BREAKING NEWSKERALALATEST

എം.ബി. രാജേഷിന്റെ ഭാര്യയ്ക്ക് നിയമനം നല്‍കാന്‍ പട്ടിക അട്ടിമറിച്ചു; വിഷയ വിദഗ്ധരുടെ കത്ത് പുറത്ത്

കോഴിക്കോട്: കാലടി ശ്രീ ശങ്കര സംസ്‌കൃത സര്‍വകലാശാലയിലെ മലയാള വിഭാഗത്തില്‍ അസിസ്റ്റന്‍ഡ് പ്രൊഫസര്‍ തസ്തികയിലേയ്ക്കുള്ള നിയമനത്തില്‍ ക്രമക്കേട് നടന്നതായി കാണിച്ച് ഇന്റര്‍വ്യൂ ബോര്‍ഡിലെ വിഷയ വിദഗ്ധര്‍ വൈസ് ചാന്‍സലര്‍ക്ക് അയച്ച കത്ത് പുറത്ത്. ഡോ.ടി. പവിത്രന്‍, ഡോ. ഉമര്‍ തറമ്മേല്‍, ഡോ.കെ.എം. ഭരതന്‍. എന്നിവര്‍ ചേര്‍ന്ന് എഴുതിയ കത്താണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സിപിഎം നേതാവ് എം.ബി. രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിക്ക് അനധികൃതമായി നിയമനം നല്‍കാന്‍ റാങ്ക് പട്ടിക അട്ടിമറിച്ചു എന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് കത്ത്.
ഇപ്പോള്‍ പ്രസിദ്ധീകരിച്ച പട്ടിക തങ്ങള്‍ തയ്യാറാക്കിയ റാങ്ക് പട്ടികയ്ക്ക് വിരുദ്ധമാണെന്നും അധ്യാപന പരിചയമോ കാര്യമായ പ്രസിദ്ധീകരണങ്ങളോ ഇല്ലാത്ത ഒരു ഉദ്യോഗാര്‍ഥിയ്ക്ക് നിയമനം നല്‍കാന്‍ തീരുമാനിച്ചത് തെറ്റായ നടപടിയാണെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. തന്റെ മുന്നിലുള്ള രണ്ടോ അതിലധികമോ മികച്ച ഉദ്യോഗാര്‍ഥികളെ മറികടന്നാണ് ഈ ഉദ്യോഗാര്‍ഥി പട്ടികയില്‍ ഒന്നാമതായത്. സര്‍വകലാശാല അധികാരികള്‍ക്ക് ഇഷ്ടമുള്ളവര്‍ക്ക് നിയമനം നല്‍കാനായിരുന്നെങ്കില്‍ വിഷയവിദഗ്ധരുടെ ആവശ്യമില്ലായിരുന്നെന്നും ഈ നടപടി സര്‍വകലാശാലാ എത്തിക്‌സിന് വിരുദ്ധമാണെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
തങ്ങളെ മുന്നില്‍ നിര്‍ത്തിയുള്ള ഈ തെറ്റായ നിയമനം തങ്ങളുടെ ധാര്‍മികമായ ഉത്തരവാദിത്വത്തിനുമേല്‍ കരിനിഴല്‍ വീഴ്ത്തിയതായും സര്‍വകലാശാലയുടെ സല്‍പ്പേരിനും അന്തസ്സിനും കളങ്കമേല്‍പ്പിച്ചതായും കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അതുകൊണ്ട് അനധികൃതമായ ഈ നിയമനം മരവിപ്പിച്ച് ഇന്റര്‍വ്യൂ ബോര്‍ഡിന്റെ കൂട്ടായ തീരുമാനം നടപ്പിലാക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. ജനുവരി 31ന് ആണ് കത്ത് നല്‍കിയിരിക്കുന്നത്.

