രാമങ്കരി(ആലപ്പുഴ): വഴിത്തര്‍ക്കത്തെ തുടര്‍ന്ന് രാമങ്കരിയില്‍ സ്ഥലം ഉടമയുടെ 18 തെങ്ങുകള്‍ അര്‍ധരാത്രി വെട്ടിമാറ്റി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ രാമങ്കരി പോലീസും പ്രദേശവാസികളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഗ്രേഡ് എസ്.ഐ.ക്ക് പരിക്കേറ്റു.
ശനിയാഴ്ച പുലര്‍ച്ചേ 2.15 ഓടെ ഒരുസംഘം ആളുകള്ചേര്ന്നാണ് തെങ്ങുകള്‍ വെട്ടിമാറ്റിയത്. രാമങ്കരി പഞ്ചായത്ത് ഒന്നാംവാര്‍ഡ് മണലാടി പുന്നശ്ശേരി പത്തില്‍ച്ചിറയില്‍ ജോസി സെബാസ്റ്റ്യന്റെ ഉടമസ്ഥതയിലുള്ള ചിറയിലെ തെങ്ങുകളാണ് വെട്ടിയത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസും കുടുംബങ്ങളുമായി സംഘര്‍ഷമുണ്ടാവുകയായിരുന്നു. ഇതിനിടയിലാണ് രാമങ്കരി പോലീസ് ഗ്രേഡ് എസ്.ഐ. ജോസഫിന് പരിക്കേറ്റത്. പട്ടികവിഭാഗത്തില്‍പ്പെട്ട ചില സ്ത്രീകള്‍ക്കും പരിക്കേറ്റതായി ബന്ധുക്കള്‍ പറഞ്ഞു.
പാടശേഖരത്തിനുസമീപമുള്ള ചിറയിലൂടെയാണ് സമീപത്തെ ലക്ഷംവീട് മഠത്തില്‍പ്പറമ്പ് കോളനിയിലെ 45 കുടുംബങ്ങള്‍ വര്‍ഷങ്ങളായി സഞ്ചരിക്കുന്നത്. വീതിയുള്ള വഴിക്കായി ചിറയോടുചേര്ന്നുള്ള കുറച്ച് തെങ്ങുകള്‍ വെട്ടിമാറ്റി നല്‍കണമെന്ന് ഇവര്‍ ഉടമയോടാവശ്യപ്പെട്ടിരുന്നു. ഇതു നടപ്പായില്ല. വോട്ടെടുപ്പുദിനത്തിലും വഴിക്കായി കുടുംബങ്ങള്‍ വോട്ട് ബഹിഷ്കരിച്ച് റോഡില്‍ കഞ്ഞിവെച്ച് പ്രതിഷേധിച്ചിരുന്നു.
പുലര്‍ച്ചേ വീടിന്റെ വാതില്‍ തല്ലിത്തകര്‍ത്താണ് പോലീസ് അകത്തുകയറിയതെന്ന് കോളനിയിലെ 68 വയസ്സുള്ള തങ്കമ്മ സേവ്യര്‍ പറഞ്ഞു. ‘മകനെ അന്വേഷിച്ചെത്തിയ പോലീസ് സംഘം എന്നെ തള്ളി താഴെയിട്ടു. അസഭ്യവര്‍ഷമാണ് പിന്നീടുനടന്നത്. ബലമായി ബൈക്കിന്റെ താക്കോലും ഫോണും പിടിച്ചെടുത്തു. കൂട്ടത്തില്‍ വനിതാ പോലീസില്ലായിരുന്നു. വീട്ടിലിരുന്ന പണവും പോലീസെടുത്തു’
പോലീസ് എല്ലാ വീടുകളിലും കയറിയിറങ്ങി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായാണ് കോളനിവാസികളുടെ പരാതി. വീടുകളിലെ ആണുങ്ങളെല്ലാം പേടിച്ച് ഒളിവില്‍പ്പോയിരിക്കുകയാണ്. പത്തിലും പ്ലസ്ടുവിലും പഠിക്കുന്ന കുട്ടികളെയും പോലീസ് വിരട്ടി. അവരുടെ ഫോണുകളും എടുത്തുകൊണ്ടുപോയി. പ്രദേശത്തെ ഇരുപത്തഞ്ചോളം കുടുംബങ്ങള്‍ പട്ടികവിഭാഗത്തില്പ്പെട്ടവരാണെന്ന് പ്രദേശവാസിയായ ജോര്ണിയ പറഞ്ഞു.
എന്നാല്‍, സ്ത്രീകളെ മുന്നില്‍നിര്‍ത്തി തങ്ങളെ ആക്രമിക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു. പ്രദേശവാസികള്‍ക്കൊപ്പം പുറത്തുനിന്നുള്ളവരും കൂടിച്ചേര്‍ന്ന് വടിവാള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി ആക്രമിച്ചതായാണ് പോലീസ് പറയുന്നത്.
രാമങ്കരിയിലെ ആക്രമണത്തില്‍ പോലീസ് രഹസ്യാന്വേഷണവിഭാഗത്തിന് വീഴ്ചയുണ്ടായതായി സൂചന. പ്രദേശത്ത് ആക്രമണത്തിന് സാധ്യതയുള്ളതായി നേരത്തെ വിവരം ലഭിച്ചിരുന്നു. എന്നാല്‍, പുറത്തുനിന്നുള്ളവര്‍ മാരകായുധങ്ങളുമായെത്തിയത് രഹസ്യാന്വേഷണവിഭാഗത്തിന്റെ നിഗമനങ്ങളെ തെറ്റിച്ചു.
സംഭവത്തില്‍ 30 പേര്‍ക്കെതിരേ അഞ്ച് വകുപ്പുകളിലായി കേസെടുത്തിട്ടുണ്ട്. സ്ത്രീകള്‍ മുളകുവെള്ളം കലക്കി പോലീസിന്റെ നേരെയൊഴിച്ചു. വീടുകള്‍ കയറിയിറങ്ങി പോലീസ് അതിക്രമം നടത്തിയിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്