LATESTNATIONAL

മതം പ്രശ്‌നമല്ല, ഇന്ത്യാക്കാരനെങ്കില്‍ പൗരത്വം നഷ്ടമാവില്ല: രാജ്‌നാഥ് സിംഗ്

തിരുവനന്തപുരം: ഇന്ത്യാക്കാരനെങ്കില്‍ ഏത് മതവിഭാഗമായാലും പൗരത്വം തുടരുമെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. തിരഞ്ഞെടുപ്പു പ്രചാരണത്തിന് കേരളത്തിലെത്തിയതായിരുന്നു കേന്ദ്രമന്ത്രി. ഏകീകൃത സിവില്‍ കോഡില്‍ എല്ലാ വിഭാഗത്തെയും വിശ്വാസത്തില്‍ എടുത്താവും മുന്നോട്ടു പോവുകയെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. ബിജെപിയെ ന്യൂനപക്ഷങ്ങള്‍ ഭയക്കേണ്ടതില്ല. ശബരിമലയില്‍ ആചാരം സംരക്ഷിക്കാന്‍ നിയമ നിര്‍മാണത്തെ പിന്തുണയ്ക്കുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത് ഭരണഘടനാ വിരുദ്ധമാണെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. അതു ദൗര്‍ഭാഗ്യകരമാണ്. രാജ്യത്തിന്റെ ഫെഡറല്‍ തത്വങ്ങള്‍ക്കും ഭരണഘടനയ്ക്കും എതിരാണെന്നും രാജ് നാഥ് സിംഗ് കുറ്റപ്പെടുത്തി.
കേരളത്തിലെ ഇടതുവലതു മുന്നണികള്‍ വ്യാജവാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ പറ്റിക്കുകയാണെന്ന് രാജ്‌നാഥ് സിംഗ് ആരോപിച്ചു. രാഷ്ട്രീയ ബദല്‍ കേരളത്തിന് ആവശ്യമാണ്. അതിനു കരുത്ത് ബിജെപിയ്ക്ക് മാത്രമാണ്. കേരളത്തിനു പുറത്ത് കോണ്‍ഗ്രസും സിപിഎമ്മും കൂട്ടുകെട്ടാണ്. ബംഗാളില്‍ ഇവര്‍ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370, പൌരത്വഭേദഗതി നിയമം, മുത്തലാഖ് നിരോധനം എന്നിവ എന്‍ഡിഎ സര്‍ക്കാരിന്റെ നേട്ടമാണെന്നും കേന്ദ്ര മന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button