BREAKING NEWSKERALALATEST

‘ഉദ്യോഗാര്‍ഥികള്‍ക്കും പ്രതിപക്ഷത്തിനും മുന്നില്‍ പിണറായി വിജയന് മുട്ടിലിഴയേണ്ടി വന്നു’; രമേശ് ചെന്നിത്തല

പത്തനംതിട്ട: ഉദ്യോഗാര്‍ഥികളുടെയും പ്രതിപക്ഷത്തിന്റെയും ജനകീയ സമരത്തിനു മുന്‍പില്‍ പിണറായി വിജയനു മുട്ടിലിഴയേണ്ടി വന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷ സമരവും റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരവും പൂര്‍ണമായും ശരിയാണെന്നു വന്നിരിക്കുന്നു. ഇനിയെങ്കിലും സര്‍ക്കാര്‍ ഉദ്യോഗാര്‍ഥികളുടെ ആവശ്യം പരിഹരിക്കണം. നിയമനം നല്‍കണം. പിണറായിക്ക് ഇനിയും ഇഴയേണ്ടി വരും. അതിനു മുന്‍പ് അദ്ദേഹം ഉദ്യോഗാര്‍ഥികളുടെ ആവശ്യത്തിന് പരിഹാരം കാണണം. അനധികൃത നിയമനം സ്ഥിരപ്പെടുത്താനുള്ള നീക്കം ജനരോഷത്തെ ഭയന്നാണ് നിര്‍ത്തിയതെന്നും ചെന്നിത്തല പറഞ്ഞു.
അനാവശ്യ സമരമെന്നും പ്രതിപക്ഷ സമരമെന്നും പറഞ്ഞിട്ട് ഇപ്പോള്‍ മുഖ്യമന്ത്രിക്കു മുട്ടു മടക്കേണ്ടി വന്നില്ലേ. ഇപ്പോള്‍ ആരാണ് മുട്ടിലിഴയുന്നത്? ഇപ്പോള്‍ മുട്ടിലിഴയുന്നത് പിണറായി വിജയനല്ലേ? തസ്തികകള്‍ സൃഷ്ടിക്കണം. ഉള്ള ഒഴിവുകള്‍ കണ്ടെത്തി നിയമനം നടത്തണം. അല്ലാതെ കളിപ്പിക്കാന്‍ നോക്കേണ്ട. ഇതുവരെയുള്ള സ്ഥിരപ്പെടുത്തലുകള്‍ പുനഃപരിശോധിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ഇതിനിടെ താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് നിര്‍ത്തിവച്ചത് താല്‍ക്കാലിക നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തിയാല്‍ സ്ഥിരപ്പെടുത്തല്‍ ഉണ്ടാകും. അര്‍ഹതയുള്ളവരെ കൈവിടില്ല. അതാണ് എല്‍ഡിഎഫ് നയമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. താത്കാലികക്കാരെ സ്ഥിരപ്പെടുത്തിയതില്‍ യാതൊരു തെറ്റുമില്ല. പിഎസ്‌സിക്ക് വിടാത്ത തസ്തികകളിലാണ് സ്ഥിരപ്പെടുത്തല്‍ നടന്നത്. പിഎസ്‌സി ലിസ്റ്റില്‍ ഉള്‍പ്പെട്ട ആര്‍ക്കും അവിടെ നിയമനം നടത്താന്‍ സാധിക്കില്ല. അവര്‍ അത് ആഗ്രഹിച്ചിട്ട് കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘യുഡിഎഫ് സര്‍ക്കാര്‍ മാനദണ്ഡങ്ങളൊന്നും പാലിക്കാതെ നിയമനം നടത്തിയ ഒരുപാട് കാര്യങ്ങളുണ്ട്. ഇതങ്ങനെ ഒരു പ്രശ്‌നമേയില്ല. പൂര്‍ണ്ണമായും പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയവരെ പരിഗണിക്കുന്ന സ്ഥിതിയാണുണ്ടായത്. എന്തോ ചെയ്യാന്‍ പാടില്ലാത്ത കാര്യം ചെയ്യുന്നുവെന്ന പ്രതീതി സൃഷ്ടിക്കാന്‍ ശ്രമിച്ചു’. മുഖ്യമന്ത്രി പറഞ്ഞു.
‘ബോധപൂര്‍വ്വം സര്‍ക്കാരിന്റെ നടപടികളെ കരിവാരിതേക്കാന്‍ ശ്രമിക്കുന്ന ഒരു വിഭാഗം പ്രവര്‍ത്തിക്കുന്നു എന്ന് തിരിച്ചറിഞ്ഞു കൊണ്ട്, അവര്‍ക്ക് അവസരം നല്‍കേണ്ടതില്ല എന്നതിനാലാണ് താത്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് നിര്‍ത്തിവച്ചത്. ഏതാനും മാസങ്ങളുടെ പ്രശ്‌നങ്ങളെ ഉണ്ടാകൂ, അര്‍ഹതയുള്ളവരായിട്ട് തന്നെയാണ് അവരെ സര്‍ക്കാരും എല്‍ഡിഎഫും കാണുന്നത്. ജനങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാരിനൊപ്പം തന്നെയാണ് നില്‍ക്കുന്നത്. ജനങ്ങള്‍ എല്‍ഡിഎഫിനെ വീണ്ടും അധികാരത്തിലേറ്റിയാല്‍ താത്കാലിക ജീവനക്കാരെ കൈ ഒഴിയാത്ത സമീപനം തന്നെയാണ് നിശ്ചയമായും സ്വീകരിക്കുക’ മുഖ്യമന്ത്രി പറഞ്ഞു.
ഇന്ന് തെറ്റായി ഉപയോഗിക്കുന്ന ആളുകള്‍ക്ക് ഇതൊരു ആയുധം നല്‍കേണ്ട എന്നുള്ളത് കൊണ്ടാണ് ഇപ്പോള്‍ ആര്‍ക്കും നിയമനം നല്‍കേണ്ടെന്ന് തീരുമാനിച്ചത്. ഹൈക്കോടതി ചോദിച്ചതിന് കൃത്യമായ മറുപടി സര്‍ക്കാര്‍ നല്‍കും. അതിന് പ്രത്യേക ആശങ്കയുടെ പ്രശ്‌നമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശക്തമായ പ്രതിഷേധം കണക്കിലെടുത്ത് താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് നിര്‍ത്തി വയ്ക്കാന്‍ സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് തീരുമാനിച്ചിരുന്നു. പി.എസ്.സി ഉദ്യോഗാര്‍ഥികളുടെ സമരം ശക്തമാകുന്നതിനിടെ മൂന്നു മണിക്കൂറോളം നീണ്ട മന്ത്രിസഭാ യോഗത്തിലാണ് നിര്‍ണായക തീരുമാനം. ഇതുവരെ സ്ഥിരപ്പെടുത്തല്‍ നടക്കാത്ത വകുപ്പുകളില്‍ ഇന്നത്തെ തീരുമാനം ബാധകമാകുമെന്നാണ് സര്‍ക്കാര്‍ വിശദീകരണം.
അതേസമയം സ്ഥിരപ്പെടുത്തല്‍ സുതാര്യമാണെങ്കിലും പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് യോഗം വിലയിരുത്തി. സ്ഥിരപ്പെടുത്തല്‍ പ്രതിപക്ഷം ആയുധമാക്കിയതോടെയാണ് തീരുമാനത്തില്‍നിന്ന് പിന്നോട്ടുമാറാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker