ന്യൂഡല്‍ഹി: കേന്ദ്ര റെയില്‍വേ സഹമന്ത്രി സുരേഷ് അംഗാദി കോവിഡ് ബാധിച്ചു മരിച്ചു. ഡല്‍ഹി എയിംസില്‍ ചികിത്സയിലിരിക്കെയാണ് സുരേഷ് അംഗാദിയുടെ അന്ത്യം. കര്‍ണാടകയിലെ ബെലഗവിയില്നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സുരേഷ് അംഗാദി രണ്ടാം മോദി മന്ത്രിസഭയില്‍ റെയില്‍വേ സഹമന്ത്രിയായിരുന്നു.
‘കര്‍ണാടകയില്‍ പാര്‍ട്ടിയെ ശക്തമാക്കാന്‍ കഠിനമായി പരിശ്രമിച്ച അസാധാരണ വ്യക്തിത്വമായിരുന്നു ശ്രീ സുരേഷ് അംഗാദി. മികച്ച എംപിയും മന്ത്രിയുമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ നിര്യാണം സങ്കടകരമാണ്. ഈ സങ്കടകരമായ മണിക്കൂറില്‍ എന്റെ മനസ് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പുണ്ട്. ഓം ശാന്തി’ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് സുരേഷ് അംഗാദിക്ക് കോവിഡ് സഥിരീകരിച്ചത്. തുടര്‍ന്ന് അദ്ദേഹത്തെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രോഗലക്ഷണങ്ങളില്ലാതെയാണ് സുരേഷ് അംഗാദിക്ക് കോവിഡ് സ്ഥിരീകരിച്ചത്.
സോമാവ, ചനബസപ്പ എന്നിവരുടെ മകനായാണ് അംഗാദിയുടെ ജനനം. വിവാഹിതനും 2 പെണ്മക്കളുടെ പിതാവുമാണ് ഇദ്ദേഹം. കര്‍ണാടകയിലെ ബെലഗാവി ജില്ലയിലെ കെ കെ കൊപ്പ ബെല്‍ഗാം സ്വദേശിയാണ്. ബെലഗാവിയിലെ സമിതി കോളേജ് ഓഫ് കൊമേഴ്സില്‍നിന്ന് ബിരുദധാരിയാണ് അദ്ദേഹം. പിന്നീട് ബെലഗാവിയിലെ പ്രശസ്തമായ രാജ ലഖംഗൗഡ ലോ കോളേജില്‍ നിന്നും നിയമത്തില്‍ ബിരുദം നേടി.
ഭാരതീയ ജനതാ പാര്‍ട്ടിയിലൂടെ പൊതുപ്രവര്‍ത്തകനായ അദ്ദേഹം 1996 ല്‍ പാര്‍ട്ടിയുടെ ബെലഗവി ജില്ലാ യൂണിറ്റിന്റെ വൈസ് പ്രസിഡന്റായി. 1999 വരെ അദ്ദേഹം ആ പദവിയില്‍ തുടര്‍ന്നു. 2001 ല്‍ ജില്ലാ യൂണിറ്റിന്റെ പ്രസിഡന്റായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു.
ബെല്ഗാവിയില്നിന്ന് നാലുവട്ടമാണ് സുരേഷ് അംഗാദി ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്. 2004, 2009, 2014, 2019 വര്‍ഷങ്ങളിലാണ് അദ്ദേഹം പാര്‍ലമെന്റിലെത്തിയത്.
കേന്ദ്ര റെയില്‍വെ സഹമന്ത്രി സുരേഷ് അംഗഡിയുടെ മരണത്തില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് അനുശോചിച്ചു. കൊവിഡ് ബാധിതനായി ചികിത്സയിലായിരുന്ന സുരേഷ് അംഗഡിയുടെ അകാല മരണം ഞെട്ടിക്കുന്നതാണ്. കര്‍ണാടകത്തിലെ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവായ അദ്ദേഹത്തിന്റെ വിയോഗം രാജ്യത്തിനും പ്രത്യേകിച്ച് കര്‍ണ്ണാടകത്തിനും തീരാനഷ്ടമാണ്. തുടര്‍ച്ചയായി 16 വര്‍ഷമായി ബെലഗാവി മണ്ഡലത്തെ പ്രതിനിധീകരിച്ച് പാര്‍ലമെന്റില്‍ പ്രവര്‍ത്തിക്കുന്ന ജനകീയ നേതാവായിരുന്നു സുരേഷ് അംഗഡിയെന്നും സുരേന്ദ്രന് പറഞ്ഞു.