തിരുവനന്തപുരം: കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിനെതിരെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച സര്‍ക്കാരിന്റെ നടപടി തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളെ കബളിപ്പിക്കുന്നതിനുള്ള അസംബന്ധ നാടകം മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ വിവരക്കേട് തിരഞ്ഞെടുപ്പ് കാലത്തെ മറ്റൊരു ‘പ്രചരണ സ്റ്റണ്ട്’ മാത്രമായി കണ്ടാല്‍ മതിയെന്നും ചെന്നിത്തല പറഞ്ഞു.
സ്വര്‍ണ്ണക്കടത്തു കേസിലും ഡോളര്‍ക്കടത്തു കേസിലും ഗുരുതരമായ മൊഴികളാണ് മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും മന്ത്രിമാര്‍ക്കുമെതിരെ പ്രതികള്‍ കോടതി മുമ്പാകെ നല്‍കിയത്. ഇത്രയും ഗുരുതരമായ മൊഴികളുണ്ടായിട്ടും അതിനെക്കുറിച്ച് അന്വേഷിക്കാതെ ഒളിച്ചു കളിക്കുകയാണ് കേന്ദ്ര ഏജന്‍സികള്‍. സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള ഡീലിന്റെ ഭാഗമാണ് ഈ കള്ളക്കളി. തിരഞ്ഞെടുപ്പില്‍ അത് ചര്‍ച്ചയായപ്പോള്‍ ജനശ്രദ്ധ തിരിച്ചു വിടുന്നതിനും ജനങ്ങളെ കബളിപ്പിക്കുന്നതിനുമാണ് ജുഡീഷ്യല്‍ അന്വേഷണമെന്ന പ്രഹസനമെന്നും അദ്ദേഹം പറഞ്ഞു.
സ്വര്‍ണ്ണക്കടത്തും ഡോളര്‍ക്കടത്തും പോലുള്ള രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിനെതിരെ കമ്മീഷന് ഓഫ് ഇന്‍ക്വയറീസ് ആക്റ്റ് പ്രകാരം ജുഡീഷ്യല്‍ അന്വേഷണം നടത്തുന്നുതെങ്ങനെയെന്ന് മനസിലാകുന്നില്ല. തീര്‍ത്തും യുക്തിരഹിതവും അപഹാസ്യവുമാണ് സര്‍ക്കാര്‍ നടപടിയെന്നും ചെന്നിത്തല വിമര്‍ശിച്ചു.
കേസില്‍ അറസ്റ്റിലായത് മുഖ്യമന്ത്രിയുടെ വലംകയ്യും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരുന്ന ശിവശങ്കരനാണ്. സ്വര്‍ണ്ണക്കടത്തു കേസിലെ മുഖ്യപ്രതി കോടതിക്കു മുന്‍പാകെ കൊടുത്ത മൊഴിയാകട്ടെ മുഖ്യമന്ത്രിയെയും സ്പീക്കറെയും മറ്റു മന്ത്രിമാരെയും പ്രതിക്കൂട്ടില്‍ കയറ്റുന്നതുമാണ്. ഈ ഘട്ടത്തിലാണ് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെ ജുഡീഷ്യല്‍ അന്വേഷണം കൊണ്ട് നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് എത്രമാത്രം അപഹാസ്യമാണെന്ന് സാമാന്യബോധമുള്ള ആര്‍ക്കും മനസിലാവുമെന്നും അദ്ദേഹം പറഞ്ഞു.
ഗുരുതര സ്വഭാവമുള്ള മൊഴികളാണ് പ്രതികള്‍ നല്‍കിയിട്ടുള്ളതെന്ന് അന്വേഷണ ഏജന്‍സികള്‍ തന്നെ കോടതിയില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഈ മൊഴികള്‍ കയ്യിലുണ്ടായിരുന്നിട്ടും നേരാംവണ്ണം അന്വേഷണം നടത്താതെ ഒളിച്ചു കളിക്കുകയാണ് കേന്ദ്ര ഏജന്‍സികള്‍. ഇതെല്ലാം തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുന്നു എന്ന് കണ്ടപ്പോള്‍ ജനശ്രദ്ധ തിരിച്ചു വിടുന്നതിനുള്ള പ്രഹസനം മാത്രമാണ് ഈ ജുഡീഷ്യല്‍ അന്വേഷണ തട്ടിപ്പ്. ഇതു കൊണ്ടെന്നും ഗുരുതമായ ആരോപണങ്ങളില്‍ നിന്ന് രക്ഷപ്പെടാമെന്ന് സര്‍ക്കാര്‍ കരുതണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.