തിരുവനന്തപുരം: ഇരട്ട വോട്ട് സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. വോട്ടെടുപ്പിന് ശേഷം വിരലില്‍ പതിക്കുന്ന മഷി മായ്ക്കാനായി സി.പി.എം രാസവസ്തു വിതരണം ചെയ്യുന്നെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ഒരാള്‍ ഒരു വോട്ടുമാത്രം ചെയ്താല്‍ യു.ഡി.എഫിന് 110 സീറ്റ് ലഭിക്കുമെന്നും ചെന്നിത്തല പറഞ്ഞു. വോട്ടര്‍ പട്ടികയില്‍ ക്രമക്കേടിനെതിരെ ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനേയും സമീപിച്ചത്.
മൂന്ന് തലത്തിലാണ് കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. എഐസിസി സംഘം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനുമായി വെര്‍ച്വല്‍ കൂടിക്കാവ്ച നടത്തിയാണ് പരാതി ഉന്നയിച്ചത്. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തലയും പരാതി നല്കി. വോട്ടര്‍ പട്ടികയില്‍ ഇരട്ടിപ്പ് സംബന്ധിച്ച് കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എമാരും പരാതി നല്‍കും.
കേരളത്തിലെ ഇലക്ഷന് ഓഫീസര്‍ എല്‍ ഡി എഫിന് വേണ്ടി പ്രവര്‍ത്തിക്കുന്നതായി കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല ആരോപിച്ചു. ഇടത് പക്ഷം സംസ്ഥാന തെരഞ്ഞെടുപ്പ് സംവിധാനത്തെ തകര്‍ക്കുകയാണ്. ഒന്നില്‍ കൂടുതല്‍ പേരുള്ളവര്‍ക്കെതിരെ കേസെടുക്കണം. വിഷയങ്ങള്‍ പരിഗണിക്കാമെന്ന് കമ്മിഷന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വോട്ടെടുപ്പിന് ശേഷം കൈയ്യില്‍ തേക്കുന്ന മഷി മയിക്കാന്‍ രാസവസ്തുക്കളുടെ അടക്കം വിതരണം നടക്കുന്നുവെന്നാണ് ചെന്നിത്തല ആരോപിക്കുന്നത്.ഇതിന് വ്യക്തമായ തെളിവുണ്ടോ എന്ന ചോദ്യത്തിന് ചില കേന്ദ്രങ്ങളില്‍ നിന്ന് ഇത്തരത്തില്‍ വിവരം ലഭിച്ചുവെച്ചും ഇക്കാര്യത്തില്‍ കമ്മീഷന്റെ ശ്രദ്ധ വേണമെന്നും അദ്ദേഹം വ്യക്തമാക്കി. ഇടത് അനുഭാവമുള്ള ഉദ്യോഗസ്ഥരെ പ്രത്യേകം നിയോഗിച്ചുകൊണ്ടാണ് ഇത്തരത്തില്‍ വോട്ടര്‍പട്ടികയില്‍ ക്രമക്കേട് നടത്തിയതെന്നും ഇത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആഴക്കടല്‍ വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് തയാറാണോ എന്ന് ചെന്നിത്തല മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു. അന്തസുണ്ടെങ്കില്‍ അന്വേഷണത്തിന് മുഖ്യമന്ത്രി തയാറാകണം. മേഴ്സിക്കുട്ടിയമ്മയുടെയും പിണറായിയുടെയും പൊള്ളത്തരം അതോടെ പുറത്താകുമെന്നും ചെന്നിത്തല എറണാകുളത്ത് ആരോപിച്ചു.