BREAKINGKERALA
Trending

വടക്കന്‍ ജില്ലകളില്‍ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴക്ക് സാധ്യത

തിരുവനന്തപുരം: വടക്കന്‍ ജില്ലകളില്‍ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് മുന്നറിയിപ്പുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുണ്ട്. ഇതിനാല്‍ തന്നെ രുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് തീരങ്ങളില്‍ പ്രത്യേക ജാഗ്രത വേണമെന്നും മുന്നറിയിപ്പുണ്ട്.
കേരള തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്കും തുടരുകയാണ്. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും, 2.5 മുതല്‍ 3.4 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
തമിഴ്നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും, 2.1 മുതല്‍ 2.9 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണം. അതേസമയം, സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ദുര്‍ബലമാകുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. അടുത്ത നാലു ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
24 ആം തീയതിയും കണ്ണൂരും കാസര്‍കോടും യെല്ലോ അലര്‍ട്ടാണ്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. വടക്കന്‍ കേരളത്തില്‍ പ്രത്യേകിച്ച് കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ മഴ തുടരുമെങ്കിലും അതിശക്തമായ മഴക്കുള്ള സാധ്യത കുറവാണെന്നാണ് പ്രവചനം. അതേസമയം മാസം അവസാനത്തോടെ വീണ്ടും കേരളത്തില്‍, പ്രത്യേകിച്ച് വടക്കന്‍ കേരളത്തില്‍ മഴ സജീവമാകാന്‍ സാധ്യതയുണ്ട്.

Related Articles

Back to top button