ന്യൂഡല്‍ഹി: പഞ്ചാബിലെയും രാജസ്ഥാനിലെയും ബലാത്സംഗ കേസുകള്‍ ചൂണ്ടിക്കാട്ടി ബിജെപി നേതാക്കള്‍ ഉന്നയിച്ച വിമര്‍ശത്തിന് മറുപടിയുമായി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ഹാഥ്റസ് സന്ദര്‍ശനം നടത്തിയ രാഹുലും പ്രിയങ്കയും ബലാത്സംഗക്കൊലകള്‍ നടന്ന പഞ്ചാബും രാജസ്ഥാനും സന്ദര്ശിക്കാത്തതിനെയാണ് ബിജെപി നേതാക്കള്‍ വിമര്‍ശിച്ചത്. കേന്ദ്ര മന്ത്രിമാരായ പ്രകാശ് ജാവദേക്കര്‍, നിര്‍മല സീതാരാമന് എന്നിവര്‍ അടക്കമുള്ളവര്‍ ഉന്നയിച്ച വിമര്‍ശത്തിനാണ് രാഹുല്‍ മറുപടി നല്‍കിയിട്ടുള്ളത്.
‘യുപിയില്‍ നടക്കുന്നതുപോലെ പഞ്ചാബിലെയും രാജസ്ഥാനിലെയും സര്‍ക്കാരുകള്‍ പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടു എന്നകാര്യം നിഷേധിക്കുന്നില്ല. പെണ്‍കുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തുകയോ നിതിനിര്വഹണം തടസപ്പെടുത്തുകയോ ചെയ്യുന്നില്ല. അവര്‍ അങ്ങനെ ചെയ്താല്‍ ഞാന്‍ അവിടെയും പോകുകയും നീതിക്കുവേണ്ടി പോരാടുകയും ചെയ്യും’ രാഹുല്‍ ട്വീറ്റ് ചെയ്തു.
പഞ്ചാബ് ഹോഷിയാര്‍പുറിലെ തന്‍ഡ ഗ്രാമത്തില്‍ ബിഹാറില്‍നിന്നുള്ള ആറ് വയസുള്ള ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവം നടുക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശം ഉന്നയിച്ചിരുന്നു.
രാഷ്ട്രീയ പ്രചാരണ യാത്രകള്‍ അവസാനിപ്പിച്ച് രാഹുല്‍ പഞ്ചാബും രാജസ്ഥാനും സന്ദര്ശിക്കൂവെന്നും സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ നടപടി ആവശ്യപ്പെടൂവെന്നും ജാവദേക്കര്‍ ആവശ്യപ്പെട്ടിരുന്നു. സോണിയയോ രാഹുലോ പ്രിയങ്കയോ തന്ഡയില് അതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ചിട്ടില്ല. അവരുടെ പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കുന്നുവോ എന്നകാര്യം അവര്‍ ശ്രദ്ധിക്കുന്നില്ല. എന്നാല്‍ ഹാഥ്റസ് അടക്കമുള്ള സ്ഥലങ്ങള്‍ അവര്‍ സന്ദര്‍ശിക്കുകയും ഇരയുടെ കുടുംബത്തോടൊപ്പം ഫോട്ടോ എടുക്കുകയും ചെയ്യുന്നുവെന്നും ജാവദേക്കര്‍ കുറ്റപ്പെടുത്തിയിരുന്നു. പഞ്ചാബില്‍ നടന്ന സംഭവത്തില്‍ രാഹുല്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയാന്‍ ആഗ്രഹമുണ്ടെന്ന് കേന്ദ്രമന്ത്രി നിര്‍മല സീതാരാമനും പറഞ്ഞിരുന്നു.