BREAKING NEWSNATIONALNEWS

പ്രധാനമന്ത്രി വെള്ളിശില പാകി; അയോധ്യയില്‍ ക്ഷേത്രനിര്‍മാണത്തിന് തുടക്കമായി

അയോധ്യ: ശ്രീരാമജന്മഭൂമിയില്‍ ‘രാം ലല്ല’ ക്ഷേത്രനിര്‍മാണത്തിനു തുടക്കമായി. രാമനാമ ജപത്താലും വേദമന്ത്രോച്ചാരണത്താലും മുഖരിതമായ അയോധ്യയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്ര നിര്‍മാണത്തിന് ഔപചാരിക തുടക്കം കുറിച്ചു. ഭൂമിപൂജയ്ക്ക് ശേഷം 40 കിലോ ഗ്രാം തൂക്കമുള്ള വെള്ളിശില സമര്‍പ്പിച്ചാണ് ശിലാന്യാസം നടത്തിയത്. രാജ്യത്തിന്റെ മുഴുവന്‍ പ്രതിനിധിയെന്ന നിലയില്‍ രാജ്യത്തിന്റെ സര്‍വൈശ്വര്യങ്ങള്‍ക്കും വേണ്ടിയാണ് ഈ ക്ഷേത്രനിര്‍മാണത്തിന് തുടക്കം കുറിയ്ക്കുന്നതെന്ന് മോദി പറഞ്ഞു.
തുടര്‍ന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്, ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കൊണ്ടുവന്ന തിരഞ്ഞെടുത്ത ഒമ്പത് ശിലകള്‍ കൂടി സ്ഥാപിച്ചു.
ഡല്‍ഹിയില്‍നിന്ന് വിമാന മാര്‍ഗം ലഖ്‌നൗവില്‍ എത്തിയ പ്രധാനമന്ത്രി അയോധ്യയിലെ ഹനുമാന്‍ ഗഡി ക്ഷേത്രത്തില്‍ ആരാധന നടത്തിയതിന് ശേഷമാണ് ഭൂമി പൂജ ചടങ്ങിനെത്തിയത്. ക്ഷേത്ര ഭൂമിയില്‍ പ്രധാനമന്ത്രി പാരിജാത വൃക്ഷത്തിന്റെ തൈ നട്ടതിന് ശേഷമാണ് ഭൂമി പൂജ ചടങ്ങുകള്‍ ആരംഭിച്ചത്. 12.05 മുതല്‍ ഒരുമണിക്കൂര്‍ നീണ്ടുനിന്ന് ചടങ്ങിന് ശേഷമാണ് മോദി വെള്ളി ശില സ്ഥാപിച്ചത്. 135 സന്യാസികള്‍ അടക്കം 185 പേരാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്.
അയോധ്യയിലെ സകേത് കോളേജ് ഹെലിപ്പാഡില്‍ വന്നിറങ്ങിയ പ്രധാനമന്ത്രിയെ യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.
പ്രധാനമന്ത്രിയെക്കൂടാതെ 174 പേരാണ് ചടങ്ങുകള്‍ക്ക് നേര്‍സാക്ഷ്യം വഹിച്ചത്. കോവിഡ് കണക്കിലെടുത്ത് ആറടി അകലത്തിലാണ് എല്ലാവര്‍ക്കും ഇരിപ്പിടമൊരുക്കിയിരിക്കുന്നത്. ക്ഷണിതാക്കളില്‍ 135 പേര്‍ മതനേതാക്കളാണ്.
റോഡുകളും കെട്ടിടങ്ങളും തെരുവുകളും വീടുകളും സരയൂതീരവും സ്‌നാനഘട്ടുകളും ദീപങ്ങളും വര്‍ണങ്ങളും ചിത്രങ്ങളും പൂക്കളും നിറഞ്ഞ് മനോഹരമായിട്ടുണ്ട്. ചുവരുകളിലെല്ലാം കലാകാരന്മാരുടെ രാമകഥാ ചിത്രീകരണം. റോഡരികിലെ കെട്ടിടങ്ങള്‍ക്കെല്ലാം മംഗളസൂചകമായ മഞ്ഞ നിറം ചാര്‍ത്തിയിട്ടുണ്ട്.

Related Articles

Back to top button