തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ കള്ളം കയ്യോടെ പിടികൂടിയെന്നും പ്രതിപക്ഷം പുറത്തുവിട്ടില്ലായിരുന്നെങ്കില്‍ മത്സ്യത്തൊഴിലാളികളെ വഴിയാധാരമാക്കാനുള്ള ഉടമ്പടിയില്‍ സര്‍ക്കാര്‍ ഒപ്പുവെച്ചേനെയെന്നും രമേശ് ചെന്നിത്തല.
ഒരു തവണ ജനങ്ങളുടെ ആരോഗ്യം വിറ്റ് കാശാക്കാന്‍ ശ്രമിച്ചു. ഇപ്പോള്‍ പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ പട്ടിണിക്കിട്ട് മത്സ്യസമ്പത്ത് വിറ്റ് കാശാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. രണ്ടും കൈയോടെ പിടികൂടിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
‘സാധാരണ ഗതിയില്‍ ആര്‍ക്കും സന്ദര്‍ശനാനുമതി നല്‍കാത്ത മുഖ്യമന്ത്രിയെ ഇ.എം.സി.സി. പ്രതിനിധികള്‍ രണ്ടു തവണ കണ്ടു. ഓര്മ വരുന്നില്ലെന്നാണ് മുഖ്യമന്ത്രിയും ജയരാജനും മേഴ്സിക്കുട്ടിയമ്മയും പറയുന്നത്. മന്ത്രിസഭയിലുള്ളവര്‍ക്കെല്ലാം മറവിരോഗം വന്നിരിക്കുകയാണ്.
ഒരു ഭാഗത്ത് കേരളത്തിന്റെ സൈന്യമാണെന്ന് മത്സ്യത്തൊഴിലാളികളെ കുറിച്ച് പറയുക. മറുഭാഗത്ത് അവരെ പട്ടിണിയിലേക്കും ദാരിദ്ര്യത്തിലേക്കും നയിക്കുന്ന നടപടികള്‍ അമേരിക്കന്‍ കമ്പനിയുമായി ചേര്‍ന്ന് നടപ്പാക്കുക.
ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ പ്രതിപക്ഷം പുറത്ത് കൊണ്ടുവന്നിട്ടില്ലായിരുന്നുവെങ്കില് കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ ജീവിതം വഴിയാധാരമാകുന്ന ഉടമ്പടി സംസ്ഥാന സര്‍ക്കാര്‍ അംഗീകരിക്കുമായിരുന്നു. തങ്ങള്‍ ചെയ്ത പാഴ്വേല മുഴുവന്‍ ഉദ്യോഗസ്ഥരുടെ മേല്‍ കെട്ടിവെക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി ചെയ്യുന്നത്’ പ്രതിപക്ഷ നേതാവ് പറഞ്ഞു.