കത്തിന്റെ പൂര്‍ണരൂപം
മലയാളം അസിസ്റ്റന്റ് അസോസിയേറ്റ് പ്രൊഫസര്‍ ഇന്റര്‍വ്യൂ ബോര്‍ഡില്‍ വിഷയ വിദഗ്ധരായി പങ്കെടുത്ത അദ്ധ്യാപകര്‍ തയ്യാറാക്കി അയക്കുന്ന കത്ത്.
കാലടി ശ്രീ ശങ്കര സംസ്‌കൃത സര്‍വകലാശാലാ ബഹു. വൈസ് ചാന്‍സലര്‍ക്ക് സര്‍,
വിവിധ മലയാള അധ്യാപക തസ്തികകളില്‍ ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം 21.01.21 ന് കാലടിയിലെ സര്‍വകലാശാലാ ഭരണ വിഭാഗം കാര്യാലയത്തില്‍ നടന്നിരുന്നല്ലോ. അതില്‍ പങ്കെടുത്ത വിഷയ വിദഗ്ദ്ധര്‍ എന്ന നിലയ്ക്കാണ് ഈ കത്തെഴുതുന്നത്. അഭിമുഖം അവസാനിച്ച ശേഷം വിഷയ വിദഗ്ധരുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍, സെലക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ പരസ്പരം ചര്‍ച്ച ചെയ്തും വിലയിരുത്തിയും ഒരു ധാരണയിലെത്തിയ ശേഷമാണ് ഉദ്യോഗാര്‍ത്ഥികളെ പട്ടികപ്പെടുത്തി മാര്‍ക്ക് നല്‍കിയത്.
എന്നാല്‍, അസി.പ്രൊഫസര്‍ (മുസ്ലിം സംവരണം) തസ്തികയില്‍ ഇപ്പോള്‍ പ്രസിദ്ധീകരിച്ച പട്ടിക ഈ ധാരണയ്ക്ക് വിരുദ്ധമാണെന്ന് അറിയുന്നു. കോളേജ് / സര്‍വകലാശാലാ തലത്തിലുള്ള അധ്യാപന പരിചയമോ കാര്യമായ പ്രസിദ്ധീകരണങ്ങളോ ഇല്ലാത്ത ഒരു ഉദ്യോഗാര്‍ഥി തന്റെ മുന്നിലുള്ള രണ്ടോ അതിലധികമോ മികച്ച ഉദ്യോഗാര്‍ഥികളെ മറികടന്ന് ലിസ്റ്റില്‍ ഒന്നാമതായി മാറിയതായും കഴിഞ്ഞ സിണ്ടിക്കേറ്റില്‍ നിയമനം നടത്താന്‍ തീരുമാനിച്ചതായും അറിഞ്ഞു. സര്‍വകലാശാല നിയമിച്ച വിഷയ വിദഗ്ധര്‍ എന്ന നിലയ്ക്ക് ഈ തീരുമാനവും നിയമനവും തെറ്റാണെന്നും സര്‍വകലാശാല എത്തിക്‌സിനു എതിരാണെന്നും ഞങ്ങള്‍ ബോധ്യ പ്പെടുത്തട്ടെ. സര്‍വകലാശാല അധികാരികള്‍ക്ക് ഇഷ്ടമുള്ളവര്‍ക്ക് നിയമനം നല്‍കാനായിരുന്നു എങ്കില്‍ യു ജി സി ഇക്കാര്യത്തില്‍ നിര്‍ദ്ദേശിക്കുന്ന വിഷയവിദഗ്ധരുടെ ആവശ്യം, ബോര്‍ഡില്‍ എന്താണെന്ന് ഞങ്ങക്ക് മനസ്സിലാവുന്നില്ല.ആയത് കൊണ്ട് ഈ നിയമനത്തോട് ശക്തമായ വിയോജിപ്പ് ഞങ്ങള്‍ രേഖപ്പെടുത്തുന്നു.
ഇരുപതും മുപ്പതും വര്‍ഷത്തെ അധ്യാപന പരിചയം ഉള്ളവരായ അദ്ധ്യാപകര്‍ എന്ന നിലയ്ക്ക് അക്കാദമിക് സമൂഹത്തോടും വിദ്യാര്‍ഥി സമൂഹത്തോടും ചില ധാര്‍മികമായ ഉത്തരവാദിത്തങ്ങള്‍ ഞങ്ങള്‍ക്കുണ്ട്. ഞങ്ങളെ മുന്നില്‍ നിര്‍ത്തിയുള്ള ഈ തെറ്റായ നിയമനം ഞങ്ങളുടെ ധാര്‍മികമായ ഉത്തരവാദിത്വത്തിനു മേല്‍ കരിനിഴല്‍ വീഴ്ത്തിയിരിക്കുന്നു, എന്നു മാത്രമല്ല സര്‍വകലാശാലയുടെ സല്‍പ്പേരിനും അന്തസ്സിനും കളങ്കമേല്‍പ്പിക്കുകയും ചെയ്തതായും ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു.
ആയതിനാല്‍, സര്‍വകലാശാല അധികൃതരുടെ ഈ തെറ്റായ നയത്തില്‍ ഞങ്ങള്‍ കടുത്ത പ്രതിഷേധവും വിയോജിപ്പും രേഖപ്പെടുത്തുന്നതോടൊപ്പം അനധികൃതമായ ഈ നിയമനം മരവിപ്പിച്ച് ഇന്റര്‍വ്യൂ ബോര്‍ഡിന്റെ കൂട്ടായ തീരുമാനം നടപ്പിലാക്കണമെന്നു ബഹു. വൈസ്ചാന്‍സലറോട് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.
വിശ്വാസപൂര്‍വ്വം മലയാളം ഇന്റര്‍വ്യൂ ബോര്‍ഡിലെ വിഷയ വിദഗ്ധര്‍,
ഡോ.ടി.പവിത്രന്‍
ഡോ.ഉമര്‍ തറമ്മേല്‍
ഡോ.കെ.എം.ഭരതന്‍.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker