LATESTNATIONAL

‘കര്‍ഷകര്‍ കൃത്യമായ വില ചോദിക്കുന്നത് എങ്ങനെ സര്‍ക്കാരിനെ ആക്ഷേപിക്കലാകും?’: രാകേഷ് ടികായത്

ന്യൂഡല്‍ഹി: കര്‍ഷക പ്രതിഷേധത്തിനുപിന്നില്‍ രാജ്യാന്തര ബന്ധങ്ങളുണ്ടെന്ന ആരോപണത്തെ ചോദ്യം ചെയ്ത് കര്‍ഷക നേതാവ് രാകേഷ് ടികായത്. കര്‍ഷകരെ സഹായിക്കാത്ത ഈ നിയമങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദേശീയ മാധ്യമത്തോടു പ്രതികരിക്കവെയാണ് അദ്ദേഹം നിലപാട് ആവര്‍ത്തിച്ചത്.
‘നിയമങ്ങള്‍ പിന്‍വലിക്കുന്നതില്‍ പ്രശ്‌നം എന്താണ്? കര്‍ഷകനോടു ചോദിക്കാതെ, അയാള്‍ക്ക് ആവശ്യമില്ലാത്ത നിയമങ്ങള്‍ എന്തിനു കൊണ്ടുവന്നു. ആദ്യം എന്തിനാണ് നിയമങ്ങള്‍ കൊണ്ടുവന്നത്. ഇവ പിന്‍വലിക്കണം. പകരം താങ്ങുവില ഉറപ്പാക്കുന്ന നിയമം കൊണ്ടുവരണം’ – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഞങ്ങള്‍ പ്രതിഷേധിക്കുകയാണ്. വേറെന്തെങ്കിലും ചെയ്യുന്നുണ്ടോ. രാഷ്ട്രീയമായി ഞങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ല. ആര്‍ക്കു വോട്ട് ചെയ്യണമെന്ന് ഞങ്ങള്‍ ആരോടും നിര്‍ദേശം നല്‍കിയിട്ടില്ല. ഏറ്റവുമധികം പലിശ കൊടുക്കേണ്ട ആളുകളാണ് കര്‍ഷകര്‍ – 350%. ഒരു ലക്ഷം രൂപ ലോണെടുത്താല്‍ ഒരു ദിവസം 10,000 രൂപ വച്ച് നല്‍കണം. ഈ പ്രശ്‌നങ്ങള്‍ വച്ച് ആരുടെ അടുത്താണ് ഞങ്ങള്‍ പോകേണ്ടത്’.
ഇന്ത്യയെ മോശമാക്കി കാണിക്കാനുള്ള നീക്കമാണ് കര്‍ഷകര്‍ നടത്തുന്നതെന്ന ആരോപണങ്ങളെ ടികായത് തള്ളിക്കളഞ്ഞു. ‘എന്ത് രാജ്യാന്തര ഗൂഢാലോചനയാണ് ഉള്ളത്? എന്ത് ആക്ഷേപിക്കലാണുള്ളത്? കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് കൃത്യമായ വില ചോദിച്ചാല്‍ അത് ഇന്ത്യയെ ആക്ഷേപിക്കലാകുമോ? താങ്ങുവില ഉറപ്പാക്കാനായില്ലെങ്കില്‍ കര്‍ഷകരെ കൊള്ളയടിക്കാന്‍ ആര്‍ക്കും കഴിയും. ഇവിടെയാണ് യഥാര്‍ഥ ഗൂഢാലോചന.’
പ്രതിഷേധക്കാരെ തടയാന്‍ റോഡുകളില്‍ ആണി പാകി സര്‍ക്കാര്‍ തയാറെടുത്തപ്പോള്‍ പൂക്കള്‍ നട്ട് തിരിച്ചടി നല്‍കാനുള്ള ശ്രമത്തെക്കുറിച്ചും ടികായത് പ്രതികരിച്ചു. ‘അവര്‍ ആണികള്‍ നടട്ടേ, ഞങ്ങള്‍ പൂക്കളും. ഇതു സമാധാനത്തിന്റെ ചിഹ്നമാണ്’– അദ്ദേഹം പറഞ്ഞു.

Related Articles

Back to top button