമായിരുന്നു പ്രിയങ്ക. ഇതിന് പുറമെ രാഹുല്‍ ഗാന്ധിയുടെ എം.പി സ്ഥാനത്തിന് അയോഗ്യത വന്നപ്പോള്‍ ജനങ്ങളെ കാണാന്‍ വയനാട്ടിലെത്തിയപ്പോഴും പ്രിയങ്ക കൂടെയുണ്ടായിരുന്നു. അന്ന് ഒരു ജനത മുഴുവന്‍ രാഹുലിനും പ്രിയങ്കയ്ക്കും പിന്നില്‍ അണിനിരന്നിരുന്നു. രാഹുലിനെ അയോഗ്യനാക്കിയതിന്റെ പ്രതിഷേധം കല്‍പറ്റയിലെ തെരുവില്‍ ആര്‍ത്തിരമ്പുകയും ചെയ്തിരുന്നു. ഒടുവില്‍ വയനാട്ടില്‍ രണ്ടാം വട്ടവും രാഹുല്‍ മത്സരിക്കാനെത്തിയപ്പോഴും കാമ്പയിനുകളില്‍ പ്രിയങ്ക സജീവമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെയടക്കം ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ട് കത്തിക്കയറിയ പ്രിയങ്കയ്ക്ക് അന്ന് വന്‍ വരവേല്‍പ്പാണ് വയനാട്ടുകാര്‍ നല്‍കിയത്.
രണ്ട് മണ്ഡലത്തിലും വിജയിച്ച ശേഷം വയനാട്ടുകാരുമായി ആജീവനാന്ത ബന്ധം തുടരുമെന്നും വയനാട്ടുകാര്‍ക്ക് സന്തോഷം നല്‍കുന്ന തീരുമാനമെടുക്കുമെന്നും പറഞ്ഞ രാഹുല്‍ തന്നെ പ്രതിസന്ധികാലത്ത് സഹായിച്ച് ജനതയ്ക്ക് നല്‍കുന്ന ഏറ്റവും നല്ല മറുപടിയുമായി പ്രിയങ്കയുടെ സ്ഥാനാര്‍ഥിത്വം.
1,125 2 minutes read