BREAKING NEWSLATESTNATIONAL

അശ്ലീല സിഡി: ‘മുന്‍മന്ത്രി ഭീഷണിപ്പെടുത്തി’; കര്‍ണാടക ചീഫ് ജസ്റ്റിസിന് കത്തയച്ച് യുവതി

ബെംഗളൂരു: മുന്‍ മന്ത്രി രമേഷ് ജാര്‍ക്കിഹോളി ഉള്‍പ്പെട്ട അശ്ലീല വിഡിയോ കേസിലെ പരാതിക്കാരി കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസിന് അയച്ചതെന്നു പറയപ്പെടുന്ന കത്ത് പുറത്ത്. തനിക്കുനേരെയുള്ള ഭീഷണി ശ്രദ്ധിക്കണമെന്നും, കേസ് ഏറ്റെടുക്കണമെന്നും, സംരക്ഷണം നല്‍കാനും നീതി നടപ്പാക്കാനും സംസ്ഥാന സര്‍ക്കാരിനോടു നിര്‍ദേശിക്കണമെന്നും മൂന്നു പേജുള്ള കത്തില്‍ യുവതി കോടതിയോട് അഭ്യര്‍ഥിച്ചു.
ബലാത്സംഗത്തിന് ഇരയായെന്നു പറഞ്ഞ യുവതി, ജാര്‍ക്കിഹോളിക്കെതിരെ പരാതി നല്‍കുകയും എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടി. ‘ജാര്‍ക്കിഹോളി വളരെ സ്വാധീനമുള്ള വ്യക്തിയാണ്. തന്നെ പരസ്യമായി ഭീഷണിപ്പെടുത്തി. അദ്ദേഹത്തിനെതിരായ ആരോപണങ്ങള്‍ നീക്കാന്‍ ഏതറ്റം വരെയും പോകുമെന്നു പറഞ്ഞു. തനിക്കും മാതാപിതാക്കള്‍ക്കും ഭീഷണിയുണ്ട്. സംരക്ഷണം തരണമെന്നു പ്രത്യേക അന്വേഷണ സംഘത്തോട് (എസ്‌ഐടി) അഭ്യര്‍ഥിച്ചിരുന്നു’– യുവതി പറഞ്ഞു.
എസ്‌ഐടി ഇതുവരെയും സംരക്ഷണം നല്‍കിയിട്ടില്ല. എസ്‌ഐടിയില്‍ സ്വാധീനം ചെലുത്തി മാതാപിതാക്കള്‍ക്കെതിരെ ജാര്‍ക്കിഹോളി ഗുരുതര ഭീഷണി ഉയര്‍ത്തുന്നു. മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാകുന്നതില്‍നിന്നു തന്നെ തടയാനും പരാതിയുമായി ബന്ധപ്പെട്ടു കൂടുതല്‍ പ്രസ്താവന നടത്തുന്നത് ഒഴിവാക്കാനും ശ്രമമുണ്ടായി. ജാര്‍ക്കിഹോളിക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ട്. ഈ കേസിലും തെളിവുകള്‍ നശിപ്പിക്കുകയാണ്. ജാര്‍ക്കിഹോളി വഞ്ചിച്ചെന്ന തരത്തിലുള്ള വിഡിയോ പ്രസ്താവനകളും യുവതിയുടേതായി പുറത്തുവന്നു.
ജീവനു ഭീഷണിയുണ്ടെന്നു കാണിച്ചുള്ള യുവതിയുടെ കത്ത് ഭയപ്പെടുത്തുന്നതാണെന്നു പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ പ്രതികരിച്ചു. ‘കര്‍ണാടകയില്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ടോ? ആത്മഹത്യയ്ക്കു ശ്രമിച്ചതായി സിഡിയിലെ യുവതി അവകാശപ്പെട്ടു. ഇപ്പോള്‍ തന്റെ ജീവന് ഭീഷണിയുണ്ടെന്നും പറയുന്നു. ഇരയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ മുഖ്യമന്ത്രി യെഡിയൂരപ്പ, ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈ അടക്കം മുഴുവന്‍ സര്‍ക്കാരിനും ഉത്തരവാദിത്തമുണ്ടാകും’– സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു.
അതേസമയം, കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാറാണു യുവതിയെ നിയന്ത്രിക്കുന്നതെന്നു പിതാവ് ആരോപിച്ചു. സമ്മര്‍ദത്തില്‍പ്പെട്ടു പ്രസ്താവനകള്‍ നടത്തരുതെന്നു മകളോട് അഭ്യര്‍ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button