BREAKING NEWSKERALALATEST

മുഖ്യമന്ത്രിക്ക് എല്ലാം സാങ്കല്‍പ്പിക കഥ, കുറ്റവാളികള്‍ക്ക് എത്രകാലം സംരക്ഷണം ഒരുക്കും: ചെന്നിത്തല

തിരുവനന്തപുരം: സാങ്കല്പിക കഥയാണെന്ന് പറഞ്ഞ് കുറ്റവാളികള്‍ക്ക് എത്രനാള്‍ മുഖ്യമന്ത്രി സംരക്ഷണം ഒരുക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ് അഴിമതികള്‍ക്ക് കൂട്ടുനില്‍ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഉയര്‍ന്ന സാക്ഷരതയുളള കേരളത്തിലെ ജനങ്ങളെ മുഖ്യമന്ത്രി പറ്റിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
‘ഓരോ ദിവസവും മാധ്യമങ്ങളിലൂടെ പുറത്ത് വരുന്നത് നുണക്കഥകളാണെന്ന് പറഞ്ഞ് രക്ഷപ്പെടാനാകില്ല. മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവരുന്നത് സംബന്ധിച്ച് വിശദീകരണം നല്‍കേണ്ട മുഖ്യമന്ത്രി അതെല്ലാം സങ്കല്പ ലോകത്തെ കഥകളാണെന്ന് പറയുന്നത് അപഹാസ്യമാണ്. നാണം കെട്ട നാറിയ കഥകളാണ് ഭരണ ഇടനാഴിയില്‍ ഉണ്ടാകുന്നത്. മന്ത്രിമാര്‍, മന്ത്രിമാരുടെ മക്കള്‍, പാര്‍ട്ടി സെക്രട്ടറി അദ്ദേഹത്തിന്റെ മകന്‍ ഇതെല്ലാം പകല്‍ പോലെ സത്യമായ കാര്യങ്ങളാണെങ്കിലും അതൊന്നും വിശദീകരിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയാത്തത് എന്തുകൊണ്ടാണ്. നാളെ മുഖ്യമന്ത്രി പറയും സൂര്യന്‍ ഉദിക്കുന്നതും അസ്തമിക്കുന്നതും സാങ്കല്പിക കഥയാണെന്ന്. ‘ ചെന്നിത്തല പറഞ്ഞു.
ജലീലിനെ മുഖ്യമന്ത്രി പൂര്‍ണമായും ന്യായീകരിക്കുകയാണ്. ഇഡി ജലീലിനെ വിളിച്ചുവരുത്തിയത് സംശയനിവാരണത്തിന് വേണ്ടിയാണെന്ന് പറഞ്ഞ് മുഖ്യമന്ത്രി നിസാരവല്‍ക്കരിക്കുകയാണ്. ഉത്തരവാദിത്തപ്പെട്ട മന്ത്രി പ്രൊട്ടോക്കോള്‍ ലംഘിച്ചുകൊണ്ട് കുറ്റകൃത്യം ചെയ്തിട്ടും മുഖ്യമന്ത്രി കാണിക്കുന്ന ലാഘവത്വം സംസ്ഥാനത്തെ ജനങ്ങള്‍ ഗൗരവത്തോടെ കാണണം.
സംശയനിവാരണത്തിന് വേണ്ടിയാണെങ്കില്‍ എന്തിനാണ് ജലീല്‍ തലയില്‍ മുണ്ടിട്ട് ഇഡിയുടെ ചോദ്യം ചെയ്യലിന് പോയത്. ഒന്നും മറയ്ക്കാനില്ലായിരുന്നില്ലെങ്കില്‍ സ്‌റ്റേറ്റ് കാറില്‍ പോയി ചോദ്യം ചെയ്യലിന് വിധേയനായി മാധ്യമപ്രവര്‍ത്തകരോട് കാര്യങ്ങള്‍ വിശദീകരിക്കണമായിരുന്നു.
മന്ത്രി ഇ.പി ജയരാജിന്റെ ഭാര്യ ലോക്കര്‍ പരിശോധിക്കാന്‍ ചെന്നതിനെയും മുഖ്യമന്ത്രി നിസാരവല്‍ക്കരിച്ചു. ബാങ്കിലെ സീനിയര്‍ മാനേജരായിരുന്ന മന്ത്രിയുടെ ഭാര്യക്ക് ലോക്കര്‍ ഉണ്ടെന്നുളളതില്‍ എന്താണ് ആശ്ചര്യമെന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നത്. കോവിഡ് പരിശോധനയ്ക്ക് വേണ്ടി സ്രവം എടുത്ത ശേഷം ക്വാറന്റീനില്‍ പ്രവേശിക്കേണ്ടയാള്‍ ലോക്കര്‍ തുറക്കേണ്ട എന്താവശ്യമാണ് ഉണ്ടായത് എന്നതാണ് അതിശയകരം.
ഒരു മന്ത്രി പുത്രന്‍ ലൈഫ് പദ്ധതിയില്‍ കമ്മിഷന്‍ വാങ്ങി എന്ന വാര്‍ത്ത പുറത്തുവന്ന സമയത്താണ് ഈ സംഭവമുണ്ടായത്. സഹപ്രവര്‍ത്തകരെ പറ്റി ആരോപണങ്ങള്‍ ഉയരുമ്പോള്‍ അതേപറ്റി അന്വേഷിച്ച് നിജസ്ഥിതി ജനങ്ങളെ അറിയിക്കേണ്ട മുഖ്യമന്ത്രി സാങ്കല്പിക കഥയെന്ന് പറഞ്ഞ് വസ്തുകള്‍ മറച്ചുപിടിക്കുന്നത് എന്തിനാണെന്നും ചെന്നിത്തല ചോദിച്ചു.
സമരം ചെയ്യുന്നവരെ തല്ലിച്ചതയ്ക്കുന്ന ഭീകര ഭരണകൂടമായി ഇടതുസര്‍ക്കാര്‍ മാറിയെന്നും ചെന്നിത്തല ആരോപിച്ചു. സമരം ചെയ്യുന്നവരെ തോക്കും ലാത്തിയും ഉപയോഗിച്ച് അടിച്ചമര്‍ത്തുന്ന കിരാത നയം കേരളത്തിലെ ജനങ്ങള്‍ അംഗീകരിച്ചുകൊടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button