BREAKING NEWSKERALALATEST

രാജ്യസഭ തിരഞ്ഞെടുപ്പ്: സി.പി.എം പ്രതിനിധികളില്‍ ഒന്ന് ചെറിയാന്‍ ഫിലിപ്പിന് സാധ്യത

തിരുവനന്തപുരം: മേയ് രണ്ടിനകം രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടതിനാല്‍ സി.പി.എം. സ്ഥാനാര്‍ഥികളെ വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിശ്ചയിക്കും. അടുത്തയാഴ്ചയാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കേണ്ടത്. മുഖ്യമന്ത്രി ആശുപത്രിയിലാണെങ്കിലും ഓണ്‍ലൈനിലൂടെ യോഗത്തില്‍ പങ്കെടുക്കും.
മൂന്നുസീറ്റിലേക്കാണ് തിരഞ്ഞെടുപ്പ്. നിയമസഭയിലെ കക്ഷിബലമനുസരിച്ച് ഒരു സീറ്റില്‍ പ്രതിപക്ഷത്തുനിന്നുള്ള സ്ഥാനാര്‍ഥി വിജയിക്കും. ഭരണപക്ഷത്തിനുകിട്ടുന്ന രണ്ടുസീറ്റും സി.പി.എമ്മിനായിരിക്കും. ഇതുസംബന്ധിച്ച് കക്ഷിനേതാക്കള്‍ക്കിടയില്‍ ധാരണയുണ്ടാക്കിയിട്ടുണ്ട്.
ഒരു സീറ്റ് സി.പി.എം. സഹയാത്രികനായ ചെറിയാന്‍ ഫിലിപ്പിന് നല്‍കാനാണു സാധ്യത. കഴിഞ്ഞതവണ ചെറിയാന്റെ പേര് സജീവമായി ഉയര്‍ന്നെങ്കിലും രാജ്യസഭയില്‍ പാര്‍ട്ടിനേതാവായി പ്രവര്‍ത്തിക്കാന്‍ മുതിര്‍ന്ന നേതാവിനെ അയക്കണമെന്ന കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം എളമരം കരീമിന് സീറ്റ് നല്‍കുകയായിരുന്നു. ചെറിയാന്‍ ഫിലിപ്പിനെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാഞ്ഞതും രാജ്യസഭ ഉദ്ദേശിച്ചാണെന്ന് വിലയിരുത്തപ്പെടുന്നു.
ലഭിക്കുന്ന മറ്റൊരു സീറ്റിലേക്ക് നിലവില്‍ മന്ത്രിസഭയില്‍നിന്ന് ഒഴിയുന്ന പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ.പി. ജയരാജന്‍, എ.കെ. ബാലന്‍, തോമസ് ഐസക്, മുതിര്‍ന്ന നേതാവായ ജി. സുധാകരന്‍ എന്നിവരെ ആരെയെങ്കിലും പരിഗണിക്കാം. സി.പി.എം. കേന്ദ്രകമ്മിറ്റി അംഗവും കിസാന്‍സഭ അഖിലേന്ത്യാ ജോയന്റ് സെക്രട്ടറിയുമായ വിജു കൃഷ്ണന്റെ പേരും പരിഗണിക്കപ്പെടാം.
ഇപ്പോള്‍ കാലാവധി പൂര്‍ത്തിയാവുന്ന സി.പി.എം. അംഗം കെ.കെ. രാഗേഷിന് ഒരവസരംകൂടി നല്‍കണമെന്ന ആവശ്യം നേതൃത്വത്തില്‍ ശക്തം. രാഗേഷ് ഒറ്റത്തവണ മാത്രമേ രാജ്യസഭാ കാലാവധി പൂര്‍ത്തിയാക്കിയിട്ടുള്ളൂ.
കിസാന്‍സഭാ ദേശീയനേതാവെന്ന നിലയിലും രാജ്യസഭയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന അംഗമെന്ന നിലയിലും രാഗേഷിനു രണ്ടാം ടേം നല്‍കണമെന്നാണ് ആവശ്യം. കേന്ദ്രനേതൃത്വത്തിന് ഇതില്‍ എതിര്‍പ്പില്ലെങ്കിലും പാര്‍ട്ടിയുടെ അഖിലേന്ത്യാ സെന്റര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചവര്‍ക്കേ ഇതുവരെ രണ്ടാം ടേം നല്‍കിയിട്ടുള്ളൂവെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.സി.പി.എം. തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസാണ് പരിഗണനയിലുള്ള മറ്റൊരാള്‍.

Related Articles

Back to top button