BREAKING NEWSKERALALATEST

വടകരയില്‍ കെ.കെ രമ മത്സരിച്ചാല്‍ ആര്‍.എം.പിയെ പിന്തുണയ്ക്കും: ചെന്നിത്തല

വടകര: വടകരയില്‍ ആര്‍എംപിയെ പിന്തുണയ്ക്കാന്‍ യുഡിഎഫ് തീരുമാനം. ഘടകകക്ഷിയല്ലെങ്കിലും സ്ഥാനാര്‍ഥിയായി കെ.കെ രമ മത്സരിച്ചാല്‍ ആര്‍എംപിയെ പിന്തുണയ്ക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. ഡല്‍ഹിയില്‍ നടന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തവണ മത്സരിക്കാനില്ലെന്ന് കെ.കെ രമ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്‍ വേണുവിനെ സ്ഥാനാര്‍ഥിയാക്കാനായിരുന്നു ആര്‍എംപിയിലെ നീക്കങ്ങള്‍. എന്നാല്‍ യുഡിഎഫ് ഔദ്യോഗികമായി പിന്തുണ അറിയിച്ച സാഹചര്യത്തില്‍ കെകെ രമയെ തന്നെ ആര്‍എംപി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചേക്കും. ഇന്നോ നാളെയോ ആര്‍എംപി ഔദ്യോഗികമായി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും.
ആര്‍എംപി മത്സരിക്കുമെന്ന് ഉറപ്പായതോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയാലും എല്‍ഡിഎഫ് വിരുദ്ധ വോട്ടുകള്‍ വിഭജിക്കപ്പെടുമെന്ന് കണക്കിലെടുത്താണ് തീരുമാനം. കഴിഞ്ഞ തവണ കെ.കെ രമ ഒറ്റയ്ക്ക് നിന്നപ്പോള്‍ 20,504 വോട്ട് നേടിയിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി.കെ നാണു 9511 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തവണ ജയിച്ചത്.
ഇത്തവണ 91 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുക. ഇതില്‍ 81 സീറ്റുകളുടെ കാര്യത്തില്‍ തീരുമാനമായി. പത്തെണ്ണത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്നും കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ തീരുമാനമായി.

Related Articles

Back to top button