BREAKING NEWSKERALA

എം.ബി രാജേഷിന്റെ ഭാര്യയുടെ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സിന് പരാതി

തിരുവനന്തപുരം: സി.പി.എം നേതാവും മുന്‍ എം.പിയുമായ എം. ബി. രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയെ കാലടി സംസ്‌കൃത സര്‍വകലാശാല അസിസ്റ്റന്റ് പ്രൊഫസറായി നിയമിച്ചതിനെതിരെ വിജിലന്‍സില്‍ പരാതി. നിനിതയെ നിയമനത്തിനുള്ള ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതും ഇന്റര്‍വ്യൂവിന് ഉയര്‍ന്ന മാര്‍ക്ക് നല്‍കി നിയമനം നല്‍കിയതും ക്രമ വിരുദ്ധവും , സ്വജനപക്ഷപാതവും അഴിമതിയുമാണെന്നാണ് പരാതിയില്‍ പറയുന്നത്. സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റിയാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്.
യു.ജി.സി നിര്‍ദ്ദേശപ്രകാരം 60 മാര്‍ക്കാണ് ഇന്റര്‍വ്യൂവിന് ക്ഷണിക്കാനുള്ള കുറഞ്ഞ മാര്‍ക്കായി സര്‍വകലാശാല നിശ്ചയിച്ചിട്ടുള്ളത്. ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത മറ്റു ഉദ്യോഗാര്‍ത്ഥികള്‍ 60 ല്‍ കൂടുതല്‍ മാര്‍ക്കിന് അര്‍ഹരായിരുന്നു. നിനിതയ്ക്ക് 60 മാര്‍ക്കിനുള്ള അക്കാദമിക് യോഗ്യതകളില്ല.
2017 ല്‍ പി.എസ്.സി പ്രസിദ്ധീകരിച്ച അസിസ്റ്റന്റ് പ്രൊഫസ്സര്‍മാരുടെ റാങ്ക് പട്ടികയില്‍ നിനിതയ്ക്ക് എഴുത്ത് പരീക്ഷയ്ക്ക് 100 ല്‍ 17.33 മാര്‍ക്കും അക്കാദമിക മികവിന് 30 ല്‍ 19.04 മാര്‍ക്കുമാണ് ലഭിച്ചിട്ടുള്ളത്. അതിനുശേഷം പി.എച്ച്. ഡി ബിരുദമല്ലാതെ മറ്റൊന്നും അധിക യോഗ്യതയായി സമ്പാദിച്ചിട്ടില്ലെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
യുജിസി അംഗീകരിച്ച പ്രസിദ്ധീകരങ്ങളോ കോളേജ് അധ്യാപന പരിചയമോ ഇല്ലാത്ത ഉദ്യോഗാര്‍ഥിയെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തി ഒന്നാംറാങ്ക് നല്‍കുന്നതില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഈ നടപടിയോട് വിയോജിച്ച ഭാഷാ വിദഗ്ധരെ സമൂഹമധ്യത്തില്‍ അധിക്ഷേപിക്കുവാന്‍ വിസി ശ്രമിച്ചത് ബോധപൂര്‍വമാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
നിയമനത്തെ ന്യായീകരിച്ച് വൈസ് ചാന്‍സിലര്‍ ഗവര്‍ണര്‍ക്ക് നല്‍കിയ വിശദീകരണകുറിപ്പില്‍ നിനിതയുടെ അക്കാദമിക് സ്‌കോര്‍ പോയിന്റും ഇന്റര്‍വ്യൂവിന് സെലെക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ നല്‍കിയ നല്‍കിയ മാര്‍ക്ക് വിവരങ്ങളും നല്‍കിയിട്ടില്ലെന്നും വിവാദമായ സാഹചര്യത്തില്‍ പ്രസ്തുത മാര്‍ക്കുകള്‍ പി.എസ്.സിയിലേതുപോലെ വെളിപ്പെടുത്താന്‍ സര്‍വകലാശാല തയ്യാറാകണമെന്നും സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
കാലടി സര്‍വകലാശാലയിലെ നിനിത കണിച്ചേരിയുടെ നിയമനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ക്കു പിന്നില്‍ വിഷയ വിദഗ്ധരുടെ ഉപജാപമാണെന്ന എം.ബി.രാജേഷിന്റെ ആരോപണത്തിനെതിരെ ഡോ. ഉമര്‍ തറമേല്‍ രംഗത്തെത്തിയിരുന്നു. രാജേഷ് ആരോപണമുന്നയിച്ച വിഷയ വിദഗ്ധരായ മൂന്ന് പേരിലൊരാളാണ് ഉമര്‍ ഉമര്‍ തറമേല്‍. രാജേഷിന്റെ ഭാര്യ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ ചേരരുത് എന്ന രീതിയില്‍ വിദഗ്ധ സമിതി ഉപജാപം നടത്തി എന്ന ആരോപണം തെളിയിക്കണമെന്നാണ് ഡോ.ഉമര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിച്ചിട്ടില്ല, അത് കേരളത്തിന്റെ പൊതു രാഷ്ട്രിയ കാലാവസ്ഥ കൊണ്ട് സംഭവിക്കുന്നതാണ്. പൊതുനിരത്തില്‍ നിരത്തുന്നതൊന്നും വിദഗ്ധ സമിതിയുടെ തലയില്‍ കെട്ടിവെക്കേണ്ടെന്നും ഡോ.ഉമര്‍ തറമേല്‍ വ്യക്തമാക്കുന്നു.
മൂന്നുതലത്തിലുള്ള ഉപജാപം നടന്നിട്ടുണ്ടെന്നായിരുന്നു എം.ബി.രാജേഷ് കഴിഞ്ഞ ദിവസം ആരോപിച്ചത്. ഒന്ന് അഭിമുഖം നടക്കുന്നതിനുമുമ്പാണ്. നിനിതയുടെ പിഎച്ച്.ഡി. ഈ ജോലിക്ക് അപേക്ഷ നല്‍കുമ്പോള്‍ കിട്ടിയതല്ലെന്നും ആറുമാസം മുന്‍പുമാത്രം ലഭിച്ചതാണെന്നും കാലടി സര്‍വകലാശാലയില്‍ വിളിച്ച് പരാതിപ്പെട്ടു. അഭിമുഖത്തിന് അയോഗ്യയാക്കാന്‍ വേണ്ടിയായിരുന്നു അത്. സര്‍വകലാശാല നിജസ്ഥിതി തേടിയപ്പോള്‍ 2018ല്‍ മലയാളത്തില്‍ പിഎച്ച്.ഡി. ലഭിച്ചതാണെന്ന് ബോധ്യപ്പെട്ടു. പിന്നെ നിനിതയുടെ പിഎച്ച്.ഡി.ക്കെതിരേ കേസുണ്ടായിരുന്നുവെന്ന് പരാതിയുണ്ടായി. അതും വിഫലമായി. ഇന്റര്‍വ്യൂ ബോര്‍ഡിലും ഉപജാപം നടന്നുവെന്നാണു മനസ്സിലാകുന്നത് രാജേഷ് പറഞ്ഞു.

Related Articles

Back to top button