രാജമല പെട്ടിമുടി ദുരന്തം; തിരച്ചില്‍ എട്ടാംദിവസത്തിലേക്ക്, ഇനിയും കണ്ടെത്താനുള്ളത് 15 പേരെ

മൂന്നാര്‍ രാജമലയില്‍ ഉരുള്‍പൊട്ടലുണ്ടായ പെട്ടിമുടിയില്‍ ഇന്നും തിരച്ചില്‍ തുടരും. അപകടത്തില്‍ അകപ്പെട്ട 15 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ഇന്നലെ ആരെയും കണ്ടെത്തായില്ല. 55 മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെടുത്തു. അപകടം നടന്ന് എട്ടാം ദിവസമായ ഇന്ന് കന്നിയാറില്‍ കൂടുതല്‍ തെരച്ചില്‍ നടത്താനാണ് ദൗത്യസംഘത്തിന്റെ തീരുമാനം.

പുഴയില്‍ മണ്ണടിഞ്ഞ് നിരന്ന ഇടങ്ങളില്‍ ചെറിയ ഹിറ്റാച്ചി ഉപയോഗിച്ച് പരിശോധന നടത്തും. ഇതോടൊപ്പം ലയങ്ങള്‍ക്ക് മുകളിലെ മണ്ണ് നീക്കിയും പരിശോധന തുടരും. ഇന്നലെ ദുരന്തമുണ്ടായ പെട്ടിമുടി മുഖ്യമന്ത്രിയും ഗവര്‍ണറും സന്ദര്‍ശിച്ചിരുന്നു.

ദുരന്തത്തിന് ഇരയായവരുടെ കുടുംബാംഗങ്ങളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ചയും നടത്തി. ദുരന്തത്തിന് ഇരയായവരുടെ കുടുംബങ്ങള്‍ക്ക് സ്ഥലം കണ്ടെത്തി വീട് വച്ച് നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ലയങ്ങളിലെ തൊഴിലാളികളുടെ പൊതുവായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കരിപ്പൂരിന് സമാനമായി ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപ നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മുഖ്യമന്ത്രി കൂടുതല്‍ ധനസഹായം പ്രഖ്യാപിച്ചില്ല.