HEALTHLIFE STYLE

മഴ തിമിര്‍ത്തു പെയ്യുകയാണ്… കോവിഡിനെതിരേ അല്‍പം കൂടി ജാഗ്രത കൂട്ടിക്കോളൂ

തിരുവനന്തപുരം: കോവിഡ് വ്യാപിക്കുന്ന കാലമായതിനാല്‍ മഹാമാരിയ്‌ക്കൊപ്പം എത്തുന്ന മഴയില്‍ ഏറെ ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്നു.
ഈ മഴക്കാലത്ത് വേണ്ടത് അതീവശ്രദ്ധയും കരുതലുമാണ്. മഴക്കാലരോഗങ്ങളില്‍ പ്രധാനമായ വൈറല്‍ പനി, ജലദോഷം തുടങ്ങിയവയുടെ ലക്ഷണങ്ങള്‍ പലതും കോവിഡ് ലക്ഷണങ്ങള്‍ക്ക് സമാനമാണ്. അതിനാല്‍, കൂടുതല്‍ ജാഗ്രതയുള്ളവരാകണമെന്നും മഴക്കാല രോഗങ്ങള്‍ വരാതെ ശ്രദ്ധ പുലര്‍ത്തണമെന്നുമാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം.

ആരോഗ്യവകുപ്പ് നിര്‍ദ്ദേശിക്കുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കൂ….

** മാസ്‌കുകളുടെ ഉപയോഗത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. നനഞ്ഞ മാസ്‌കുകള്‍ ഒരു കാരണവശാലും ധരിക്കരുത്. പുറത്തുപോകുമ്പോള്‍ ഒന്നിലേറെ മാസ്‌ക് കൈയില്‍ കരുതുക.

** ഉപയോഗിച്ച മാസ്‌ക് വലിച്ചെറിയരുത്, നനഞ്ഞ മാസ്‌ക് കവറില്‍ സൂക്ഷിച്ചുവയ്ക്കുക. തുണി മാസ്‌കുകള്‍ സോപ്പുപയോഗിച്ചു കഴുകി പരമാവധി വെയിലത്തുണക്കി ഇസ്തിരിയിട്ട് ഉപയോഗിക്കാം.

** ഉപയോഗശൂന്യമായ മാസ്‌ക് മാലിന്യനിര്‍മാര്‍ജനത്തിന്റെ ഭാഗമായി കത്തിച്ചു കളയണം

** നനഞ്ഞ മഴക്കോട്ട് പ്രത്യേകമായി ഉണങ്ങാനിടുക. നനഞ്ഞ വസ്ത്രങ്ങളില്‍ വൈറസ് സാന്നിധ്യം ഉണ്ടാകാനുള്ള സാധ്യത കൂടുതലായതിനാല്‍ അവ ധരിക്കരുത്.

** ഇറുകിക്കിടക്കുന്ന ആഭരണങ്ങള്‍/ വസ്ത്രങ്ങള്‍ ഇവ ധരിക്കരുത്. അണുബാധയ്ക്ക് സാധ്യത കൂട്ടും.

** മൊബൈല്‍ ഫോണുകള്‍, ഐഡി കാര്‍ഡുകള്‍, പേഴ്‌സുകള്‍ തുടങ്ങിയവ ഇടയ്ക്കിടയ്ക്ക് സാനിറ്റൈസര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കണം. കഴിയുന്നതും ഡിജിറ്റല്‍ പണമിടപാടുകള്‍ നടത്തുക.

** പനിയോ ജലദോഷ രോഗലക്ഷണങ്ങളോ കണ്ടാല്‍ ഇ സഞ്ജീവനി ഓണ്‍ലൈന്‍ ടെലിമെഡിസിന്‍ പ്ലാറ്റ്‌ഫോമിനെ ആശ്രയിക്കണം. ഡോക്ടറുടെ നിര്‍ദേശപ്രകാരം മരുന്നുകള്‍ തുടരണം. രോഗശമനമില്ലെങ്കില്‍ അടുത്തുള്ള ആരോഗ്യസ്ഥാപനങ്ങളിലെത്തണം. പോകുമ്പോള്‍ കഴിയുന്നതും രോഗി മാത്രം പോകാന്‍ ശ്രദ്ധിക്കുക.

** കണ്ടെയ്ന്‍മെന്റ് സോണുകളിലുള്ളവര്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അടുത്തുള്ള ആരോഗ്യപ്രവര്‍ത്തകര്‍/ ദിശ/ ജില്ലാ കണ്‍ട്രോള്‍ റൂമുമായി ഫോണില്‍ ബന്ധപ്പെടണം.

** എസ്.എം.എസ് അഥവാ സോപ്പ്, മാസ്‌ക്, സാമൂഹിക അകലം ജീവിതചര്യയുടെ ഭാഗമാക്കാനും ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

Related Articles

Back to top button