പെഷവാര്‍: ബോളിവുഡിലെ ഇതിഹാസതാരങ്ങളായ രാജ്കപൂറിന്റെയും ദിലീപ് കുമാറിന്റെയും കുടുംബവീടുകള്‍ പൈതൃകഭവനങ്ങളാക്കാന് പാക്കിസ്ഥാനിലെ ഖൈബര്പക്തുണ്ഖ്വ സര്‍ക്കാരിന്റെ തീരുമാനം. ഏതുസമയത്തും നിലംപൊത്താവുന്ന നിലയിലുള്ള കെട്ടിടങ്ങള്‍ വാങ്ങുന്നതിനുള്ള തുക ഖൈബര്‍ പക്തൂണ്‍ഖ്വയിലെ പുരാവസ്തു വകുപ്പ് അനുവദിച്ചുകഴിഞ്ഞു. പെഷവാര്‍ നഗരത്തില്‍ സ്ഥിതിചെയ്യുന്ന കെട്ടിടങ്ങള്‍ പൈതൃകസ്മാരകങ്ങളായി പ്രഖ്യാപിക്കുകയും ചെയ്തു.പെഷവാറിലെ ചരിത്രമുറങ്ങുന്ന ക്വിസ ഖവാനി ബസാറിലാണ് രാജ് കപൂറിന്റെ കുടുംബഭവനം. 1918നും 22നും ഇടയില്‍ രാജ്കപൂറിന്റെ മുത്തച്ഛന് ബശേശ്വര്നാഥ് കപൂറാണ് കെട്ടിടം നിര്‍മിച്ചത്. രാജ്കപൂറും അമ്മാവന് ത്രിലോക് കപൂറും ജനിച്ചത് ഇവിടെയാണ്.2014ല്‍ പാക്കിസ്ഥാനിലെ നവാസ് ഷരീഫ് ഭരണകൂടം കെട്ടിടം പുരാവസ്തു സ്മാരകമായി പ്രഖ്യാപിച്ചിരുന്നു. വ്യാപരസമുച്ചയം നിര്‍മിക്കുന്നതിനായി കെട്ടിടം പൊളിച്ചുകളയാന്‍ ഇപ്പോഴത്തെ ഉടമസ്ഥര്‍ പലതവണ ശ്രമിച്ചിരുന്നതായി ഖൈബര്പക്തുണ്ഖ്വ പുരാവസ്തുവകുപ്പ് തലവന്‍ ഡോ.അബ്ദുസ് സമദ് ഖാന് പറഞ്ഞു