പുതുച്ചേരി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പങ്കെടുത്ത ചടങ്ങില്‍ മത്സ്യത്തൊഴിലായി സ്ത്രീയുടെ പരാതി തെറ്റായി പരിഭാഷപ്പെടുത്തി പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമി വിവാദത്തില്‍. ബിജെപി നേതാക്കളാണ് നാരായണസ്വാമിയുടെ നടപടിയില്‍ പ്രതിഷേധം അറിയിച്ച് രംഗത്തുവന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിലാണ് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
പുതുച്ചേരിയിലെ സോളൈ നഗറില്‍ മത്സ്യത്തൊഴിലാളികളുമായി തുറന്ന ചര്‍ച്ചകള്‍ക്കിടയിലാണ് മുഖ്യമന്ത്രിയുടെ നടപടിയുണ്ടായത്. നിവാര്‍ ചുഴലി കൊടുങ്കാറ്റിന് ശേഷം കോണ്‍ഗ്രസ് നേതാവ് കൂടിയായ മുഖ്യമന്ത്രി തങ്ങളെ തിരിഞ്ഞു നോക്കിയില്ലെന്നാണ് പരാതിക്കാരി പറഞ്ഞത്.
എന്നാല്‍, നിവാര്‍ ചുഴലി കൊടുങ്കാറ്റ് സമയത്ത് ഞാന്‍ (മുഖ്യമന്ത്രി) വരികയും പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തു. ഞാന്‍ അവര്‍ക്ക് ആശ്വാസം നല്‍കിയെന്നുമാണ് സ്ത്രീ പറയുന്നത് എന്നാക്കി മുഖ്യമന്ത്രി നാരായണസ്വാമി മാറ്റി പറയുകയായിരുന്നു.
ഇതോടെ അതിരൂക്ഷമായ വിമര്‍ശനമാണ് മുഖ്യമന്ത്രിക്കെതിരെ ഉണ്ടായിരിക്കുന്നത്. നുണകള്‍ പറയുന്നതിന് രാഹുല്‍ ഗാന്ധിയുമായി കോണ്‍ഗ്രസ് നേതാക്കള്‍ മത്സരിക്കുകയാണെന്ന് തോന്നുന്നുവെന്നാണ് ബിജെപി നേതാവ് സിടി രവി ട്വിറ്ററില്‍ കുറിച്ചത്.
അതിന് പിന്നാലെ, കര്‍ണാടക ബിജെപി രാജ്യസഭാ എംപി, രാജീവ് ചന്ദ്രശേഖറും മുഖ്യമന്ത്രിയുടെ നടപടിയെ വിമര്‍ശിച്ച് രംഗത്തുവന്നു. പുതുച്ചേരിയിലെ രാഹുലിന്റെ നുണ യാത്രയില്‍ നിന്ന് ഒരു നുണ കൂടി. ചുഴലിക്കാറ്റിനുശേഷം നിങ്ങള്‍ ഞങ്ങളെ സന്ദര്‍ശിച്ചിട്ടില്ലെന്ന് വൃദ്ധ പറയുന്നു. ചുഴലിക്കാറ്റില്‍ ഞാന്‍ അവളെ സന്ദര്‍ശിച്ചുവെന്ന് അവര്‍ പറയുന്നതായി രാഹുല്‍സ് മുഖ്യമന്ത്രി നാരായണസ്വാമി വിവര്‍ത്തനം ചെയ്യുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.
സംഭവം വിവാദമായതോടെ ന്യായീകരണവുമായി അദ്ദേഹം വന്നിട്ടുണ്ട്. അദ്ദേഹം തെറ്റായി വിവര്‍ത്തനം ചെയ്തിട്ടില്ലെന്നും കൊടുങ്കാറ്റിലും കൊറോണയിലും ജനങ്ങളുടെ അടുത്ത് ചെന്ന് അവരുടെ ആവലാതികള്‍ ശ്രദ്ധിച്ച ഒരു മികച്ച മുഖ്യമന്ത്രിയായിരുന്നു ശ്രീ നാരായണസാമി എന്നത് എല്ലാവര്ക്കും അറിയാവുന്ന വസ്തുതയാണെന്നും സ്വന്തം ട്വിറ്ററില്‍ കുറിച്ചു. വൃദ്ധയുടെ ചോദ്യത്തിന് മറുപടിയായാണ് രാഹുല്‍ ഗാന്ധിയോട് ഇംഗ്ലീഷില്‍ പറഞ്ഞതെന്നുമാണ് വിശദീകരണം ഉണ്ടായിരിക്കുന്നത്.