ENTERTAINMENT

10 വര്‍ഷം ഒരുമിച്ച് ജീവിച്ചു, പിന്നീട് മറ്റൊരു നടിയുമായി പ്രണയം; നടന്‍ രാജ് തരുണിനെതിരെ യുവതി

31

ഹൈദരാബാദ്: തെലുഗു നടന്‍ രാജ് തരുണിനെതിരേ ആരോപണവുമായി മുന്‍ പങ്കാളി. താനുമായി ഒരുമിച്ച് ജീവിച്ചുകൊണ്ടിരുന്ന സമയത്ത് സഹതാരവുമായി പ്രണയത്തിലായെന്നും തന്നെ വഞ്ചിച്ചുവെന്നും ചൂണ്ടിക്കാട്ടി ലാവണ്യ എന്ന യുവതിയാണ് പരാതി നല്‍കിയിരിക്കുന്നത്.
പത്ത് വര്‍ഷങ്ങളായി തങ്ങള്‍ പ്രണയത്തിലായിരുന്നു. ഒരുമിച്ച് ജീവിച്ചു വരികയായിരുന്നു. എന്നാല്‍ രാജ് തരുണ്‍ താനുമായുള്ള ബന്ധം പരസ്യമാക്കാന്‍ തയ്യാറായില്ല. അതേ സമയം തന്നെ മുംബൈ സ്വദേശിയായ ഒരു നടിയുമായി അദ്ദേഹം പ്രണയത്തിലായി. തങ്ങള്‍ അമ്പലത്തില്‍ വച്ച് വിവാഹിതരായതാണ്. നിയമപരമായി രജിസ്റ്റര്‍ ചെയ്യാമെന്ന് രാജ് തരുണ്‍ സമ്മതിച്ചതുമാണ്. സഹതാരവുമായി ബന്ധം തുടങ്ങിയപ്പോള്‍ തന്നെ ഒഴിവാക്കി.
അതേ സമയം ലാവണ്യയുടെ പരാതിയില്‍ പ്രതികരണവുമായി രാജ് തരുണ്‍ രംഗത്ത് വന്നു. തനിക്കെതിരേയുള്ള ആരോപണം ഞെട്ടലുണ്ടാക്കുന്നതാണെന്നും നിരാശാജനകമാണെന്നും രാജ് തരുണ്‍ പറയുന്നു.
പത്ത് വര്‍ഷം താനും ലാവണ്യയും ഒരുമിച്ചു ജീവിച്ചു എന്നത് സത്യമാണ്. എന്നാല്‍ പരസ്പര ധാരണയോടെ വേര്‍പിരിയുകയായിരുന്നു. അവരെ തെറ്റിദ്ധരിപ്പിക്കുന്നതിനോ വഞ്ചിക്കുന്നതിനോ താനൊന്നും ചെയ്തിട്ടില്ല- രാജ് തരുണ്‍ പറഞ്ഞു.
മയക്കുമരുന്ന് കേസില്‍ ലാവണ്യ കുറച്ച് കാലങ്ങള്‍ക്ക് മുന്‍പ് അറസ്റ്റിലായിട്ടുണ്ടെന്നാണ് രാജ് തരുണ്‍ പോലീസിനോട് പറഞ്ഞു. താന്‍ 45 ദിവസത്തോളം ജയിലില്‍ കിടന്നിട്ടുണ്ടെന്നും ആ സമയത്ത് രാജ് തരുണ്‍ തിരിഞ്ഞു നോക്കിയില്ലെന്നും ലാവണ്യ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.

Related Articles

Back to top button